ജഡ്ജിപുത്രന്റെ വാഹനമിടിച്ച് മരണം: ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരാകണം, കേസ് ഡയറിയും സമർപ്പിക്കണം

കൊച്ചി: തട്ടുകട നടത്തിപ്പുകാരനായ ജയബാലകൃഷ്ണന്റെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിൽ, കാറോടിച്ച പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹർജി എറണാകുളം അഡീഷണൽ സെഷൻസ് കോടതി നാളെ വീണ്ടും പരിശോധിക്കും. കൗമാരക്കാരന്റെ സ്വകാര്യ വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച സംഭവത്തിൽ വിശദീകരണം നൽകാൻ അന്വേഷണ ഉദ്യോഗസ്ഥനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് ഡയറിയും ഇതോടൊപ്പം ഹാജരാക്കണം.
പ്രതിയായ കൗമാരക്കാരന്റെ വ്യക്തിപരമായ വിവരങ്ങൾ ചോർന്നതിനെതിരെ എന്ത് നടപടികളാണ് സ്വീകരിച്ചതെന്ന് കോടതി ആരാഞ്ഞു. പൊലീസ് നേരത്തെ സമർപ്പിച്ച ഹർജിയിലെ അപാകതകൾ ചൂണ്ടിക്കാട്ടി കോടതി വിമർശനം ഉന്നയിച്ചിരുന്നു. ഇതിനെത്തുടർന്ന് തിരുത്തലുകൾ വരുത്തി ഇന്നലെ സമർപ്പിച്ച ഹർജിയിൽ പതിനേഴുകാരന്റെ പേരുവിവരങ്ങൾ ഉൾപ്പെടുത്തിയിട്ടില്ല.
അപകടസമയത്ത് കാർ ഓടിക്കുന്നതിനിടയിൽ പ്രതി ഒരു കൈ വിട്ട് സെൽഫി എടുത്തിരുന്നുവെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ശക്തമായ മഴ ഉണ്ടായിരുന്നിട്ടും 108 കിലോമീറ്റർ വേഗതയിലാണ് വാഹനം പായുന്നത്. അന്വേഷണം പ്രാഥമിക തലത്തിൽ മാത്രം നിൽക്കുമ്പോൾ തന്നെ ജുവനൈൽ ജസ്റ്റിസ് ബോർഡ് പ്രതിക്ക് ജാമ്യം അനുവദിച്ചതിനെ പ്രോസിക്യൂഷൻ ചോദ്യം ചെയ്തു. വാഹനം ഓടിക്കുമ്പോൾ സ്പീഡോമീറ്ററിന്റെ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത കാര്യം ജുവനൈൽ ജസ്റ്റിസ് ബോർഡ് പരിഗണിച്ചില്ലെന്നും, ഇക്കാര്യം ഗൗരവമായി പരിശോധിക്കണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
ഇൻസ്റ്റ വീഡിയോ നീക്കിയത് തെളിവു നശിപ്പിക്കൽ
ജാമ്യം ലഭിച്ചതിനു പിന്നാലെ പ്രതി ഇൻസ്റ്റഗ്രാമിലെ വീഡിയോ നീക്കം ചെയ്തത് തെളിവ് നശിപ്പിക്കുന്നതിന് തുല്യമാണെന്ന് കോടതി നിരീക്ഷിച്ചു. എന്നാൽ, കുടുംബത്തിന്റെ സ്വകാര്യത കണക്കിലെടുത്താണ് അക്കൗണ്ട് ഒഴിവാക്കിയതെന്ന് പ്രതിഭാഗം അഭിഭാഷകർ വാദിച്ചു.
തീരുമാനിക്കുന്നത് കോടതി, സമൂഹമല്ല
നരഹത്യാക്കുറ്റം ചുമത്തിയ കേസിൽ ജാമ്യം നൽകാൻ ജുവനൈൽ ജസ്റ്റിസ് ബോർഡിന് അധികാരമില്ലെന്ന് കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ കുടുംബം വാദിച്ചു. പൊതുസമൂഹത്തിൽ ഉയരുന്ന പ്രതിഷേധങ്ങളെക്കുറിച്ചും അവർ സൂചിപ്പിച്ചു. എന്നാൽ, കേസിൽ വിധി പറയുന്നത് നീതിപീഠമാണെന്നും പൊതുജനാഭിപ്രായമോ സമൂഹമാധ്യമങ്ങളിലെ പ്രചരണങ്ങളോ അതിനെ സ്വാധീനിക്കില്ലെന്നും കോടതി വ്യക്തമാക്കി. അപകടം നടന്നയുടൻ പൊലീസ് പ്രതിയുടെ പിതാവായ ജഡ്ജിയെയാണ് ആദ്യം വിവരം അറിയിച്ചതെന്നും തെളിവുകൾ നശിപ്പിക്കപ്പെട്ടെന്നും പരാതി ഉയർന്നിരുന്നു. പ്രായപൂർത്തിയാകാത്ത ഒരാൾ അപകടത്തിൽപ്പെട്ടാൽ വിവരമറിയിക്കേണ്ടത് രക്ഷിതാക്കളെയാണെന്ന് കോടതി ഇതിന് മറുപടിയായി പറഞ്ഞു.




