പി.എസ്.സി റാങ്ക് ലിസ്റ്റ് അട്ടിമറി: അയോഗ്യരും പട്ടികയിൽ, വിജ്ഞാപനത്തിലും തിരിമറി

തിരുവനന്തപുരം: അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ തസ്തികയിലേക്ക് തങ്ങളുടെ ഇഷ്ടക്കാർക്ക് നിയമനം ലഭിക്കുന്നതിനായി പി.എസ്.സിയിലെ ഉന്നതർ ഔദ്യോഗിക വിജ്ഞാപനത്തിൽ പോലും തിരുത്തലുകൾ വരുത്തിയതായി റിപ്പോർട്ട്.
നിയമന നടപടികളിലും പരീക്ഷാ നടത്തിപ്പിലും നടന്ന വ്യാപക ക്രമക്കേടുകൾക്ക് പിന്നിൽ പി.എസ്.സി ചെയർമാൻ, രാഷ്ട്രീയ പശ്ചാത്തലമുള്ള മൂന്ന് അംഗങ്ങൾ, നിലവിൽ അറസ്റ്റിലായ രണ്ട് ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന ആറംഗ സംഘമാണെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) കണ്ടെത്തിയിട്ടുണ്ട്. പി.എസ്.സി സെക്രട്ടറിയെ പൂർണ്ണമായും ഒഴിവാക്കി ഇവർ മാത്രമാണ് തട്ടിപ്പുകൾക്ക് ചുക്കാൻ പിടിച്ചിരുന്നത്.
നാലാമത്തെ കേസിന്റെ അന്വേഷണത്തിലാണ് വിജ്ഞാപനത്തിലെ കൃത്രിമം വെളിച്ചത്തുവന്നത്. അപേക്ഷ അയക്കുന്നതിനുള്ള അവസാന തീയതിക്ക് തൊട്ടുമുമ്പ് വിദ്യാഭ്യാസ യോഗ്യതയിൽ രണ്ട് കോഴ്സുകൾ കൂടി അധികമായി കൂട്ടിച്ചേർത്തു. കൂടാതെ, ശാരീരിക യോഗ്യതയില്ലാത്തവർക്കും അവസരം നൽകുന്ന രീതിയിൽ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി. ‘എസ്കാം വേദ ഓൺലൈൻ സ്റ്റഡി മെറ്റീരിയൽ പ്രൊവൈഡേഴ്സ്’, ‘സാൻഫോൺഡറി ഡോട്ട് കോം’ എന്നീ വെബ്സൈറ്റുകളിൽ നിന്ന് 45 ചോദ്യങ്ങൾ അതേപടി പകർത്തിയതായും എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു.
2024 സെപ്തംബർ രണ്ടിന് പുറത്തിറക്കിയ റാങ്ക് ലിസ്റ്റിൽ നിന്ന് യോഗ്യതയില്ലാത്ത ഉദ്യോഗാർത്ഥികളെ നിയമിച്ചതായും എഫ്.ഐ.ആറിൽ പരാമർശമുണ്ട്. പെരുമ്പാവൂർ സ്വദേശി രാഹുൽ രാജിന്റെ പരാതിയിൻമേലാണ് നടപടികൾ. ഉദ്യോഗസ്ഥരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും പേരുകൾ വ്യക്തമാക്കിയിട്ടില്ല. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എസ്.എ.പ്രദീപ് കുമാറിന്റെ നേതൃത്വത്തിലാണ് കേസിന്റെ അന്വേഷണം നടക്കുന്നത്.
സെക്രട്ടറിക്ക് പങ്കില്ലെന്ന്
പി.എസ്.സി സെക്രട്ടറി സാജു ജോർജ്ജിനെ മൂന്ന് മണിക്കൂറോളം അന്വേഷണ സംഘം ചോദ്യം ചെയ്തു. ചെയർമാന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അഴിമതിയുടെ നിർണ്ണായക വിവരങ്ങളും രേഖകളും അദ്ദേഹം കൈമാറി. തട്ടിപ്പിൽ സെക്രട്ടറിക്ക് നേരിട്ട് പങ്കില്ലെന്നാണ് എസ്.ഐ.ടിയുടെ വിലയിരുത്തൽ. അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പി.എസ്.സിയിൽ നിന്ന് രേഖകൾ ശേഖരിക്കുന്നതിനായി നിയോഗിച്ച പ്രത്യേക സെല്ലിന്റെ മേധാവി കൂടിയായിരുന്നു അദ്ദേഹം. പരീക്ഷാ കൺട്രോളർ ബിനി കെ.എബ്രഹാമിനെ ചൊവ്വാഴ്ച ചോദ്യം ചെയ്യും. കൂടാതെ, മറ്റ് ഉദ്യോഗസ്ഥരെ തിങ്കളാഴ്ച ചോദ്യം ചെയ്യുന്നതിനും 12 കമ്മീഷൻ അംഗങ്ങൾക്ക് നോട്ടിസ് നൽകാനും തീരുമാനിച്ചിട്ടുണ്ട്.
ആറംഗ കോർ ഗ്രൂപ്പിന്റെ
വരുതിയിൽ പരീക്ഷ
ചോദ്യപ്പേപ്പർ തയ്യാറാക്കൽ, ഇന്റർവ്യൂ ബോർഡ് രൂപീകരണം, മാർക്ക് നൽകൽ, റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരണം തുടങ്ങി നിയമനം വരെയുള്ള എല്ലാ ഘട്ടങ്ങളിലും ഈ ആറംഗ സംഘം ഇടപെട്ടിരുന്നു. ഈ വിഷയത്തിൽ പരീക്ഷാ കൺട്രോളർക്കും ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന് എസ്.ഐ.ടി ചൂണ്ടിക്കാട്ടുന്നു.
ഗവർണറുടെ അനുമതി
തേടിയേക്കും
പി.എസ്.സി ചെയർമാനെയും അംഗങ്ങളെയും കൂടുതൽ കേസുകളിൽ പ്രതിചേർക്കുന്നതിനും അറസ്റ്റ് ചെയ്യുന്നതിനുമായി ഗവർണറുടെ മുൻകൂർ അനുമതി തേടാൻ സാധ്യതയുണ്ട്. അഴിമതി നിരോധന നിയമത്തിലെ 17(എ) വകുപ്പ് പ്രകാരമാണിത്. മുൻപ് ആസൂത്രണ ബോർഡ് തട്ടിപ്പ് കേസിൽ അനുമതി വാങ്ങിയിരുന്നില്ല എന്നത് ഹൈക്കോടതിയിൽ വലിയ ചർച്ചയായിരുന്നു. ഈ വിഷയം കോടതി തിങ്കളാഴ്ച പരിഗണിക്കുന്നുണ്ട്. വിചാരണയ്ക്ക് മാത്രമാണ് മുൻകൂർ അനുമതി ആവശ്യമെന്നും അറസ്റ്റിന് അത് തടസ്സമല്ലെന്നുമാണ് ക്രൈംബ്രാഞ്ചിന് ലഭിച്ച നിയമോപദേശം.




