ഒളിമ്പിക് സ്വർണ്ണ ജേതാവിന്റെ പൗരത്വ അപേക്ഷ: തന്നെ മലയാളിയാക്കണമെന്ന് അഭ്യർത്ഥന

തിരുവനന്തപുരം: ”എനിക്ക് വീടോ സ്വത്തോ പണമോ ഒന്നും വേണ്ട, ഞാനൊരു മലയാളിയാണെന്ന് സർക്കാർ ഒന്ന് അംഗീകരിച്ചു തന്നാൽ മാത്രം മതി. ഈ ആഗ്രഹവുമായി അപേക്ഷ നൽകിയിട്ട് പത്തു വർഷം പിന്നിടുന്നു. കേരള സംസ്ഥാനത്തോളം തന്നെ പ്രായമുണ്ട് എനിക്കും…”
ഇതാണ് അലൻ സ്കോഫീൽഡിന്റെ തീരാത്ത സങ്കടവും ജീവിതാഭിലാഷവും. 1980-ലെ മോസ്കോ ഒളിമ്പിക്സിൽ സ്വർണ്ണ മെഡൽ കൊയ്ത ഇന്ത്യൻ ഹോക്കി ടീമിന്റെ ഗോൾ കീപ്പറായിരുന്നു ഇദ്ദേഹം. ഐറിഷ് വംശജനായ പിതാവിന്റെയും കോട്ടയംകാരിയായ മാതാവിന്റെയും മകനായി മൂന്നാറിന്റെ മണ്ണിൽ ജനിച്ചു വളർന്ന അലന് ഇന്ത്യൻ പൗരത്വം ഉണ്ടെങ്കിലും, ‘മലയാളി’ എന്ന ഔദ്യോഗിക പദവി മാത്രം ഇന്നും കിട്ടാക്കനിയായി തുടരുന്നു.
അലന്റെ പിതാവ് ജോർജ് സ്കോഫീൽഡ് ശ്രീലങ്കയിൽ ടീ പ്ലാന്ററായി ജോലി ചെയ്തിരുന്ന ആളാണ്. പിന്നീട് മൂന്നാറിലെ തോട്ടം മേഖലയിലേക്ക് ജോലി തേടിയെത്തിയ അദ്ദേഹം, കോട്ടയം കഞ്ഞിക്കുഴി സ്വദേശിനിയും നഴ്സുമായ ഗ്രേസ് തോമസിനെ വിവാഹം കഴിച്ചു. ഇവരുടെ ഏഴു മക്കളിൽ നാലാമനായി 1957 ജനുവരി 26-നാണ് അലൻ പിറന്നത്. കളമശേരി സെന്റ് ജോസഫ്സ് സ്കൂളിലായിരുന്നു വിദ്യാഭ്യാസം. അസ്സലായി മലയാളം സംസാരിക്കാനും, മലയാളം ഗാനങ്ങൾ മൗത്ത് ഓർഗനിൽ വായിക്കാനും അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ട്.
കൗമാരപ്രായത്തിൽ കുടുംബം ബംഗളൂരുവിലേക്ക് താമസം മാറിയതോടെയാണ് അലൻ ഹോക്കിയിൽ സജീവമായത്. പിന്നീട് നാവികസേനയിൽ ജോലി ലഭിച്ച അദ്ദേഹം സർവീസസ് ഹോക്കി ടീമിലെത്തി. തകർപ്പൻ പ്രകടനത്തിലൂടെ ഇന്ത്യൻ ടീമിന്റെ ഗോൾകീപ്പർ സ്ഥാനവും അലങ്കരിച്ചു. ഔദ്യോഗികമായി സർക്കാർ മലയാളിയെന്ന് അംഗീകരിച്ചില്ലെങ്കിലും, അന്ന് മാധ്യമങ്ങൾ അദ്ദേഹത്തെ വിശേഷിപ്പിച്ചത് ഒളിമ്പിക് സ്വർണം നേടിയ ആദ്യ മലയാളി എന്നാണ്.
നാവികസേനാ ജീവിതത്തിന് വിരമിച്ച ശേഷമാണ് മലയാളിയെന്ന അംഗീകാരം ഔദ്യോഗികമായി ലഭിക്കുന്നതിനായി അലൻ പരിശ്രമങ്ങൾ തുടങ്ങിയത്. 2016-ൽ മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽക്കണ്ട് അപേക്ഷ സമർപ്പിച്ചുവെങ്കിലും നടപടികൾ ഇഴഞ്ഞുനീങ്ങി. കായിക കൗൺസിലിന്റെയും ഡയറക്ടറേറ്റിന്റെയും പടികൾ കയറിയിറങ്ങിയത് മാത്രമാണ് ബാക്കി.
നായനാർ പറഞ്ഞു, ‘ഓൻ മ്മടെ ആളാ…’
ഒളിമ്പിക്സിൽ സ്വർണം നേടിയ കാലത്ത് അലനെയും തമിഴ്നാട് സ്വദേശിയായ ഇന്ത്യൻ ക്യാപ്റ്റൻ ഭാസ്കരനെയും കേരള സർക്കാർ ഒരു സ്വീകരണ ചടങ്ങിൽ ആദരിച്ചിരുന്നു. ആ വേദിയിൽ അലൻ ശുദ്ധമലയാളത്തിൽ സംസാരിക്കുന്നത് കേട്ട അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാർ, ”ഓൻ മ്മടെ ആളാ…” എന്ന് വാത്സല്യത്തോടെ വിശേഷിപ്പിച്ചത് അലൻ ഇപ്പോഴും ഓർക്കുന്നു. കേരളത്തിലെ കുട്ടികൾക്ക് ഹോക്കി പരിശീലനം നൽകാൻ അന്ന് നായനാർ ക്ഷണിച്ചപ്പോൾ സന്തോഷത്തോടെ അലൻ അത് സ്വീകരിക്കുകയും ചെയ്തിരുന്നു. അലന്റെ ഹോക്കി പ്രകടനങ്ങൾ അടങ്ങിയ വീഡിയോ സ്കൂളുകളിൽ പ്രദർശിപ്പിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നായനാർ നിർദ്ദേശവും നൽകിയതാണ്. എന്നാൽ, ആ വാഗ്ദാനങ്ങളെല്ലാം വെറും വാക്കുകളായി ഒതുങ്ങുകയായിരുന്നു.




