കേരളപ്പിറവി ദിനത്തിൽ പവർകട്ടില്ല; ഒരാഴ്ചത്തെ വൈദ്യുതി കരുതൽ ശേഖരമെന്ന് കെഎസ്ഇബി

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കേരളപ്പിറവി ദിനത്തിൽ സംസ്ഥാനത്ത് വൈദ്യുതി മുടക്കം ഉണ്ടാവില്ലെന്ന് കെ.എസ്.ഇ.ബി വ്യക്തമാക്കി. വരും ദിവസങ്ങളിൽ ആവശ്യമായ വൈദ്യുതി തടസ്സമില്ലാതെ ലഭ്യമാകുമെന്നും, ഒരാഴ്ചത്തേക്ക് വൈദ്യുതിക്ഷാമം അനുഭവപ്പെടില്ലെന്നും അധികൃതർ അറിയിച്ചു. ഏകദേശം 600 മെഗാവാട്ട് വൈദ്യുതി അധികമായി ലഭിക്കുന്നതോടെ നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസം ലഭിക്കുമെന്ന് കെ.എസ്.ഇ.ബി ഉറപ്പുനൽകുന്നു.
പവർ എക്സ്ചേഞ്ച് വഴി തത്സമയ വിപണിയിൽ നിന്ന് 600 മെഗാവാട്ട് വൈദ്യുതി ലഭ്യമാകുമെന്നാണ് കെ.എസ്.ഇ.ബിയുടെ പ്രതീക്ഷ. ജനറൽ ആക്സസ് നെറ്റ് വർക്ക് മുഖേന യൂണിറ്റ് ഒന്നിന് 8.65 രൂപ നിരക്കിലാണ് വൈദ്യുതി ലഭ്യമാക്കുക. ഇതിൽ 500 മെഗാവാട്ട് വരെ വൈദ്യുതി ലഭ്യമാക്കാൻ ധാരണയായിട്ടുണ്ട്. ഇതിനുപുറമെ, വൈകുന്നേരങ്ങളിലെ ഉയർന്ന ഉപഭോഗം (പീക്ക് സമയം) നേരിടുന്നതിനായി 300 മെഗാവാട്ട് വൈദ്യുതിയും കെ.എസ്.ഇ.ബി ഇതിനോടകം ഉറപ്പുവരുത്തിയിട്ടുണ്ട്. 4.99 രൂപ മുതൽ 10 രൂപ വരെ നിരക്കിലാണ് ഈ വൈദ്യുതി വാങ്ങുന്നത്. വൈദ്യുതി ഉപഭോഗത്തിൽ പെട്ടെന്ന് വർദ്ധനവുണ്ടായാൽ ഒന്നര മണിക്കൂർ മുൻകൂട്ടി വൈദ്യുതി വാങ്ങാനുള്ള സംവിധാനവും സജ്ജമാണ്. നാളെ പ്രതീക്ഷിക്കുന്ന ഏകദേശം 700 മെഗാവാട്ടിന്റെ കുറവ് ഈ മാർഗങ്ങളിലൂടെ പരിഹരിക്കാൻ സാധിക്കുമെന്നാണ് കെ.എസ്.ഇ.ബിയുടെ കണക്കുകൂട്ടൽ.




