CINEMA

2026-ൽ വിവാഹിതയാകും; ഭാവി വരനെക്കുറിച്ച് മനസ്സ് തുറന്ന് റിമി ടോമി


റിമി ടോമി Image Credit : Facebook

താൻ വീണ്ടും വിവാഹിതയാകാൻ പോകുന്നു എന്ന സന്തോഷകരമായ വിശേഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് പ്രിയഗായിക റിമി ടോമി. തന്റെ ഔദ്യോഗിക യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ട പുതിയ വീഡിയോയിലൂടെയാണ് റിമി തന്റെ വിവാഹ തീരുമാനത്തെക്കുറിച്ച് മനസ്സ് തുറന്നത്. വൈകാതെ തന്നെ വിവാഹം ഉണ്ടാവുമെന്നും താരം വ്യക്തമാക്കി.

എപ്പോഴും തന്റെ കുടുംബം കൂടെയുണ്ടായിരുന്നെങ്കിലും, ജീവിതത്തിൽ ഒരു പങ്കാളിയുടെ അഭാവം താൻ തിരിച്ചറിഞ്ഞിരുന്നു. ആ ഒരു വിടവ് നികത്താൻ ഒരാൾക്ക് മാത്രമേ കഴിയൂ എന്ന് തോന്നിയിരുന്നു. അങ്ങനെയിരിക്കെ 2026-ൽ ഒരാൾ തന്റെ ജീവിതത്തിലേക്ക് കടന്നുവന്നുവെന്ന് റിമി പറയുന്നു. വരാനിരിക്കുന്ന പങ്കാളിയെക്കുറിച്ച് ഇപ്പോൾ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ താരം തയ്യാറായില്ല. എന്നാൽ, അയാൾ ഒരു താരമോ ഗായകനോ പ്രശസ്തനായ വ്യക്തിയോ കോടീശ്വരനോ ഒന്നുമല്ലെന്നും റിമി വ്യക്തമാക്കി.

ഒരു ജീവിതപങ്കാളിയെ അത്ര എളുപ്പത്തിൽ തിരഞ്ഞെടുക്കാൻ സാധിക്കില്ലല്ലോ. സമാധാനത്തോടെയും സന്തോഷത്തോടെയും ഒരുമിച്ച് ജീവിക്കാൻ കഴിയുന്ന, ഒരേ ചിന്താഗതി പങ്കുവെക്കുന്ന, ജീവിതത്തിൽ മുന്നേറാൻ പിന്തുണ നൽകുന്ന ഒരാളെ ദൈവം തന്നതുപോലെയാണ് തനിക്ക് അനുഭവപ്പെടുന്നതെന്ന് റിമി പറയുന്നു. എല്ലാം മുന്നോട്ട് പോകുമ്പോൾ മാത്രമേ പൂർണ്ണമായി മനസ്സിലാക്കാൻ സാധിക്കൂ. പരസ്പരം മനസ്സിലാക്കി, ജീവിതത്തിലെ ഗുണദോഷങ്ങൾ തിരിച്ചറിഞ്ഞ ശേഷമാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തിയത്. എല്ലാം ദൈവഹിതമാണെന്നും ശുഭപ്രതീക്ഷയോടെയാണ് ജീവിതത്തിന്റെ പുതിയ അധ്യായത്തിലേക്ക് കാലെടുത്തുവെക്കുന്നതെന്നും റിമി ടോമി കൂട്ടിച്ചേർത്തു.

Business ⏭️

Back to top button