ബെംഗളൂരു യാത്രാസമയം ഏഴ് മണിക്കൂറാക്കാൻ നീക്കം; പാളംതെറ്റിയ പദ്ധതി പുനരുജ്ജീവിപ്പിക്കുന്നു

കാഞ്ഞങ്ങാട്–കാണിയൂർ റെയിൽവേ പാത യാഥാർത്ഥ്യമാക്കണമെന്ന ആവശ്യം വീണ്ടും ശക്തമാകുകയാണ്. കർണാടകയുടെ എതിർപ്പിനെത്തുടർന്ന് തടസ്സപ്പെട്ട ഈ സുപ്രധാന പദ്ധതിക്ക് പുനർജീവൻ നൽകാനുള്ള തീവ്രശ്രമത്തിലാണ് ജനപ്രതിനിധികൾ. ഇതിന്റെ ഭാഗമായി കാഞ്ഞങ്ങാടുനിന്നുള്ള യുഡിഎഫ് പ്രതിനിധി സംഘം മുഖ്യമന്ത്രിയെ നേരിൽക്കണ്ട് നിവേദനം സമർപ്പിച്ചു. ഇരു സംസ്ഥാനങ്ങളിലും കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാരുകൾ അധികാരത്തിലിരിക്കുന്നത് പദ്ധതിയുടെ മുന്നോട്ടുള്ള പോക്കിന് വലിയൊരു അനുകൂല സാഹചര്യമാകുമെന്നാണ് നിവേദക സംഘത്തിന്റെ വിശ്വാസം. കേരളം കൂടുതൽ സമ്മർദ്ദം ചെലുത്തിയാൽ കർണാടക സർക്കാരിൽ നിന്നും അനുകൂലമായ നിലപാടുണ്ടാകുമെന്നും അവർ കരുതുന്നു. മുഖ്യമന്ത്രിയിൽനിന്ന് ലഭിച്ച ഉറപ്പ് പദ്ധതിയുടെ കാര്യത്തിൽ പുതിയ പ്രതീക്ഷകൾ നൽകുന്നുണ്ട്.
2014-15 കാലഘട്ടത്തിലാണ് കാഞ്ഞങ്ങാട്–കാണിയൂർ പാതയുടെ സർവേ നടപടികൾക്കായി റെയിൽവേയുടെ അനുമതി ലഭിച്ചത്. റെയിൽവേ ബോർഡിന്റെ സജീവ പരിഗണനയിൽ നിലനിൽക്കുന്ന ഈ പദ്ധതിക്ക് ആകെ 91 കിലോമീറ്റർ ദൈർഘ്യമാണുള്ളത്. ഇതിൽ 50 കിലോമീറ്റർ കേരളത്തിലൂടെയും ബാക്കി 41 കിലോമീറ്റർ കർണാടകയിലൂടെയുമാണ് കടന്നുപോകുന്നത്. നേരത്തെ റെയിൽവേ നടത്തിയ ശാസ്ത്രീയ സർവേയിൽ ഈ റെയിൽപാത ലാഭകരമാണെന്ന് കണ്ടെത്തിയതാണ്. കേരള സർക്കാർ ഈ പദ്ധതിക്ക് പൂർണ്ണ പിന്തുണ നൽകി റെയിൽവേയ്ക്ക് കത്തയച്ചിരുന്നെങ്കിലും കർണാടകയുടെ ഭാഗത്തുനിന്നുള്ള മൗനം പദ്ധതിയെ പ്രതിസന്ധിയിലാക്കി. സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട സാമ്പത്തിക വിഹിതത്തെക്കുറിച്ചുള്ള കൃത്യമായ വ്യക്തതയില്ലാത്തതും പദ്ധതിക്ക് തിരിച്ചടിയായി.
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും യുഡിഎഫ് കാഞ്ഞങ്ങാട് മണ്ഡലം ജനറൽ കൺവീനറുമായ ബഷീർ വെള്ളിക്കോത്ത്, ഡിസിസി ജനറൽ സെക്രട്ടറി പി.വി.സുരേഷ്, മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തകസമിതിയംഗം എം.പി.ജാഫർ, ലീഗ് നാഷനൽ കൗൺസിൽ അംഗവും മുനിസിപ്പൽ ചെയർമാനുമായ കെ.മുഹമ്മദ് കുഞ്ഞി, സംസ്കാര സാഹിതി ജില്ലാ പ്രസിഡന്റ് ബഷീർ ആറങ്ങാടി എന്നിവരടങ്ങുന്ന സംഘമാണ് നിവേദനം നൽകിയത്.




