എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് സമരം: നിരാഹാരത്തിനിടെ വളർമതിയെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി

വളർമതിയെ പൊലീസ് അറസ്റ്റുചെയ്ത് നീക്കുന്ന ദൃശ്യം, വളർമതിയുടെ ചിത്രം
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ ദീർഘനാളായി പ്രതിഷേധം നടത്തിവന്ന എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് സമരസമിതി സെക്രട്ടറി എസ്. വളർമതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. നിരാഹാര സമരത്തെ തുടർന്ന് ശാരീരികനില വഷളായതിനെത്തുടർന്ന് ഇവരെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. തലമുണ്ഡനം ചെയ്ത് വീറോടെ നടത്തിയിരുന്ന നിരാഹാര സമരം ആറാം ദിവസത്തിലേക്ക് കടന്നപ്പോഴാണ് പൊലീസിന്റെ ഇടപെടലുണ്ടായത്.
സെക്രട്ടറിയേറ്റിന് മുൻപിൽ സമരം നടത്തിയ എൽപിഎസ്ടി റാങ്ക് പട്ടികയിലുള്ളവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സമരസമിതി സെക്രട്ടറിയായ എസ്. വളർമതിയെ ഒന്നാം പ്രതിയാക്കിയാണ് നടപടി. ഇവരെ കൂടാതെ കണ്ടാൽ അറിയാവുന്ന അമ്പതോളം പേർക്കെതിരെയും കേസുകൾ ചുമത്തിയിട്ടുണ്ട്. സെക്രട്ടറിയേറ്റിന്റെ പ്രധാന കവാടത്തിന് മുന്നിലൂടെ പ്രതിഷേധ പ്രകടനം നടത്തിയെന്ന് ആരോപിച്ചാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കഴിഞ്ഞ 116 ദിവസങ്ങളായി തുടരുന്ന സമരമാണിത്. 2025 മെയ് മാസത്തിൽ കാലാവധി അവസാനിക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്ന് വളരെ കുറച്ചുപേർക്ക് മാത്രമാണ് ഇതുവരെ നിയമനം ലഭിച്ചത് എന്നതാണ് ഉദ്യോഗാർത്ഥികളുടെ പ്രധാന ആക്ഷേപം. പുല്ലും മണ്ണും കഴിച്ചുള്ള വേറിട്ട പ്രതിഷേധങ്ങളിലൂടെ അധികൃതരുടെ ശ്രദ്ധക്ഷണിക്കാൻ ഉദ്യോഗാർത്ഥികൾ ശ്രമിച്ചിരുന്നു. ഇതിനുപിന്നാലെയാണ് വളർമതി തലമുണ്ഡനം ചെയ്ത് നിരാഹാര സമരം ആരംഭിച്ചത്.




