കോട്ടയം–കൊല്ലം മെമു നിർത്തിയതിന് പിന്നിൽ രാജീവ് ചന്ദ്രശേഖർ: കൊടിക്കുന്നിൽ സുരേഷിന്റെ വിമർശനം

തിരുവനന്തപുരം∙ കൊല്ലം-കോട്ടയം മെമു ട്രെയിൻ എറണാകുളം വരെ നീട്ടിയ നടപടിക്കെതിരെ യാത്രക്കാരുടെ പ്രതിഷേധം ശക്തമായതോടെ, ഇതിന്റെ ക്രഡിറ്റ് ആർക്കാണെന്ന തർക്കത്തിൽ രാഷ്ട്രീയ നേതാക്കൾ തമ്മിലുള്ള പോര് സോഷ്യൽ മീഡിയയിൽ രൂക്ഷമായി. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ ‘അഭിനവ യൂദാസ്’ എന്ന് വിശേഷിപ്പിച്ചുകൊണ്ട് എംപി കൊടിക്കുന്നിൽ സുരേഷ് രംഗത്തെത്തിയത് വലിയ വിവാദമായിരിക്കുകയാണ്.
മെമു സർവീസ് നീട്ടിയതിന്റെ പേരിൽ കൊടിക്കുന്നിൽ സുരേഷ് ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിന് താഴെ, കോട്ടയം റൂട്ടിലെ യാത്രക്കാർ തങ്ങൾ നേരിടുന്ന ദുരിതങ്ങളെക്കുറിച്ച് വലിയ തോതിൽ പരാതിപ്പെട്ടിരുന്നു. ഈ പ്രതികരണങ്ങൾക്കുള്ള മറുപടിയിലാണ്, താനല്ല ഇതിന് ഉത്തരവാദിയെന്നും ഇതിനു പിന്നിൽ രാജീവ് ചന്ദ്രശേഖറാണെന്നും കൊടിക്കുന്നിൽ ആരോപിച്ചത്. റെയിൽവേ മന്ത്രി അനുവദിച്ചത് പുതിയൊരു റേക്കായിരുന്നുവെന്നും, എന്നാൽ ‘അഭിനവ യൂദാസ്’ വേഷം കെട്ടിയ ബിജെപി അധ്യക്ഷൻ ഇടപെട്ടതാണ് കോട്ടയം-കൊല്ലം മെമു നിർത്തലാക്കാൻ കാരണമെന്നുമാണ് കൊടിക്കുന്നിൽ സുരേഷിന്റെ വാദം.
കൊല്ലം-എറണാകുളം റൂട്ടിലെ യാത്രാപ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി പുതിയൊരു മെമു ട്രെയിൻ അനുവദിച്ചു എന്ന മട്ടിലായിരുന്നു കൊടിക്കുന്നിൽ സമൂഹമാധ്യമത്തിൽ കുറിപ്പിട്ടത്. പുതിയ സർവീസിനായുള്ള ഫയലിൽ ഒപ്പുവെച്ചതിന് ശേഷം റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനൊപ്പം ഡൽഹി റെയിൽ ഭവനിൽ നിൽക്കുന്ന ചിത്രവും അദ്ദേഹം പങ്കുവെച്ചിരുന്നു.
പുതിയ ട്രെയിൻ അനുവദിച്ചുവെന്ന അവകാശവാദവുമായി കൊടിക്കുന്നിൽ സുരേഷും എൻ.കെ. പ്രേമചന്ദ്രനും രാജീവ് ചന്ദ്രശേഖറും തമ്മിൽ സോഷ്യൽ മീഡിയയിൽ മത്സരിക്കുന്നതിനിടെയാണ്, ട്രെയിൻ നീട്ടിയതുമായി ബന്ധപ്പെട്ടുള്ള പരാതികൾ നേതാക്കൾക്ക് തന്നെ വിനയായി മാറിയിരിക്കുന്നത്.




