NEWS
കാലിഫോർണിയയിൽ കാണാതായ ഇന്ത്യൻ വംശജയുടെ മൃതദേഹം കണ്ടെത്തി

കലിഫോർണിയയിൽ രണ്ട് മാസം മുൻപ് അപ്രത്യക്ഷയായ ഇന്ത്യൻ വംശജയായ വയോധികയുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഓഗസ്റ്റ് 23-ന് കാസ ഗ്രാൻഡെ അപ്പാർട്മെന്റിലെ വസതിയിൽ നിന്ന് പുറത്തിറങ്ങിയ ശേഷം കാണാതായ 72-കാരിയായ അജിത് കൗർ അന്തരിച്ചുവെന്ന് ബന്ധുക്കളും പൊലീസും വ്യക്തമാക്കുകയായിരുന്നു.
സെറസിലെ സെൻട്രൽ അവന്യൂവിനും കീസ് റോഡിനും സമീപമുള്ള ലോവർ ലാറ്ററൽ 3 കനാലിൽ പരിശോധന നടത്തുന്നതിനിടെ ടർലോക്ക് ഇറിഗേഷൻ ഡിസ്ട്രിക്റ്റ് (ടിഐഡി) ജീവനക്കാരനാണ് മൃതദേഹാവശിഷ്ടങ്ങൾ ആദ്യം ശ്രദ്ധയിൽപ്പെടുത്തിയത്. ഉടൻ തന്നെ വിവരം അറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ നടത്തിയ വിശദമായ പരിശോധനയിൽ കണ്ടെത്തിയത് അജിത് കൗറിന്റെ മൃതദേഹം തന്നെയാണെന്ന് സ്ഥിരീകരിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമായി തുടരുകയാണ്.




