വ്യാജ അക്കൗണ്ട് വിവാദം: മുന്നറിയിപ്പുമായി നടി ഋതിക സിംഗ്

ഋതിക സിംഗ്
തന്റെ പേര് ദുരുപയോഗം ചെയ്ത് സോഷ്യൽ മീഡിയയിൽ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കി, സബ്സ്ക്രിപ്ഷനുകളിലൂടെ സാമ്പത്തിക തട്ടിപ്പ് നടത്തുന്നതിനെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ച് നടി ഋതിക സിംഗ്. ഫേസ്ബുക്കിൽ തന്റെ പേരിൽ പ്രവർത്തിക്കുന്ന വ്യാജ പേജുകൾക്കെതിരെയാണ് താരം മുന്നറിയിപ്പുമായി എത്തിയിരിക്കുന്നത്. തനിക്ക് ഇൻസ്റ്റാഗ്രാമിൽ മാത്രമാണ് ഔദ്യോഗിക അക്കൗണ്ടുള്ളതെന്നും ഫേസ്ബുക്കിൽ താൻ അക്കൗണ്ട് തുടങ്ങിയിട്ടില്ലെന്നും താരം ഉറപ്പിച്ചു പറയുന്നു.
താരത്തിന്റെ വാക്കുകളിലേയ്ക്ക്
‘ഈ വീഡിയോ പങ്കുവെക്കുന്നതിന് പിന്നിൽ ഒരു പ്രധാന കാരണമുണ്ട്. നിലവിൽ നിങ്ങൾ കാണുന്ന ഈ അക്കൗണ്ട് മാത്രമാണ് എന്റേതായിട്ടുള്ളത്. ബ്ലൂ ടിക്കോട് കൂടി വെരിഫൈ ചെയ്ത അക്കൗണ്ടാണിത്. ഇതിൽ പ്രത്യക്ഷപ്പെടുന്ന എല്ലാ കാര്യങ്ങളും ഞാൻ നേരിട്ട് പോസ്റ്റ് ചെയ്യുന്നതാണ്. എന്നാൽ ഫേസ്ബുക്കിൽ എന്റെ പേരിൽ സബ്സ്ക്രിപ്ഷൻ മോഡലിൽ ഒരു പേജ് പ്രവർത്തിക്കുന്നുണ്ട്. മാസത്തിൽ 400 രൂപയാണ് ഇതിനായി ഈടാക്കുന്നത്. വെരിഫൈഡ് അല്ലാത്ത ആ പേജിനായി നിരവധി ആളുകൾ പണം നൽകുന്നുണ്ടെന്നത് ഞെട്ടിപ്പിക്കുന്നതാണ്.
എന്റെ പേര് പോലും കൃത്യമായ സ്പെല്ലിംഗിൽ അല്ല അവിടെ നൽകിയിരിക്കുന്നത്. പണം മുടക്കുന്നവർ ഇത്തരം കാര്യങ്ങളിൽ അല്പമെങ്കിലും ജാഗ്രത പുലർത്തണം. ആദ്യം ഇതൊന്നും ഗൗനിക്കേണ്ടെന്ന് കരുതിയതാണ്, സമയം ചെല്ലുമ്പോൾ ഇതെല്ലാം അവസാനിക്കുമെന്ന് വിചാരിച്ചു. എന്നാൽ ഇപ്പോൾ കാര്യങ്ങൾ വ്യക്തിഹത്യയിലേക്ക് നീങ്ങുകയാണ്. അതീവ ശ്രദ്ധയോടെ നിർമ്മിച്ച എഐ വീഡിയോകളാണ് പ്രചരിക്കുന്നത്. അവ കണ്ടാൽ പോലും അത് ഞാനല്ലെന്ന് വിശ്വസിക്കാൻ പ്രയാസമാണ്. ഇതെല്ലാം എങ്ങനെയാണ് നടക്കുന്നതെന്ന് എനിക്ക് തന്നെ അത്ഭുതം തോന്നുന്നു. വെരിഫിക്കേഷൻ പോലുമില്ലാത്ത വ്യാജ അക്കൗണ്ടുകൾക്ക് ഇത്തരത്തിൽ പണം പിരിക്കാൻ എങ്ങനെ അനുമതി ലഭിക്കുന്നുവെന്നതാണ് ചോദ്യം.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ വിശ്വസിക്കാൻ കഴിയാത്ത വിധം വളർന്നു കഴിഞ്ഞു. ആ വീഡിയോകൾ കണ്ടാൽ എന്റെ വീട്ടുകാർക്ക് പോലും തിരിച്ചറിയാൻ കഴിയില്ല. ഇത് എന്റെ സൽപ്പേരിനെ വലിയ രീതിയിൽ ബാധിക്കുന്നുണ്ട്. ആ പേജുകൾക്ക് കൂടുതൽ പ്രചാരം നൽകാൻ ആഗ്രഹിക്കാത്തതുകൊണ്ടാണ് അവയുടെ പേര് ഇവിടെ വെളിപ്പെടുത്താത്തത്. അത്തരം അക്കൗണ്ടുകളിൽ വീഴാതിരിക്കുക, സബ്സ്ക്രിപ്ഷനുകൾ എടുക്കാതിരിക്കുക. ഇത്തരം പേജുകളെ റിപ്പോർട്ട് ചെയ്ത് ഇല്ലാതാക്കാൻ എല്ലാവരും എന്നെ സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. നന്ദി’.




