NEWS

ഇരുപത് അടി ഉയരമുള്ള ഷെഡിന്റെ മുകളിൽ കുടുങ്ങിയ മൂന്നുവയസുകാരിക്ക് അത്ഭുതകരമായ രക്ഷപ്പെടൽ

കുട്ടിയെ രക്ഷപ്പെടുത്താനുള്ള സാഹസിക ശ്രമം

പാലക്കാട്: വീടിന്റെ ഷീറ്റിട്ട മേൽക്കൂരയിലേക്ക് അപ്രതീക്ഷിതമായി കയറിയ മൂന്നു വയസ്സുകാരിയെ അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. പാലക്കാട് അലനല്ലൂർ എസ്റ്റേറ്റ് പടിയിൽ ഇന്നലെ വൈകുന്നേരം നാല് മണിയോടെയായിരുന്നു ഏവരെയും മുൾമുനയിൽ നിർത്തിയ സംഭവം നടന്നത്. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.

പ്ലാസ്റ്റിക് മാലിന്യങ്ങൾ തരംതിരിക്കുന്ന കേന്ദ്രം പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ മുകൾഭാഗത്താണ് കുട്ടി അബദ്ധവശാൽ എത്തിപ്പെട്ടത്. ഇവിടെ ജോലി ചെയ്യുന്ന അസം സ്വദേശികളായ ദമ്പതികളുടെ മകളാണ് ഈ പിഞ്ചുകുട്ടി. കെട്ടിടത്തോട് ചേർന്ന് താൽക്കാലികമായി സ്ഥാപിച്ചിരുന്ന ഷീറ്റിലൂടെ വലിഞ്ഞുകയറിയ കുഞ്ഞ്, ഏകദേശം 20 അടിയോളം ഉയരമുള്ള ഷെഡിന്റെ മുകൾഭാഗത്ത് എത്തുകയായിരുന്നു. ഇതുകണ്ട പരിസരവാസികൾ പരിഭ്രമത്തോടെ ഓടിയെത്തിയെങ്കിലും കുട്ടിയെ താഴെയിറക്കാൻ കഴിയാതെ പകച്ചുനിന്നു. കുട്ടിയുടെ ജീവൻ അപകടത്തിലായെന്ന് ഭയന്ന സ്ത്രീകളും നാട്ടുകാരും അലമുറയിട്ട് കരഞ്ഞു.

തുടർന്ന്, അവിടെയുണ്ടായിരുന്ന നിർമ്മാണ തൊഴിലാളിയായ അത്താണിപ്പടി നന്നങ്ങാടിക്കുന്ന് സ്വദേശി ഷിഹാബ് അവസരോചിതമായി ഇടപെടുകയായിരുന്നു. ഏറെ സാഹസികമായി ഷെഡിന്റെ മുകളിലേക്ക് കയറിയ അദ്ദേഹം കുട്ടിയെ സുരക്ഷിതമായി താഴെ എത്തിച്ചു. അത്ഭുതകരമായ രക്ഷപ്പെടുത്തലിന് ശേഷം പരിശോധിച്ചപ്പോൾ കുട്ടിക്ക് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ചു.

Sports ⏭️

Read News ⏭️

Back to top button