മമ്മൂട്ടി വിഷയത്തിൽ കെ. റഫീഖിന്റെ പ്രതികരണം: വിവാദം ആളിക്കത്തിക്കാൻ ശ്രമമെന്ന് ആരോപണം

ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതാക്കൾ നടൻ മമ്മൂട്ടിയുമായി കൂടിക്കാഴ്ച നടത്തിയതിനെ തുടർന്നുണ്ടായ സൈബർ ആക്രമണങ്ങളിൽ നിലപാടുകൾ വ്യക്തമാക്കി സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖ് രംഗത്തെത്തി. വയനാട് ടൗൺഷിപ്പ് സന്ദർശനവുമായി ബന്ധപ്പെട്ട് മമ്മൂട്ടിക്കെതിരെ വീണ്ടും ഉയർന്നുതുടങ്ങിയ സൈബർ വിമർശനങ്ങളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. മമ്മൂട്ടിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ അന്നുതന്നെ കൃത്യമായ വിശദീകരണങ്ങളോടെ അവസാനിപ്പിച്ചതാണെന്ന് റഫീഖ് ഓർമ്മിപ്പിച്ചു. ഇത്തരം അനാവശ്യ വിവാദങ്ങൾ രാഷ്ട്രീയമായ ലക്ഷ്യങ്ങളിൽ നിന്ന് പൊതുശ്രദ്ധ തിരിച്ചുവിടാൻ മാത്രമേ സഹായിക്കുകയുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതിസന്ധികളെ സ്വന്തം താല്പര്യങ്ങൾക്കായി ഉപയോഗിക്കാൻ കാത്തിരിക്കുന്നവർ, തെറ്റായ പ്രചാരണങ്ങളിലൂടെ ഈ വിഷയത്തിൽ കൂടുതൽ ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും റഫീഖ് വിമർശിച്ചു. അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണരൂപം താഴെ നൽകുന്നു:
‘‘മമ്മൂട്ടിയുമായി ബന്ധപ്പെട്ട നിലവിലെ ചർച്ചകളിൽ എന്റെ പേരും പരാമർശിക്കപ്പെടുന്നതുകൊണ്ടാണ് ഈ വിഷയത്തിൽ വീണ്ടും ഒരു വിശദീകരണം നൽകാൻ നിർബന്ധിതനാകുന്നത്. പ്രിയപ്പെട്ട മമ്മൂക്കയുടെ വയനാട് സന്ദർശനവുമായി ഉയർന്നു വന്ന വിവാദങ്ങൾക്ക് അന്ന് തന്നെ കൃത്യമായ മറുപടി നൽകി വിഷയം അവസാനിപ്പിച്ചതാണ്. അദ്ദേഹം നേരിട്ട് വിഡിയോ കോൾ വഴി സംസാരിച്ചതടക്കമുള്ള കാര്യങ്ങൾ വ്യക്തമാക്കി, ആ വിഷയത്തിൽ അന്ന് തന്നെ എല്ലാവരോടുമായി വിശദീകരണം പങ്കുവെക്കുകയും ചെയ്തിരുന്നു. ഈ വിഷയത്തിൽ നടന്നുവരുന്ന വാദപ്രതിവാദങ്ങളും ചർച്ചകളും പൂർണ്ണമായും അവസാനിപ്പിക്കണമെന്ന് അന്ന് അഭ്യർത്ഥിച്ചതുപോലെ തന്നെ ഇപ്പോഴും എല്ലാ സുഹൃത്തുക്കളോടും ആവശ്യപ്പെടുന്നു. ഈ വിഷയം വിശദീകരിച്ച സന്ദർഭത്തിൽ വ്യക്തമാക്കിയ കാര്യങ്ങൾ തന്നെയാണ് ആവർത്തിക്കുന്നത്.’’




