നിപ മരുന്ന് പരീക്ഷണം: മന്ത്രിയുടെ ആരോപണവും ആരോഗ്യവിദഗ്ധരുടെ മറുപടിയും

കോഴിക്കോട് മെഡിക്കൽ കോളേജിൽ നിപ്പ ബാധിച്ചവർക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയെന്ന പരാതിയിൽ കൂടുതൽ വിശദീകരണവുമായി ആരോഗ്യമന്ത്രി കെ. മുരളീധരൻ രംഗത്തെത്തി. രോഗികൾക്ക് ക്ലിനിക്കൽ ട്രയലിന്റെ ഭാഗമായ മരുന്നാണോ നൽകിയതെന്ന കാര്യത്തിൽ ആശങ്കയുണ്ടെന്ന് വ്യക്തമാക്കിയ മന്ത്രി, ആശുപത്രി സൂപ്രണ്ട് കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൃത്യമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് മാധ്യമങ്ങളോട് പറഞ്ഞു.
ഔദ്യോഗിക രേഖകളിൽ മരുന്നിന്റെ നിർമ്മാണ തീയതിയും കാലാവധി തീരുന്ന തീയതിയും വ്യക്തമായിരിക്കണമെന്നിരിക്കെ, നിർമ്മാണ തീയതി പോലുമില്ലാത്ത മരുന്നാണ് വിതരണത്തിന് എത്തിയത്. മുൻ സർക്കാരിന്റെ ഭരണകാലത്താണ് വിദേശ മരുന്ന് കമ്പനികളുമായി വലിയ തോതിൽ ഇടപാടുകൾ നടന്നിട്ടുള്ളത്. ഈ ഇടപാടുകളിൽ ഉൾപ്പെട്ട ഇടനിലക്കാരെക്കുറിച്ചും മറ്റ് ദുരൂഹതകളെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
നിയമസഭയിൽ വെച്ചാണ് നിപ്പ രോഗികൾക്ക് കാലഹരണപ്പെട്ട മരുന്ന് ലഭിച്ചെന്ന ഗൗരവകരമായ വിവരം ആരോഗ്യമന്ത്രി ആദ്യമായി പുറത്തുവിട്ടത്. കഴിഞ്ഞ സർക്കാരിന്റെ കാലഘട്ടത്തിൽ വിതരണം ചെയ്ത മരുന്നുകളെക്കുറിച്ചാണ് സംശയം ഉയർന്നിരിക്കുന്നത്. മെഡിക്കൽ സർവീസസ് കോർപറേഷൻ വഴി സംഭരിച്ച റെംഡിസിവർ മരുന്നുകൾ 2021 ജൂണിൽ വാങ്ങിയവയാണ്. ഇതിന്റെ കാലാവധി 2023 മേയിൽ അവസാനിച്ചിരുന്നു. കോവിഡ് ചികിത്സയ്ക്കും ഇതേ മരുന്ന് ഉപയോഗിച്ചിട്ടുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
സംഭവം ഗൗരവമായി കാണുന്ന സാഹചര്യത്തിൽ, കാലഹരണപ്പെട്ട മരുന്ന് ഉപയോഗിക്കേണ്ടി വന്ന മുഴുവൻ രോഗികളുടെയും പട്ടിക തയ്യാറാക്കി റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യ ഡയറക്ടർക്കും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. 2023-ൽ നിപ്പ ബാധിച്ച ആറുപേരിൽ രണ്ടുപേരും, 2024-ൽ രണ്ടുപേരും, 2025-ലെ മൂന്ന് കേസുകളിൽ രണ്ടുപേരും മരണത്തിന് കീഴടങ്ങിയിരുന്നു. മരിച്ചവർക്ക് ഈ മരുന്ന് നൽകിയിരുന്നോ എന്നും, മരുന്നിന്റെ ഉപയോഗം മൂലം രോഗികൾക്ക് മറ്റ് പാർശ്വഫലങ്ങൾ ഉണ്ടായിട്ടുണ്ടോ എന്നും അന്വേഷണത്തിൽ പരിശോധിക്കും.
അതേസമയം, നിപ്പ രോഗികൾക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകി എന്ന ആരോപണത്തെ തള്ളിക്കൊണ്ട് ആരോഗ്യരംഗത്തെ വിദഗ്ധർ രംഗത്തെത്തി. 2023 മുതൽ 2025 വരെയുള്ള കാലയളവിൽ നിപ്പ ബാധിച്ച് മരണപ്പെട്ട ആർക്കും റെംഡെസിവിർ നൽകിയിട്ടില്ലെന്ന് ഡോ. അനൂപ് കുമാർ എ.എസ് മാധ്യമങ്ങളോട് വ്യക്തമാക്കി. മരുന്ന് നൽകിയ ഏഴുപേർക്കും രോഗം ഭേദമായിട്ടുണ്ട്. അതിനാൽ, കാലാവധി കഴിഞ്ഞ മരുന്ന് നൽകിയത് മരണത്തിന് കാരണമായെന്ന ആരോപണത്തിന് അടിസ്ഥാനമില്ലെന്നും ഡോക്ടർ വിശദീകരിച്ചു.
RELATED TOPICS: NIPAH VIRUS KERALA, EXPIRED REMDESIVIR MEDICINE, KOZHIKODE MEDICAL COLLEGE, KERALA HEALTH MINISTER, NIPAH TREATMENT CONTROVERSY




