NEWS

ഇടുക്കി ഉപ്പുതറ ബൈക്ക് അപകടം: രണ്ട് വിദ്യാർത്ഥികൾ മരിച്ചു

ഉപ്പുതറ അപകട ദൃശ്യം

ഇടുക്കി: ഉപ്പുതറ പരപ്പിൽ ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞുണ്ടായ ദാരുണമായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ജീവൻ നഷ്ടമായി. ഇന്നലെ അർദ്ധരാത്രി ഒരു മണിയോടെയായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം. പരപ്പിൽ മലയോര ഹൈവേയിൽ വെച്ച് ബൈക്ക് നിയന്ത്രണം വിടുകയും, റോഡരികിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപമുള്ള കോൺക്രീറ്റ് മതിലിലേക്ക് അതിശക്തമായി ഇടിച്ചുകയറുകയുമായിരുന്നു.

ആലടി സ്വദേശിയായ നോയൽ തോമസ് (18), മേരികുളം സ്വദേശിയായ സാനിഫ് സലീം (19) എന്നിവരാണ് മരണത്തിന് കീഴടങ്ങിയത്. സുഹൃത്തായ നോയലിനെ ബൈക്കിൽ കയറ്റി തിരികെ പോകുന്നതിനിടെയാണ് സാനിഫ് സലീം ഓടിച്ച വാഹനം അപകടത്തിൽപ്പെട്ടത്. ഈ സമയം മേഖലയിൽ പട്രോളിംഗ് നടത്തിക്കൊണ്ടിരുന്ന പോലീസ് സംഘം ഉടൻ തന്നെ സംഭവസ്ഥലത്തെത്തി ഇരുവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും, വഴിമധ്യേ തന്നെ മരണം സംഭവിച്ചിരുന്നു.

അപകടം നടന്നയുടൻ തന്നെ ഇരുവരുടെയും ശരീരത്തിന് മുകളിലേക്ക് ബൈക്ക് മറിഞ്ഞു വീണ നിലയിലായിരുന്നു കാണപ്പെട്ടത്. സംഭവസമയം ഇരുവരും ഹെൽമറ്റ് ധരിച്ചിരുന്നെങ്കിലും, മുഖം സുരക്ഷിതമാക്കാത്ത തരത്തിലുള്ള ഹെൽമറ്റാണ് ധരിച്ചിരുന്നത്. തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റതാണ് മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

Sports ⏭️

Read News ⏭️

Back to top button