NEWS

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം: 131 കോടി രൂപയ്ക്ക് വൈദ്യുതി വാങ്ങാൻ കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് നിലനിൽക്കുന്ന വൈദ്യുതി ക്ഷാമത്തിന് താൽക്കാലിക പരിഹാരമായി. വരാനിരിക്കുന്ന മാസം മുതൽ മാർച്ച് മാസം വരെ കാലയളവിൽ 164.16 ദശലക്ഷം യൂണിറ്റ് വൈദ്യുതി പുറത്തുനിന്നും വാങ്ങുന്നതിനായി കെ.എസ്.ഇ.ബിക്ക് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ പച്ചക്കൊടി കാട്ടി. അർധരാത്രി 12 മണി മുതൽ പുലർച്ചെ അഞ്ച് മണി വരെയുള്ള സമയങ്ങളിൽ യൂണിറ്റ് ഒന്നിന് ശരാശരി 8 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാനാണ് കമ്മിഷൻ അനുവാദം നൽകിയിരിക്കുന്നത്. ഇതുപ്രകാരം 131.26 കോടി രൂപ ചെലവിൽ വൈദ്യുതി ലഭ്യമാക്കാൻ കെ.എസ്.ഇ.ബിക്ക് സാധിക്കും. വേനൽക്കാലത്തെ ആവശ്യങ്ങൾക്കായി ജലവൈദ്യുതി നിലയങ്ങളിലെ ജലശേഖരം കരുതുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു ഹ്രസ്വകാല കരാറിന് അനുമതി നൽകുന്നതെന്ന് കമ്മിഷൻ ഉത്തരവിൽ വ്യക്തമാക്കി.

അതേസമയം, സിന്നാർ താപവൈദ്യുതി നിലയത്തിൽ നിന്നുള്ള വൈദ്യുതി ലഭ്യതയുടെ അടിസ്ഥാനത്തിൽ പീക്ക് സമയങ്ങളിലും ഓഫ് പീക്ക് സമയങ്ങളിലും വൈദ്യുതി വാങ്ങാനായി കെ.എസ്.ഇ.ബി സമർപ്പിച്ച മറ്റ് ഹ്രസ്വകാല കരാർ അപേക്ഷകൾ കമ്മിഷൻ തള്ളിക്കളഞ്ഞു. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ പീക്ക് സമയത്ത് യൂണിറ്റിന് 13.89 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാൻ അനുമതി തേടിയാണ് കെ.എസ്.ഇ.ബി റെഗുലേറ്ററി കമ്മിഷനെ സമീപിച്ചിരുന്നത്.

Sports ⏭️

Read News ⏭️

Back to top button