കായ്ക്കാത്ത നാരകം ഇനി നിറയെ കായ്ക്കും: ഈ വിദ്യ പരീക്ഷിക്കൂ

പ്രതീകാത്മക ചിത്രം
രുചിയിൽ അല്പം കയ്പ്പുണ്ടെങ്കിലും അടുക്കളയിൽ ഒഴിവാക്കാനാവാത്ത ഒന്നാണ് നാരങ്ങ. പാനീയങ്ങൾക്കും വിഭവങ്ങൾക്ക് സ്വാദേകാനും അച്ചാറുകൾക്കും സലാഡുകൾക്കും നാരങ്ങ കൂടിയേ തീരൂ. മറുനാടുകളിൽ നിന്നെത്തുന്ന നാരങ്ങ ഉയർന്ന വില നൽകി വാങ്ങേണ്ടി വരുന്ന സാഹചര്യമുള്ളതുകൊണ്ട്, ഒട്ടുമിക്ക വീടുകളിലും ഇപ്പോൾ സ്വന്തമായി ഒരു നാരകം വളർത്താൻ ആളുകൾ താല്പര്യം കാണിക്കുന്നുണ്ട്.
വീട്ടുമുറ്റത്തോ ടെറസിലോ നാരകം നട്ടുപിടിപ്പിക്കാൻ ഏറെ എളുപ്പമാണ്. എങ്കിലും, കൃത്യമായ പരിചരണം നൽകിയിട്ടും നാരകം കായ്ക്കുന്നില്ലെന്നതാണ് പലരുടെയും പ്രധാന പരാതി. എന്നാൽ ഇനി ഇക്കാര്യത്തിൽ വിഷമിക്കേണ്ടതില്ല. നാരകം സമൃദ്ധമായി കായ്ക്കാനും ആരോഗ്യത്തോടെ വളരാനും സഹായിക്കുന്ന ലളിതമായ ചില വിദ്യകൾ താഴെ നൽകുന്നു.
വളം നൽകേണ്ടതിന്റെ പ്രാധാന്യം
നാരകം വേഗത്തിൽ വളരുന്നതിനും വിളവ് വർധിപ്പിക്കുന്നതിനും ജൈവവളങ്ങൾ കൃത്യമായ ഇടവേളകളിൽ നൽകേണ്ടതുണ്ട്. വളം കുറഞ്ഞാൽ ചെടിയുടെ വളർച്ച മുരടിക്കുകയും കായകൾ കുറയുകയും ചെയ്യും. അതിനാൽ, മണ്ണ് ഇളക്കിയ ശേഷം ചാണകപ്പൊടി, അടുക്കളയിലെ പച്ചക്കറി അവശിഷ്ടങ്ങൾ, കോഴിവളം തുടങ്ങിയവ നൽകാൻ മറക്കരുത്. പഴത്തൊലികൾ ചെറിയ കഷ്ണങ്ങളാക്കി നാരകത്തണ്ടിൽ മുട്ടാത്ത രീതിയിൽ ചുവട്ടിലിട്ടു കൊടുക്കുന്നത് ഏറെ ഗുണകരമാണ്. കൂടാതെ, മുട്ടത്തോട് പൊടിച്ചതും മികച്ചൊരു ജൈവ വളമാണ്.
പോട്ടിംഗ് മിക്സ് തയ്യാറാക്കുമ്പോൾ
ചട്ടിയിലോ ഗ്രോ ബാഗിലോ നാരകം വളർത്തുമ്പോൾ പോട്ടിംഗ് മിക്സ് വളരെ ശ്രദ്ധാപൂർവ്വം തയ്യാറാക്കണം. മണ്ണ്, ചകിരിച്ചോറ്, ഉമി, ചാണകപ്പൊടി എന്നിവ കൃത്യമായ അളവിൽ ചേർത്താണ് ഇത് ഉണ്ടാക്കേണ്ടത്. കമ്പോസ്റ്റ് വളം ചേർത്തതിന് ശേഷം മുകളിലായി ഈ പോട്ടിംഗ് മിക്സ് ഇട്ടു കൊടുക്കുന്നത് ചെടിയുടെ ആരോഗ്യത്തിന് നല്ലതാണ്.
സമൃദ്ധമായ വിളവിന് ഒരു സൂത്രവിദ്യ
നാരകം ധാരാളമായി കായ്ക്കാൻ സഹായിക്കുന്ന ഒരു വിദ്യ ഇതാ. ഒരു സ്പൂൺ കാപ്പിപ്പൊടി അരലിറ്റർ വെള്ളത്തിൽ കലർത്തി രണ്ട്-മൂന്ന് ദിവസം അടച്ചുവെക്കുക. ശേഷം ഈ മിശ്രിതം നാരകച്ചെടിയുടെ ചുവട്ടിൽ ഒഴിച്ചു കൊടുക്കുന്നത് ചെടിയുടെ ആരോഗ്യത്തിനും മികച്ച വിളവിനും വഴിയൊരുക്കും. നാരകത്തിന് പച്ചപ്പും വളർച്ചയും ലഭിക്കാൻ നൈട്രജൻ വലിയ തോതിൽ ആവശ്യമാണ്.
കാപ്പിപ്പൊടിയിൽ നൈട്രജൻ സമൃദ്ധമായി അടങ്ങിയിട്ടുണ്ട്. നാരകത്തിന് അനുയോജ്യമായ അല്പം അമ്ലഗുണമുള്ള മണ്ണ് തയ്യാറാക്കാൻ കാപ്പിപ്പൊടി സഹായിക്കുന്നു. മണ്ണിന്റെ പി.എച്ച് (pH) നില ക്രമീകരിക്കുന്നതിനോടൊപ്പം, കാപ്പിയുടെ ഗന്ധം ഉറുമ്പുകളെയും വിവിധ കീടങ്ങളെയും ചെടിയിൽ നിന്ന് അകറ്റിനിർത്താനും സഹായിക്കുന്നു.




