LIFESTYLE

40 വയസിന് മുകളിലുള്ള സ്ത്രീകൾ: ശരീരഭാരം കുറയ്ക്കാത്തതെന്തുകൊണ്ട്? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

റിമി ടോമി

സിനിമാരംഗത്തും സംഗീതലോകത്തും ഫിറ്റ്‌നസിന് വലിയ പ്രാധാന്യം നൽകുന്ന ഒട്ടേറെ താരങ്ങളുണ്ട്. എന്നാൽ, ഗായിക റിമി ടോമിയുടെ ശ്രദ്ധേയമായ ശാരീരിക മാറ്റം ആരാധകരിൽ വലിയ കൗതുകം ഉണർത്തിയിരുന്നു. താൻ എങ്ങനെയാണ് ഭാരം കുറച്ചതെന്നും, കൃത്യമായ ഡയറ്റും വ്യായാമമുറകളും ദീർഘകാലമായി എങ്ങനെ തുടരുന്നുവെന്നും അറിയാൻ പ്രേക്ഷകർക്ക് ഏറെ താൽപ്പര്യമാണ്. ഇതേക്കുറിച്ച് വ്യക്തമാക്കിക്കൊണ്ട് തന്റെ ഏറ്റവും പുതിയ വർക്കൗട്ട് ചിത്രത്തിനൊപ്പം ഫിറ്റ്‌നസിനെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ റിമി പങ്കുവെച്ചിരിക്കുകയാണ്.

ശരീരഭാരം കുറയ്ക്കുക എന്നതിലുപരി, ശാരീരികക്ഷമതയും ആരോഗ്യവും മെച്ചപ്പെടുത്തുന്നതിലാണ് താൻ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് റിമി പറയുന്നു. കഴിഞ്ഞ എട്ടു വർഷമായി തന്റെ ശരീരഭാരത്തിൽ വലിയ മാറ്റങ്ങളില്ലാതെ തുടരാൻ തനിക്ക് സാധിച്ചിട്ടുണ്ട്. ജീവിതത്തിലെ തിരക്കുകളും തുടർച്ചയായ യാത്രകളും കാരണം ചെറിയ വ്യതിയാനങ്ങൾ വരുന്നത് സ്വാഭാവികമാണെന്നും താരം കുറിപ്പിൽ വ്യക്തമാക്കുന്നു. വെയിംഗ് മെഷീനിലെ അക്കങ്ങളെ മാത്രം നോക്കി ആരോഗ്യത്തെ അളക്കുന്നത് ശരിയായ രീതിയല്ലെന്നും റിമി ഓർമ്മിപ്പിക്കുന്നു.

സംഗീത പരിപാടികളും യാത്രകളും കാരണം വ്യായാമത്തിൽ ചെറിയ ഇടവേളകൾ സംഭവിക്കാറുണ്ട്. ഇത് ഭാരത്തിൽ ചെറിയ വ്യത്യാസങ്ങൾ ഉണ്ടാക്കാറുണ്ടെങ്കിലും, അതെല്ലാം പിന്നീട് പഴയ ദിനചര്യയിലേക്ക് മടങ്ങി കൃത്യമാക്കി മാറ്റാറാണ് പതിവെന്ന് റിമി പറയുന്നു. താൻ ദിവസവും മെലിഞ്ഞു വരുന്നതായി പലരും കമന്റുകളിലൂടെ പറയാറുണ്ട്. എന്നാൽ ബോധപൂർവം ഭാരം കുറയ്ക്കാൻ താൻ ശ്രമിക്കാറില്ലെന്ന് റിമി വ്യക്തമാക്കുന്നു.

സ്ട്രെംഗ്ത് ട്രെയിനിംഗിൽ ഏർപ്പെടുമ്പോൾ ശരീരത്തിലെ കൊഴുപ്പ് കുറയുന്നതിനൊപ്പം പേശികളുടെ ബലം കൂടുകയും ചെയ്യും. അതിനാൽ വെയിംഗ് മെഷീനിലെ കണക്ക് കൂടുന്നത് കൊഴുപ്പ് വർദ്ധിക്കുന്നതായി തെറ്റിദ്ധരിക്കേണ്ടതില്ല. മെലിഞ്ഞ ശരീരവും മെഷീനിലെ കുറഞ്ഞ സംഖ്യയും എന്നതിനേക്കാൾ ഉപരിയായി, ശരീരത്തിന്റെ കരുത്ത് വർദ്ധിപ്പിക്കുക, പേശികളെ സംരക്ഷിക്കുക, സ്റ്റാമിന ഉയർത്തുക എന്നിവയ്ക്കാണ് മുൻഗണന നൽകേണ്ടതെന്ന് റിമി വിശദീകരിക്കുന്നു. പ്രത്യേകിച്ച് 40 വയസ്സ് പിന്നിട്ട സ്ത്രീകൾക്ക് സ്ട്രെംഗ്ത് ട്രെയിനിംഗ് അത്യന്താപേക്ഷിതമാണെന്നും താരം കൂട്ടിച്ചേർക്കുന്നു.

Sports ⏭️

Back to top button