NEWS
ഭാര്യയെ കൊലപ്പെടുത്തിയ കേസ്: രണ്ടുതവണ ജയിൽചാടിയ പ്രതി ജയിലിൽ മരിച്ച നിലയിൽ

തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ ശ്രീനിവാസൻ (51) ആണ് സെല്ലിനുള്ളിൽ ജീവനൊടുക്കിയത്.
അസുഖബാധിതനായതിനെത്തുടർന്ന് ഇയാളെ പ്രത്യേക നിരീക്ഷണത്തിനായി ഏകാന്ത സെല്ലിലേക്ക് മാറ്റിയിരുന്നു. ബുധനാഴ്ച രാത്രി സെല്ലിനുള്ളിലെ തുണി ഉപയോഗിച്ച് ഇയാൾ തൂങ്ങുകയായിരുന്നുവെന്നാണ് വിവരം. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ ജയിൽ അധികൃതർ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
2001-ൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീനിവാസൻ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചു വരികയായിരുന്നു. ജയിൽവാസത്തിനിടെ രണ്ടുതവണ ഇയാൾ ജയിൽ ചാടാൻ ശ്രമിച്ചതായും റിപ്പോർട്ടുകളുണ്ട്.




