NEWS

മന്ത്രിമാരുടെ ശമ്പളം 1.33 ലക്ഷമായും എംഎൽഎമാരുടേത് 98,000 ആയും ഉയർത്തി; നിയമസഭയിൽ ബിൽ പാസാക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ ജനപ്രതിനിധികളുടെ ശമ്പളവും ആനുകൂല്യങ്ങളും വർധിപ്പിക്കാനുള്ള ബിൽ നിയമസഭ ഐകകണ്ഠ്യേന അംഗീകരിച്ചു. ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ ഒറ്റക്കെട്ടായാണ് ഈ തീരുമാനം കൈക്കൊണ്ടത്. ഇതോടൊപ്പം മുൻ എംഎൽഎമാരുടെ പെൻഷൻ തുകയും വർധിപ്പിച്ചിട്ടുണ്ട്. 2018-ലാണ് ഇതിന് മുൻപ് ശമ്പള പരിഷ്കരണം നടന്നതെന്നും, നിലവിലെ ജീവിതസാഹചര്യങ്ങൾ കണക്കിലെടുത്ത് അംഗങ്ങൾ ഉന്നയിച്ച പ്രയാസങ്ങൾ പരിഗണിച്ചാണ് ബിൽ യാതൊരു തർക്കവുമില്ലാതെ പാസാക്കിയതെന്നും സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി.

പുതിയ തീരുമാന പ്രകാരം എംഎൽഎമാരുടെ പ്രതിമാസ ആനുകൂല്യങ്ങൾ 70,000 രൂപയിൽ നിന്ന് 98,000 രൂപയായി ഉയരും. ആനുകൂല്യങ്ങളിലെ പ്രധാന വർധനവ് താഴെ പറയുന്നവയാണ്:

  • സ്ഥിരബത്ത: 4,000 രൂപ (നേരത്തെ 2,000)
  • മണ്ഡലം അലവൻസ്: 35,000 രൂപ (നേരത്തെ 25,000)
  • ഇൻഫർമേഷൻ ബത്ത: 5,000 രൂപ (നേരത്തെ 4,000)
  • മറ്റു ചെലവുകൾ: 13,000 രൂപ (നേരത്തെ 8,000)
  • ടെലിഫോൺ അലവൻസ്: 11,000 രൂപ (മാറ്റമില്ല)
  • യാത്രാബത്ത: 30,000 രൂപ (നേരത്തെ 20,000)
  • വിമാന യാത്രാ വാർഷിക അലവൻസ്: 75,000 രൂപ (നേരത്തെ 50,000)
  • മൈലേജ് അലവൻസ്: കിലോമീറ്ററിന് 15 രൂപ (നേരത്തെ 10 രൂപ)
  • ആകസ്മിക ചെലവുകൾ: കിലോമീറ്ററിന് 2 രൂപ (നേരത്തെ 1 രൂപ)
  • ദിനബത്ത (സംസ്ഥാനത്തിനകത്ത്): 1,500 രൂപ (നേരത്തെ 1,000)
  • ദിനബത്ത (സംസ്ഥാനത്തിന് പുറത്ത്): 1,800 രൂപ (നേരത്തെ 1,200)
  • ആക്സിഡന്റ് ഇൻഷുറൻസ്: 25 ലക്ഷം രൂപ (നേരത്തെ 20 ലക്ഷം)

ഇവയ്ക്ക് പുറമേ, എംഎൽഎമാർക്കുള്ള വായ്പാ ആനുകൂല്യങ്ങളിലും വർധനവ് വരുത്തിയിട്ടുണ്ട്. പലിശരഹിത വാഹനവായ്പ 10 ലക്ഷത്തിൽ നിന്ന് 15 ലക്ഷം രൂപയായും, കുറഞ്ഞ പലിശ നിരക്കിലുള്ള ഭവനവായ്പ 20 ലക്ഷത്തിൽ നിന്ന് 25 ലക്ഷം രൂപയായും ഉയർത്തിയാണ് ഭേദഗതി ചെയ്തിരിക്കുന്നത്.

Fashion ⏭️

Back to top button