വൈദ്യുതി പ്രതിസന്ധി: 131 കോടി രൂപയ്ക്ക് വൈദ്യുതി വാങ്ങി കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതിക്ഷാമത്തിന് തത്കാലം ചെറിയൊരു ആശ്വാസം ലഭിച്ചിരിക്കുകയാണ്. വരാനിരിക്കുന്ന മാസം മുതൽ മാർച്ച് മാസം വരെയുള്ള കാലയളവിൽ 164.16 ദശലക്ഷം യൂണിറ്റ് വൈദ്യുതി പുറത്തുനിന്ന് വാങ്ങുന്നതിന് കെ.എസ്.ഇ.ബിക്ക് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ പച്ചക്കൊടി കാട്ടി. രാത്രി 12 മണി മുതൽ പുലർച്ചെ അഞ്ചു മണി വരെയുള്ള സമയത്ത് ഒരു യൂണിറ്റിന് ശരാശരി 8 രൂപ നിരക്കിലായിരിക്കും വൈദ്യുതി ലഭ്യമാക്കുക. ഇതിനായി 131.26 കോടി രൂപയാണ് കെ.എസ്.ഇ.ബി ചെലവഴിക്കുക. ജലവൈദ്യുത പദ്ധതികളിൽ നിലവിലുള്ള ജലശേഖരം വേനൽക്കാലത്തെ ആവശ്യങ്ങൾക്കായി കരുതിവെക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഹ്രസ്വകാല കരാറുകൾക്ക് കമ്മിഷൻ അനുമതി നൽകിയിരിക്കുന്നത്.
അതേസമയം, പീക്ക് സമയങ്ങളിൽ വൈദ്യുതി വാങ്ങാനായി കെ.എസ്.ഇ.ബി നൽകിയ മറ്റു ചില അപേക്ഷകൾ കമ്മിഷൻ തള്ളിക്കളഞ്ഞു. സിന്നാർ താപനിലയത്തിൽ നിന്നുള്ള വൈദ്യുതി ലഭ്യതയെക്കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടെ വിലയിരുത്തിയ ശേഷമാണ് ഈ തീരുമാനം. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ പീക്ക് സമയങ്ങളിൽ ഒരു യൂണിറ്റിന് 13.89 രൂപ നൽകി വൈദ്യുതി വാങ്ങാനായിരുന്നു കെ.എസ്.ഇ.ബി റെഗുലേറ്ററി കമ്മിഷനോട് അനുമതി തേടിയിരുന്നത്.




