നൃത്തവും ചിത്രരചനയും ഒരേസമയം: റെക്കോർഡുകൾ തകർത്ത് കണ്ണൂർ സ്വദേശിനി

ലീജ ദിനൂപ്
കണ്ണൂർ: നൃത്തച്ചുവടുകൾക്കൊപ്പം ക്യാൻവാസിൽ വിസ്മയം തീർക്കുന്ന ‘വരനടനം’ എന്ന വ്യത്യസ്ത കലാരൂപത്തിലൂടെ ശ്രദ്ധേയയാവുകയാണ് പയ്യന്നൂർ കോത്തായമുക്ക് സ്വദേശിനിയായ ലീജ ദിനൂപ്. പ്രകൃതിഭംഗിയും ദൈവീക ഭാവങ്ങളും സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങളും ഒപ്പം സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങളുമെല്ലാം തന്റെ നൃത്തത്തിലൂടെയും ചിത്രരചനയിലൂടെയും ലീജ അരങ്ങിലെത്തിക്കുന്നു. ഇതിനകം 105 വേദികളിൽ ഈ അപൂർവ്വ കലാപ്രകടനം കാഴ്ചവെക്കാൻ ലീജയ്ക്ക് സാധിച്ചു.
കഴിഞ്ഞ വിജയദശമി നാളിൽ മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ വെച്ചായിരുന്നു ലീജയുടെ 105-ാമത്തെ വരനടനം അരങ്ങേറിയത്. കേവലം ഇരുപത് മിനിറ്റ് നീളുന്ന നൃത്തപ്രകടനത്തിനിടയിലാണ് അതിമനോഹരമായ ചിത്രങ്ങൾ പിറക്കുന്നത്. ചെറുപ്പം മുതലേ നൃത്തത്തിലും ചിത്രകലയിലും ഒരുപോലെ മികവ് പുലർത്തിയിരുന്ന ലീജ, സ്കൂൾ കലോത്സവ വേദികളിലും ചിത്രരചനയിൽ മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും ഇതിനോടകം ഈ കലാകാരിയെ തേടിയെത്തിയിട്ടുണ്ട്.
കേരളത്തിലെ അഞ്ച് മുൻ മുഖ്യമന്ത്രിമാരുടെ ചിത്രങ്ങൾ നൃത്തവേദിയിൽ വരച്ചുകാട്ടിയത് ലീജയ്ക്ക് വലിയ പ്രശസ്തി നേടിക്കൊടുത്തു. തിരുവനന്തപുരത്ത് കേരള ലളിതകലാ അക്കാദമി ഒരുക്കിയ വേദിയിൽ ‘രാമായണം – നവരസം’ അവതരിപ്പിച്ചും അവർ കയ്യടി നേടി. താളബോധം ഒട്ടും ചോർന്നുപോകാതെ രാജാ രവിവർമ്മയുടെ വിഖ്യാത ചിത്രങ്ങൾ പുനരാവിഷ്കരിക്കാനും ലീജയ്ക്ക് സാധിച്ചിട്ടുണ്ട്.
തന്റെ ഏഴ് വയസ്സുകാരൻ മകൻ ചിന്മയ് ദിനൂപും ലീജയുടെ കലായാത്രയിൽ പങ്കാളിയാണ്. പയ്യന്നൂർ നമ്പ്യാത്രക്കൊവ്വൽ ക്ഷേത്രത്തിൽ നടന്ന കഴിഞ്ഞ നവരാത്രി ആഘോഷത്തിൽ, അമ്മയും മകനും ചേർന്ന് ശിവപാർവ്വതിമാരുടെയും ഗണപതിയുടെയും ചിത്രങ്ങൾ വരച്ചപ്പോൾ കാണികൾ വലിയ ആവേശത്തോടെയാണ് അത് സ്വീകരിച്ചത്. ഭർത്താവ് കെ. ദിനൂപിന്റെ പൂർണ്ണ പിന്തുണ ഈ കലാകാരിക്ക് കരുത്തേകുന്നു. ടി.വി. ലക്ഷ്മണൻ – കെ.വി. ബിന്ദു ദമ്പതികളുടെ മകളാണ് ലീജ.
ആദ്യപ്രകടനം കണ്ടോത്ത്
പയ്യന്നൂർ കണ്ടോത്ത് സൗപർണ്ണിക കലാക്ഷേത്രത്തിന്റെ വാർഷികാഘോഷ വേദിയിലായിരുന്നു ലീജയുടെ ആദ്യത്തെ വരനടനം. അവിടെ ലഭിച്ച മികച്ച പ്രതികരണം കൂടുതൽ വേദികളിലേക്ക് അവളെ എത്തിച്ചു. തന്റെ വ്യത്യസ്തമായ ഈ കലാവിഷ്കാരത്തിലൂടെ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിലും സ്ഥാനം പിടിക്കാൻ ലീജയ്ക്ക് കഴിഞ്ഞു.
കണ്ണൂർ സർവ്വകലാശാലയിൽ നിന്ന് ഭരതനാട്യത്തിൽ രണ്ടാം റാങ്കോടെ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ ലീജ, തിരുവനന്തപുരത്ത് നിന്ന് ഫൈൻ ആർട്സിൽ ഡിസ്റ്റിംഗ്ഷനോടെ ബിരുദവും നേടിയിട്ടുണ്ട്. ഓയിൽ പെയിന്റിംഗ്, ചാർക്കോൾ ചിത്രം എന്നിവയ്ക്കൊപ്പം ചുമർ ചിത്രകലയിലും തന്റേതായ ഇടം കണ്ടെത്താൻ ലീജയ്ക്ക് സാധിച്ചു. പയ്യന്നൂർ കണ്ടോത്ത് നൃത്തവും ചിത്രകലയും അഭ്യസിപ്പിക്കുന്ന ഒരു സ്ഥാപനവും ലീജ നടത്തിവരുന്നു.




