16 വർഷമായി 17 സമ്മാനങ്ങൾ: ഓട്ടോ ഡ്രൈവർക്ക് ഒരു കോടിയുടെ ഒന്നാം സമ്മാനം, ആദ്യ ലക്ഷ്യം തുറന്നുപറഞ്ഞ് ജയൻ

ജി ജയൻ
കൊല്ലം: പുത്തൂരിൽ വീണ്ടും ഭാഗ്യദേവതയുടെ കടാക്ഷം, ഓട്ടോ ഡ്രൈവർക്ക് കേരള ഭാഗ്യക്കുറിയുടെ ഒരു കോടി രൂപയുടെ ഒന്നാം സമ്മാനം. പുത്തൂർ ചന്തമുക്ക് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ പുത്തൂർ ചെറുമങ്ങാട് പുളിക്കൽ വീട്ടിൽ ജി.ജയനാണ് (48) ഭാഗ്യസമ്മാനം ലഭിച്ചത്. ഇന്നലെ നറുക്കെടുത്ത സ്ത്രീശക്തി ലോട്ടറിയിൽ എസ്.പി 760709 നമ്പർ ടിക്കറ്റാണ് ഭാഗ്യമെത്തിച്ചത്.
ഗോപാലകൃഷ്ണപിള്ള-ശാന്തമ്മ ദമ്പതികളുടെ മകനാണ് അവിവാഹിതനായ ജയൻ. സഹോദരി ജയന്തി. മുമ്പ് 50,000 രൂപവരെ ജയന് ഭാഗ്യസമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. മിക്കപ്പോഴും ലോട്ടറിയെടുക്കുന്ന ശീലമുണ്ട്. ഓട്ടോ വാങ്ങാനെടുത്ത കടബാദ്ധ്യതകൾ തീർക്കുകയാണ് ആദ്യ ലക്ഷ്യമെന്ന് ജയൻ പറഞ്ഞു. ആറ്റുവാശേരി വിഷ്ണുഭവനിൽ മധുസൂദനൻ പിള്ളയുടെ ഉടമസ്ഥതയിലുള്ള പുത്തൂർ ചന്തമുക്കിലെ ശ്രീമൂകാംബിക ലക്കി സെന്ററിൽ നിന്നാണ് ടിക്കറ്റെടുത്തത്.
16 വർഷമായി 17 സമ്മാനങ്ങൾ
കഴിഞ്ഞ പതിനാറ് വർഷമായി പുത്തൂരിൽ കേരള ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമെത്തുന്നുണ്ട്. 17 തവണയാണ് സമ്മാനങ്ങൾ ലഭിച്ചത്. കഴിഞ്ഞ വർഷം മേയിലും ഒക്ടോബറിലും ഒന്നാം സമ്മാനങ്ങൾ ലഭിച്ചിരുന്നു. ഇതോടെ പുത്തൂരിൽ നിന്ന് ലോട്ടറി വാങ്ങാൻ ആളുകൾ കൂടുതലായി എത്തുന്നുണ്ട്.
ഓട്ടോറിക്ഷയുടെ കടം തീർക്കണം, ഞാനിവിടെ സ്റ്റാൻഡിൽ തന്നെ ഉണ്ടാകും.
ജി.ജയൻ
English Summary
G. Jayan, an auto driver from Puthur, Kollam, secured the Kerala State Lottery’s one crore rupee first prize in the Sthree Shakthi draw. The 48-year-old plans to clear his auto loan debt. This marks Puthur’s 17th first prize in 16 years, making the area a notable hub for lottery winners.
RELATED TOPICS: JAYAN LOTTERY WINNER, ONE CRORE LOTTERY PRIZE, AUTO DRIVER LOTTERY WINNER, KERALA LOTTERY NEWS, LOTTERY FIRST PRIZE WINNER
Read News ⏭️


