BUSINESS
ഇന്ത്യയുടെ മൊബൈല്‍ പിഎല്‍ഐ തന്ത്രം ഫലിച്ചു; ചെലവിട്ടത് 19,000 കോടി, കിട്ടിയത് 28,000 കോടി നികുതിയും 12 ലക്ഷം തൊഴിലും

കേന്ദ്ര സര്‍ക്കാരിന്റെ മൊബൈല്‍ പിഎല്‍ഐ (PLI) പദ്ധതിയിലൂടെ 28,000 കോടി രൂപയുടെ നികുതി വരുമാനവും, 12 ലക്ഷം പുതിയ തൊഴിലവസരങ്ങളും സൃഷ്ടിച്ചെന്ന് റിപ്പോര്‍ട്ട്. വെറുമൊരു ഇറക്കുമതി രാജ്യത്തില്‍ നിന്ന് ലോകത്തിന് മുന്നില്‍ തലയുയര്‍ത്തി നില്ക്കുന്ന മൊബൈല്‍ നിര്‍മ്മാണ ഹബ്ബായി ഇന്ത്യ മാറി. സര്‍ക്കാര്‍ സബ്സിഡി എന്നതിനപ്പുറം, ഖജനാവിലേക്ക് ലാഭകരമായ നികുതി വരുമാനവും ലക്ഷക്കണക്കിന് സാധാരണക്കാരായ യുവാക്കള്‍ക്ക് അന്തസുള്ള തൊഴിലും ഉറപ്പാക്കുന്ന വികസന മാതൃകയായി മൊബൈല്‍ പിഎല്‍ഐ സ്കീം മാറുകയാണ്.വസ്തുതകള്‍ നിരത്തി മന്ത്രിമൊബൈല് പിഎല്‍ഐ (PLI) പദ്ധതി പ്രകാരം സര്‍ക്കാര്‍ കമ്പനികള്‍ക്ക് 19,000 കോടി രൂപ ഇന്‍സെന്റീവായി നല്കിയപ്പോള്, 25,000 കോടി രൂപ നേരിട്ടുള്ള നികുതിയായി (Direct Tax) തിരികെ ലഭിച്ചെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. ഇന്‍സെന്റീവ് തുകയ്ക്ക് പുറമെ ചരക്ക് സേവന നികുതി (GST) ഇനത്തില്‍ 3,000 കോടിയും ഖജനാവിലേക്ക് എത്തി.ഇലക്ട്രോണിക്സ് നിര്‍മ്മാണ മേഖല ആകെ 25 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുന്നുണ്ട്. ഇതില്‍ 12 ലക്ഷം പേരും മൊബൈല്‍ നിര്‍മ്മാണ മേഖലയില്‍ നിന്നുള്ളവരാണെന്ന് മന്ത്രി വ്യക്തമാക്കി. ഇന്ത്യയുടെ മൊബൈല്‍ നിര്‍മ്മാണ മാതൃകയുടെയും, സര്‍ക്കാര്‍ നല്കുന്ന സബ്സിഡികളുടെയും ഫലപ്രാപ്തിയെ ചോദ്യം ചെയ്ത മാധ്യമ റിപ്പോര്‍ട്ടുകള്‍ക്ക് മറുപടിയായാണ് മന്ത്രി ഈ കണക്കുകള്‍ പുറത്തുവിട്ടത്.എന്താണ് മൊബൈല്‍ പിഎല്‍ഐ (PLI) സ്കീംഇന്ത്യയില് ആഭ്യന്തര നിര്‍മ്മാണം പ്രോത്സാഹിപ്പിക്കുന്നതിനും, വിദേശ ഇറക്കുമതി കുറയ്ക്കുന്നതിനുമായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (ഉല്‍പ്പാദനവുമായി ബന്ധിപ്പിച്ച സാമ്പത്തിക ആനുകൂല്യം) പദ്ധതിയാണിത്.കമ്പനികള്‍ ഇന്ത്യയില്‍ ഫാക്ടറികള്‍ സ്ഥാപിച്ച് നിശ്ചിത ലക്ഷ്യത്തിനപ്പുറം ഉല്‍പ്പാദനവും വില്പനയും വര്‍ദ്ധിപ്പിക്കുമ്പോള്‍, ആ അധിക വില്പനയ്ക്ക് സര്‍ക്കാര്‍ നിശ്ചിത ശതമാനം (പഴയ സ്കീമില്‍ 4% മുതല്‍ 6% വരെ) ക്യാഷ് ഇന്‍സെന്റീവ് നല്‍കുന്നതാണ് പദ്ധതി. ആഗോള കമ്പനികളെയും ആഭ്യന്തര കമ്പനികളെയും വന്‍തോതില്‍ നിക്ഷേപം നടത്താനും ഇന്ത്യയെ ഒരു ആഗോള നിര്‍മ്മാണ ഹബ്ബാക്കി മാറ്റാനും ഇത് പ്രേരിപ്പിക്കുന്നു.മൊബൈല്‍ ഫോണ്‍ മാനുഫാക്ച്ചറിംഗ് സ്കീം (MPMS)പഴയ പദ്ധതിയുടെ കാലാവധി പൂര്‍ത്തിയാകുന്ന സാഹചര്യത്തില്‍, 2026- 27 മുതല്‍ 2030- 31 വരെ 62,500 കോടി അടങ്കലോടെ പുതിയ മൊബൈല്‍ ഫോണ്‍ മാനുഫാക്ചറിംഗ് സ്കീം സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഉല്‍പ്പാദനം വര്‍ധിപ്പിക്കുക, ആഭ്യന്തര മൂല്യവര്‍ധന വര്‍ധിപ്പിക്കുക, വിതരണ ശൃംഖലകള്‍ ശക്തിപ്പെടുത്തുക, ആഗോള മത്സരശേഷി മെച്ചപ്പെടുത്തുക എന്നിവയാണ് പുതിയ പദ്ധതിയുടെ ലക്ഷ്യങ്ങള്‍.യോഗ്യതയുള്ള മൊബൈല്‍ ഫോണ്‍ വില്‍പ്പനയ്ക്ക് 2.25 ശതമാനം മുതല്‍ 5 ശതമാനം വരെ പ്രോത്സാഹനമാണ് പദ്ധതി വാഗ്ദാനം ചെയ്യുന്നത്. കൂടാതെ പ്രധാന ഘടകങ്ങളുടെയും, ഉപ അസംബ്ലികളുടെയും ആഭ്യന്തര ഉറവിടവുമായി ബന്ധപ്പെട്ട് 1.5 ശതമാനം വരെ അധിക പ്രോത്സാഹനവും നല്‍കും. ഡിസൈന്‍, ഗവേഷണം, വികസനം എന്നിവയുമായി ബന്ധപ്പെട്ട പ്രോത്സാഹനങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യന്‍ മൊബൈല്‍ ബ്രാന്‍ഡുകള്‍ക്ക് പിന്തുണയും വാഗ്ദാനം ചെയ്യുന്നു.ഇന്ത്യയുടെ വമ്പന്‍ തന്ത്രംസര്ക്കാര് ചെലവഴിച്ച 19,000 കോടി ഇന്‍സെന്റീവിന് പകരമായി 25,000 കോടി നേരിട്ടുള്ള നികുതിയും, 3,000 കോടി ജിഎസ്ടിയും വഴി ആകെ 28,000 കോടി രൂപ തിരികെ ലഭിച്ചു. അതായത് ഇന്‍സെന്റീവ് കഴിഞ്ഞ് 9,000 കോടിയുടെ നേരിട്ടുള്ള അധിക വരുമാനം സര്‍ക്കാരിനുണ്ടായി.പുതിയ പദ്ധതിയിലൂടെ (MPMS) വരും വര്‍ഷങ്ങളില്‍ ഏകദേശം 39 ലക്ഷം കോടിയുടെ മൊബൈല്‍ ഉല്‍പ്പാദനമാണ് ലക്ഷ്യമിടുന്നത്. ഇതില്‍ വലിയൊരു പങ്ക് കയറ്റുമതി ചെയ്യപ്പെടും. മുമ്പ് രാജ്യം ഫോണുകള്‍ ഇറക്കുമതി ചെയ്യുമ്പോള്‍ വിദേശത്തേക്ക് ഒഴുകിയിരുന്ന പണം പുതിയ തന്ത്രം വഴി ലാഭിക്കാന്‍ സാധിച്ചു. അതോടൊപ്പം ഫോണുകളുടെ ആഗോള കയറ്റുമതി വഴി വലിയ തോതില്‍ വിദേശനാണയം ഇന്ത്യയിലേക്ക് എത്തിക്കാനും സാധിച്ചു.സാധാരണക്കാര്‍ക്ക് ഇതുമൂലമുണ്ടായ നേട്ടങ്ങള്വന്തോതിലുള്ള തൊഴിലവസരങ്ങള്‍ തന്നെയാണ് പ്രധാന നേട്ടം. മൊബൈല്‍ നിര്‍മ്മാണത്തില്‍ മാത്രം നിലവില്‍ 12 ലക്ഷം ആളുകള്‍ ജോലി ചെയ്യുന്നുണ്ട്. പുതിയ പദ്ധതി വഴി നേരിട്ട് 60,000 അധിക തൊഴിലവസരങ്ങളും, ലക്ഷക്കണക്കിന് പരോക്ഷ തൊഴിലുകളും സൃഷ്ടിക്കപ്പെടുമെന്ന് വിലയിരുത്തപ്പെടുന്നു.അത്യാധുനിക അസംബ്ലി ലൈനുകളിലും, ഫാക്ടറികളിലും ജോലി ചെയ്യുന്നത് വഴി സാധാരണക്കാരായ തൊഴിലാളികള്‍ക്ക് ആഗോള നിലവാരത്തിലുള്ള സാങ്കേതിക പരിശീലനം കൂടിയാണ് ലഭിക്കുന്നത്.ഫോണുകള്‍ രാജ്യത്തിനകത്ത് തന്നെ വലിയ തോതില്‍ നിര്‍മ്മിക്കപ്പെടുന്നതിനാല്‍ കസ്റ്റംസ് ഡ്യൂട്ടി കുറയുകയും, സാധാരണക്കാര്‍ക്ക് താങ്ങാവുന്ന നിരക്കില്‍ സ്മാര്‍ട്ട്ഫോണുകള്‍ ലഭ്യമാകുകയും ചെയ്യുന്നു. ഫാക്ടറികള്‍ വരുന്നതോടെ ലോജിസ്റ്റിക്സ്, പാക്കേജിംഗ്, ഗതാഗതം, പ്രാദേശിക കടകള്‍ തുടങ്ങിയ മേഖലകളിലും സാധാരണക്കാര്‍ക്ക് പുതിയ ബിസിനസ് അവസരങ്ങള്‍ തുറക്കപ്പെടുന്നു.
Read News




