വ്യവസായ ലോകം കൊച്ചിയിലേക്ക്; മനോരമ സമ്പാദ്യം ബിസിനസ് സമ്മിറ്റിന് നാളെ തുടക്കം: ഉദ്ഘാടനം ടി.എസ്.കല്യാണരാമൻ നിർവഹിക്കും

കൊച്ചി ∙ മനോരമ സമ്പാദ്യം സംഘടിപ്പിക്കുന്ന ബിസിനസ് സമ്മിറ്റിന് നാളെ കൊച്ചി വേദിയാകും. രാവിലെ 10 മണിക്ക് ഹോട്ടൽ ക്രൗൺ പ്ലാസയിൽ നടക്കുന്ന സമ്മേളനം കല്യാൺ ജ്വല്ലേഴ്സ് മാനേജിങ് ഡയറക്ടർ ടി.എസ്. കല്യാണരാമൻ ഉദ്ഘാടനം ചെയ്യും. വരുംകാലങ്ങളിൽ വലിയ മുന്നേറ്റം നടത്താൻ സാധ്യതയുള്ള വ്യവസായ മേഖലകളെ ആസ്പദമാക്കി മാർസിലസ് ഇൻവെസ്റ്റ്മെന്റ് മാനേജേഴ്സ് സ്ഥാപകനും സിഐഒയുമായ സൗരഭ് മുഖർജി മുഖ്യപ്രഭാഷണം നിർവഹിക്കും.
വ്യവസായ രംഗത്തെ പ്രമുഖരായ നബാർഡ് ചെയർമാൻ ഡോ. ഷാജി കൃഷ്ണൻ, അഗാപ്പെ ഡയഗ്നോസ്റ്റിക്സ് എംഡി തോമസ് ജോൺ, വിഎസ്ടി ടില്ലേഴ്സ് സിഇഒ ആന്റണി ചെറുകര, മുത്തൂറ്റ് എംക്രെഡ് സിഇഒ പി.ഇ. മത്തായി, സുപ്ര പസിഫിക് ഫിനാൻഷ്യൽ സർവീസസ് സിഇഒ മനോജ് രവി, ഹോംസ് ഇക്വിറ്റീസ് പ്രിൻസിപ്പൽ ഓഫിസർ സജി മാത്യൂസ് തുടങ്ങിയവർ തങ്ങളുടെ അറിവുകളും അനുഭവങ്ങളും ചർച്ച ചെയ്യും. സമാപന സമ്മേളനത്തിൽ ‘കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനം – വളർച്ചയും വെല്ലുവിളികളും’ എന്ന വിഷയത്തിൽ ഫെഡറൽ ബാങ്ക് ചെയർമാൻ ഏലിയാസ് ജോർജ് സംസാരിക്കും.
ഈ വർഷത്തെ സമ്മിറ്റിന്റെ പ്രധാന പ്രത്യേകത പുതുതലമുറ മലയാളി സംരംഭകരുടെ സജീവ സാന്നിധ്യമാണ്. റിവർ മൊബിലിറ്റി സഹസ്ഥാപകൻ അരവിന്ദ് മണി, പ്രിവലന്റ് എഐ സഹസ്ഥാപകൻ അരുൺ രാജ്, എൽ സോൾ പവർ സൊല്യൂഷൻസ് എംഡി ടിൻസു മാത്യു എന്നിവർ വിവിധ സെഷനുകളിൽ സംവദിക്കും. കൂടാതെ, ജോർഡൻ (കിങ്സ് മറീൻ പ്രോഡക്ട്സ്), നീന റോബി (ഫൈബർവേൾഡ്), രാഹുൽ മാമൻ ഏബ്രഹാം (കേരളാ ഏയ്ഞ്ചൽ നെറ്റ്വർക്), നൗറീൻ ഐഷ (ഫെമിസേഫ്), റമീസ് അലി (ക്രാവ്) തുടങ്ങിയ യുവ സംരംഭകരും സമ്മിറ്റിൽ പങ്കെടുക്കും.
സമ്മിറ്റിന്റെ ടൈറ്റിൽ സ്പോൺസർ മുത്തൂറ്റ് എംക്രെഡ് ആണ്. സുപ്ര പസിഫിക് ഫിനാൻഷ്യൽ സർവീസസ് ആണ് പവേഡ് ബൈ സ്പോൺസർ. നബാർഡ്, ഹോംസ് ഇക്വിറ്റീസ് എന്നിവർ അസോഷ്യേറ്റ് സ്പോൺസർമാരായി സഹകരിക്കുന്നു. മുൻകൂട്ടി റജിസ്റ്റർ ചെയ്തവർക്ക് മാത്രമാണ് പ്രവേശനം.




