NEWS

നെടുമ്പാശേരി വാഹനാപകടം: സുഹൈലിനും കൂട്ടുപ്രതികൾക്കും തിരിച്ചടി; ജാമ്യാപേക്ഷ തള്ളി കോടതി

സുഹൈൽ സജീവ്,​ അപകടത്തിനിടയാക്കിയ മിനി കൂപ്പർ

കൊച്ചി: നെടുമ്പാശേരിയിൽ മൂന്ന് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ മിനികൂപ്പർ അപകടക്കേസിൽ ഒന്നാം പ്രതി സുഹൈൽ സജീവിന് ജാമ്യമില്ല. കൂട്ടുപ്രതികളായ നിനവ്, ജോയൽ, അമീർ എന്നിവർക്കും എറണാകുളം അഡീഷണൽ സെഷൻസ് കോടതി ജാമ്യം നിഷേധിച്ചു. ഒക്ടോബർ 11നാണ് അപകടം നടന്നത്. സുഹൈൽ ഓടിച്ച ആഡംബര കാർ സ്കൂട്ടറിൽ ഇടിച്ച് ഇയാസ് (22), കെ.വി ദേവിക (21), എം.പി ഗോപിക(22) എന്നിവരാണ് മരിച്ചത്. വിമാനത്താവള റോഡിൽ അത്താണി എയർപോർട്ട് സിഗ്നൽ കവലയ്ക്ക് സമീപമാണ് അപകടം നടന്നത്.

റിമാൻഡ് കാലാവധി 14 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് പ്രതികൾ ജാമ്യാപേക്ഷയുമായി ജില്ലാ കോടതിയെ സമീപിച്ചത്. എന്നാൽ അമിതവേഗതയിലും മദ്യപിച്ചും വാഹനമോടിച്ച് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ കേസിന്റെ ഗൗരവം കണക്കിലെടുത്ത് പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്ന പ്രോസിക്യൂഷന്റെയും പൊലീസിന്റെയും വാദങ്ങൾ കോടതി പൂർണമായി ശരിവയ്ക്കുകയായിരുന്നു. പ്രതികൾക്ക് ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചാണ് കോടതിയുടെ നടപടി.

പ്രതികൾക്ക് ജാമ്യം നൽകിയാൽ അത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്നും, പ്രതികൾ പുറത്തിറങ്ങുന്നത് സമൂഹത്തിൽ ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കാൻ പ്രേരണയാകുമെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. സുഹൈൽ സജീവിനെതിരെ ഗുരുതരമായ തെളിവുകൾ ഉണ്ടെന്ന് അന്വേഷണസംഘം കോടതിയിൽ വ്യക്തമാക്കി. വാഹനം ഓടിച്ചിരുന്ന സുഹൈൽ അമിതമായി മദ്യപിച്ചിരുന്നുവെന്നും, അനുവദനീയമായതിലും ഇരട്ടിയിലധികം മദ്യം ഇയാളുടെ ശരീരത്തിൽ ഉണ്ടായിരുന്നുവെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

മുഖ്യപ്രതിയായ 19കാരൻ സുഹൈൽ സജീവിനെ കുരുക്കിലാക്കുന്ന തരത്തിൽ കേസിലെ മൂന്നാം പ്രതി ജോയലിന്റെ ശബ്ദ സന്ദേശം ലഭിച്ചതും പൊലീസ് കോടതിയിൽ സമർപ്പിച്ചിരുന്നു. അപകടം നടന്നശേഷം രാവിലെ 9.25 ന് ജോയൽ സുഹൃത്തിന് അയച്ച ശബ്ദസന്ദേശമാണ് പുറത്തു വന്നത്. മദ്യപിച്ച് വാഹനം ഓടിച്ചത് വ്യക്തമാക്കുന്നതാണ് ശബ്ദസന്ദേശത്തിലെ ഉള്ളടക്കം.

എന്നാൽ, സുഹൈലിന്റെ ഭാഗത്തുനിന്ന് വീഴ്ചകൾ സംഭവിച്ചിട്ടില്ലെന്നും കസ്റ്റഡി കാലാവധി പൂർത്തിയായതിനാൽ ഇനിയും ജയിലിൽ അടയ്ക്കുന്നത് ശരിയല്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. കോടതി ഈ വാദം തള്ളുകയായിരുന്നു. നേരത്തെ അങ്കമാലി മജിസ്ട്രേറ്റ് കോടതിയും പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് പ്രതികൾ സെഷൻസ് കോടതിയെ സമീപിച്ചത്.

English Summary

The Ernakulam Additional Sessions Court has rejected bail pleas of Suhail Sajeev and co-accused Ninav, Joel, and Ameer in the Nedumbassery Mini Cooper accident case that killed three students on October 11. Prosecutors cited alleged drunk driving, excessive speeding, and evidence against Suhail, including a voice message sent by Joel after the crash. The court upheld the prosecution’s objections.
RELATED TOPICS: NEDUMBASSERY ACCIDENT, MINI COOPER ACCIDENT CASE, SUHAIL SAJEEV, SUHAIL SAJEEV BAIL PLEA, BAIL PLEA REJECTED

Read News ⏭️

Back to top button