കളമശേരിയിലെ പാലക്കാടൻ മസാലസോഡ കടയിൽ ആരോഗ്യവകുപ്പിന്റെ മിന്നൽ പരിശോധന; ആശങ്കയിൽ നാട്ടുകാർ

കളമശേരിയിൽ മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ നഗരസഭയുടെ ആരോഗ്യ വിഭാഗം പരിശോധനകൾ ശക്തമാക്കി. എച്ച്എംടി റോഡ്, സീപോർട്ട് – എയർപോർട്ട് റോഡ് എന്നിവിടങ്ങളിൽ പ്രവർത്തിച്ചു വന്നിരുന്ന ലൈസൻസില്ലാത്ത ശീതളപാനീയ കച്ചവട കേന്ദ്രങ്ങൾ അധികൃതർ അടച്ചുപൂട്ടി. ഇവിടെനിന്ന് ഗുണനിലവാരമില്ലാത്ത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. നടപ്പാതകൾ കയ്യേറി നടത്തിയിരുന്ന ഇത്തരം കച്ചവടങ്ങൾക്കെതിരെ കർശന നടപടിയാണ് സ്വീകരിച്ചത്. റോഡിലേക്ക് തള്ളിനിൽക്കുന്ന രീതിയിൽ സ്ഥാപിച്ചിരുന്ന പരസ്യബോർഡുകളും ഉദ്യോഗസ്ഥർ നീക്കം ചെയ്തു. തീർത്തും വൃത്തിഹീനമായ അന്തരീക്ഷത്തിലായിരുന്നു പല കടകളും പ്രവർത്തിച്ചിരുന്നത്. ഉപയോഗിക്കുന്ന വെള്ളവും ഐസും നിലവാരമില്ലാത്തതാണെന്നും വ്യക്തമായതിനെ തുടർന്നാണ് അധികൃതർ നടപടി സ്വീകരിച്ചത്. നഗരസഭയുടെ യാതൊരുവിധ അനുമതിയും കൂടാതെയാണ് ഈ സ്ഥാപനങ്ങൾ പ്രവർത്തിച്ചു വന്നിരുന്നത്.
ഭക്ഷ്യ എണ്ണ വീണ്ടും ഉപയോഗിക്കുന്നത് തടയുന്നതിനും സ്ഥാപനങ്ങളിലെ ശുചിത്വം ഉറപ്പുവരുത്തുന്നതിനുമായി ഭക്ഷ്യസുരക്ഷാ കമ്മീഷണറേറ്റിന്റെ നിർദ്ദേശപ്രകാരം ‘ഓപ്പറേഷൻ തെളിമ 2’ എന്ന പേരിൽ എറണാകുളം ജില്ലയിൽ പ്രത്യേക പരിശോധനാ ഡ്രൈവ് നടത്തി. എണ്ണയിൽ വറുക്കുന്ന പലഹാരങ്ങൾ നിർമ്മിച്ച് വിതരണം ചെയ്യുന്ന കടകൾ കേന്ദ്രീകരിച്ചായിരുന്നു പ്രധാന പരിശോധനകൾ. ചെളിക്കവട്ടം, പൊന്നുരുന്നി, പാലാരിവട്ടം, കറുകപ്പിള്ളി, എറണാകുളം മാർക്കറ്റ്, പള്ളിമുക്ക്, ആലുവ എന്നീ പ്രദേശങ്ങളിലെ സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.




