NEWS

ചേരാനല്ലൂർ വാഹനാപകടക്കേസ് പൊലീസിന് വീഴ്ചയുണ്ടായെന്ന് ചെന്നിത്തല, മന്ത്രിയെ അനുസരിക്കുന്നില്ലെന്ന് പിണറായി

 നിയമസഭയിൽ പ്രതിപക്ഷത്തിന്റെ വാക്കൗട്ട്

തിരുവനന്തപുരം: ചേരാനല്ലൂർ വാഹനാപകടക്കേസിൽ പൊലീസിന് വീഴ്ചയുണ്ടായെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിയമസഭയിൽ പറഞ്ഞു. കുറ്റക്കാരെ സംരക്ഷിക്കില്ല. ജഡ്ജിയുടെ മകനല്ല, ആരുടെ മകനാണെങ്കിലും നിയമം ഒരുപോലെയാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ജനങ്ങൾക്ക് പൊലീസിൽ വിശ്വാസമില്ലെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ തിരിച്ചടിച്ചു. പൊലീസ് വീഴ്ചകളെക്കുറിച്ച് എ.സി. മൊയ്തീന്റെ അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കുമ്പോഴായിരുന്നു വാക്പോര്.

ആഭ്യന്തര മന്ത്രിയെ പൊലീസ് അനുസരിക്കുന്നില്ലെന്ന് പിണറായി ആരോപിച്ചു. സ്വാധീനമുള്ളവരെയും സമ്പന്നരെയും ഒരു വിഭാഗമായും പാവങ്ങളെ വേറെയുമായാണ് പൊലീസ് പരിഗണിക്കുന്നത്. വിദ്യാർത്ഥികളുടെ തലയ്ക്കടിക്കരുതെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞശേഷവും അത് തുടർന്നു. പൊലീസിന്റെ അക്രമവാസന നിയന്ത്രിക്കണമെന്നും പിണറായി വാക്കൗട്ട് പ്രസംഗത്തിൽ പറഞ്ഞു.

ചേരാനല്ലൂരിൽ പ്രതിക്കു ജാമ്യം ലഭിച്ചതിൽ പൊലീസിനു വീഴ്ച ഉണ്ടായെന്നു തുറന്നുപറയാൻ മടിയില്ലെന്ന് ചെന്നിത്തല പറഞ്ഞു. പാവപ്പെട്ട ഒരാൾ അപകടത്തിൽ മരിച്ച് ശവദാഹം നടക്കുന്നതിനു മുൻപ് പ്രതിക്കു ജാമ്യം അനുവദിച്ചത് അപലപനീയമാണ്. ജാമ്യം ലഭിക്കുന്ന വകുപ്പുകൾ ചുമത്തിയത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് ഡി.ജി.പിയെ വിളിച്ച് ചോദിച്ചിരുന്നു. പൊലീസിന്റെ തെറ്റുകളെ കണ്ണടച്ച് ന്യായീകരിക്കേണ്ട ബാധ്യത സർക്കാരിനില്ലെന്നും ചെന്നിത്തല പറഞ്ഞു.

 തിരിച്ചടിയായത് ദുർബല വകുപ്പുകൾ

കേസിലെ വകുപ്പുകൾ മയപ്പെടുത്തിയത് കൊണ്ടാണ് അഡി.ജഡ്ജിയുടെ പ്രായപൂർത്തിയാവാത്ത മകന് ജാമ്യം കിട്ടിയതെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. ഔദ്യോഗിക കാര്യങ്ങൾക്കല്ലാതെ പൊലീസ് സ്റ്റേഷനിൽ ജഡ്ജി പോവാൻ പാടില്ല. മരിച്ച ജയപാലകൃഷ്ണന്റെ മകളോട് ജഡ്ജി പൊട്ടിത്തെറിച്ചത് മര്യാദയില്ലാത്ത പെരുമാറ്റമായിരുന്നു. വാഹന ഉടമയായ ജഡ്ജിക്കെതിരേ കേസെടുത്ത് ഹൈക്കോടതി രജിസ്ട്രാറെ വിവരമറിയിച്ചിട്ടുണ്ട്. ഒരു പണക്കാരനും ഇത്തരം കേസുകളിൽ സ്വാധീനം ചെലുത്താൻ സർക്കാർ അനുവദിക്കില്ല.

ഫോണിലെ ദൃശ്യം നശിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥർക്കും എഫ്‌.ഐ.ആറിൽ പ്രധാന വകുപ്പുകൾ ചേർക്കാത്ത ഉദ്യോഗസ്ഥർക്കുമെതിരേ മുഖം നോക്കാതെ നടപടിയുണ്ടവുമെന്നും ചെന്നിത്തല വ്യക്തമാക്കി. തുടർന്ന് ചർച്ചയ്‌ക്ക് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം വാക്കൗട്ട് നടത്തി.

Read News ⏭️

Back to top button