NEWS

തേനി ജയിൽ ചാട്ടം: ഗാർഡിന്റെ മാലയുമായി കടന്ന തടവുകാരൻ സ്വയം തിരിച്ചെത്തി; ഇടുക്കി അതിർത്തിയിൽ അതീവ ജാഗ്രത

തേനി ∙ ആണ്ടിപ്പട്ടിയിലെ തെക്കംപെട്ടി ജില്ലാ ജയിലിൽ നിന്ന് ചാടിപ്പോയ തടവുകാരിൽ ഒരാൾ ഒടുവിൽ പൊലീസിന് മുന്നിൽ കീഴടങ്ങി. മധുര സ്വദേശിയായ പ്രവീൺ എന്ന തടവുകാരനാണ് പൊലീസിന്റെ കനത്ത തിരച്ചിലിനിടെ സ്വമേധയാ ജയിലിലേക്ക് തിരിച്ചെത്തി കീഴടങ്ങിയത്. രക്ഷപ്പെടാനുള്ള എല്ലാ പഴുതുകളും പൊലീസ് കൊട്ടിയടച്ചതാണ് ഇയാളെ കീഴടങ്ങാൻ പ്രേരിപ്പിച്ചത്. പിടിയിലായാൽ പൊലീസ് നടപടികൾ കടുപ്പമാകുമെന്നും എൻകൗണ്ടർ പോലുള്ള ഭീഷണി ഉണ്ടെന്നും ഭയന്നാണ് പ്രവീൺ മടങ്ങിയെത്തിയതെന്നാണ് കരുതപ്പെടുന്നത്. എന്നാൽ, പ്രവീണിനെ പിടികൂടിയതാണെന്നാണ് പൊലീസിന്റെ ഔദ്യോഗിക ഭാഷ്യം. രക്ഷപ്പെട്ടവരിൽ രാജാ സിക്കന്ദർ, രാജ് കുമാർ, സിലമ്പരശൻ എന്നിവരെ പ്രദേശത്ത് നടത്തിയ തിരച്ചിലിൽ പൊലീസ് പിടികൂടിയിരുന്നു.

ജയിൽ ചാടുന്നതിനിടെ തടവുകാർ ഒരു ജയിൽ ഉദ്യോഗസ്ഥന്റെ ഒന്നര പവൻ സ്വർണമാലയും കവർന്നതായാണ് വിവരം. സംഭവത്തിൽ ജയിൽ വാർഡൻ ഉൾപ്പെടെ പത്ത് ജീവനക്കാരെ ജയിൽ ഡിജിപി സന്ദീപ് റായ് റാത്തോഡ് സസ്പെൻഡ് ചെയ്തു. ഡിജിപിയുടെ നേതൃത്വത്തിൽ മധുരയിൽ ഉന്നതതല അവലോകന യോഗം പുരോഗമിക്കുകയാണ്. തമിഴ്നാട് പൊലീസിന്റെ 17 പ്രത്യേക സംഘങ്ങളാണ് പ്രതികൾക്കായി വല വിരിച്ചിരിക്കുന്നത്.

അതേസമയം, തടവുകാർ കേരളത്തിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് തമിഴ്നാട് പൊലീസ് കേരളത്തിന് കൈമാറി. അതിർത്തി പങ്കിടുന്ന പ്രദേശമായതിനാലും കാടും മലയും ഉള്ളതുകൊണ്ട് ഒളിത്താവളമാക്കാൻ എളുപ്പമാണെന്നും കണക്കുകൂട്ടുന്നതിനാലാണ് സംഘം കേരളത്തിലേക്ക് കടക്കാൻ ശ്രമിക്കുമെന്ന ആശങ്ക ഉയരുന്നത്. കുമളി, മറയൂർ, ബോഡിമെട്ട്, കമ്പംമെട്ട് ചെക്ക്പോസ്റ്റുകളിൽ സുരക്ഷയും നിരീക്ഷണവും ശക്തമാക്കിയതായി ഇടുക്കി ജില്ലാ പൊലീസ് മേധാവി ഡോ. എ. നസീം അറിയിച്ചു. ലഭ്യമായ വിവരങ്ങൾ പ്രകാരം ചാടിപ്പോയ തടവുകാർക്കെതിരെ നിലവിൽ കേരളത്തിൽ കേസുകളൊന്നും നിലവിലില്ല.

Fashion ⏭️

Back to top button