LIFESTYLE

എന്ത് വീട്ടുജോലി ചെയ്യാനും ഭാവിയിൽ യന്ത്രങ്ങളോ? ചൈനയിൽ ‘റോബട്ട് ട്രെയിനർമാർ’ പണി തുടങ്ങി! വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ


ആർട്ടിഫിഷ്യൽ ഇന്റലിജൻസിനും റോബട്ടിക്സിനും പിന്നിലെ സാങ്കേതികവിദ്യ അതിവേഗം വളരുകയാണ്. എന്നാൽ സാങ്കേതികവിദ്യ എത്ര വളർന്നാലും, മനുഷ്യന്റെ സാധാരണ ശാരീരിക ചലനങ്ങളും പ്രവൃത്തികളും യന്ത്രങ്ങൾക്ക് പകർന്നുനൽകുക എന്നത് വലിയൊരു വെല്ലുവിളിയാണ്. ചൈനയിൽ ഈ വെല്ലുവിളിക്ക് പുതിയൊരു പരിഹാരമായി ഉയർന്നുവരുന്ന ‘റോബട്ട് ട്രെയിനർമാർ’ എന്ന അസാധാരണ തൊഴിലാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ ചർച്ചയാകുന്നത്.റോബട് ട്രെയിനർ വീടുകളിലും ഫാക്ടറികളിലും മനുഷ്യരെപ്പോലെ സ്വയം പ്രവർത്തിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ പ്രാപ്തമാക്കുക എന്നതാണ് ഈ തൊഴിലാളികളുടെ ദൗത്യം. ഇതിനായി ഇവർ ചെയ്യുന്ന കാര്യങ്ങൾ കൗതുകകരവും അതേസമയം കഠിനവുമാണ്. തൊഴിലാളികൾ ശരീരത്തിൽ മോഷൻ-ക്യാപ്ചർ സെൻസറുകൾ, സെൻസർ ബ്രേസ്‌ലെറ്റുകൾ, തലയിൽ ഘടിപ്പിച്ച ക്യാമറകൾ എന്നിവ ധരിക്കുന്നു. കംപ്യൂട്ടർ സ്ക്രീനിൽ നൽകുന്ന നിർദേശങ്ങൾ അനുസരിച്ച് ഇവർ വസ്ത്രങ്ങൾ മടക്കുക, പാത്രങ്ങൾ കഴുകുക, കപ്പുകൾ എടുത്തുമാറ്റുക, മേശകൾ തുടയ്ക്കുക, കൗണ്ടറുകൾ വൃത്തിയാക്കുക തുടങ്ങി ദൈനംദിന കാര്യങ്ങൾ തുടർച്ചയായി ചെയ്യുന്നു. മനുഷ്യർ ചെയ്യുന്ന ഈ പ്രവർത്തികൾ ഡേറ്റകളായി റെക്കോർഡ് ചെയ്ത്, ഭാവിയിൽ റോബട്ടുകൾക്ക് പഠിക്കാനായി ‘ട്രെയിനിങ് സെറ്റുകൾ’ ആക്കി മാറ്റുന്നു.കഠിനമായ അധ്വാനവും കർശന നിരീക്ഷണവും ചൈനയിലെ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിൽ ഇത്തരം ജോലികളുടെ പരസ്യങ്ങൾ വ്യാപകമായതോടെ ഒട്ടേറെ പേരാണ് ഇതിലേക്ക് ആകർഷിക്കപ്പെടുന്നത്. ജോലി നഷ്ടപ്പെട്ട മുതിർന്ന തൊഴിലാളികൾ, ഹ്രസ്വകാല ഇന്റേൺഷിപ് തേടുന്ന വിദ്യാർഥികൾ, വീട്ടിലിരുന്ന് ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന രക്ഷിതാക്കൾ എന്നിവരൊക്കെ ഇതിൽ ഉൾപ്പെടുന്നു. പ്രതിമാസം 4,000 മുതൽ 6,000 യുവാൻ വരെയാണ് (ഏകദേശം 85,000 ഇന്ത്യൻ രൂപ) ഇവർക്ക് ലഭിക്കുന്ന പ്രതിഫലം.എന്നാൽ ഈ ജോലിക്ക് പിന്നിൽ വലിയ ശാരീരികവും മാനസികവുമായ സമ്മർദങ്ങളുണ്ട്. തൊഴിലാളികൾക്ക് ദിവസവും നിശ്ചിത ലക്ഷ്യങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. ചിലർക്ക് ദിവസവും 200 തവണയോളം പാത്രങ്ങൾ കഴുകുകയോ മേശകൾ തുടയ്ക്കുകയോ ചെയ്യേണ്ടി വരുന്നു. തൊഴിലാളികളുടെ ഉൽപാദനക്ഷമതയും വേഗവും ഡിജിറ്റൽ സ്ക്രീനുകൾ വഴി സൂക്ഷ്മമായി നിരീക്ഷിക്കപ്പെടുന്നു. ‘റോബട്ടുകളെ പരിശീലിപ്പിക്കുക എന്നതിലുപരി, ഒരു കൊച്ചു കുട്ടിയെ പഠിപ്പിക്കുന്നതുപോലെയാണ് ഇത് അനുഭവപ്പെടുന്നത്’, ഒരു ഉപയോക്താവ് സമൂഹമാധ്യമത്തിൽ അഭിപ്രായപ്പെട്ടു.യന്ത്രങ്ങൾ നമ്മെത്തന്നെ മാറ്റിസ്ഥാപിക്കുമോ? ലഭിക്കുന്ന പ്രതിഫലം തങ്ങൾ സഹിക്കേണ്ടി വരുന്ന കഠിനമായ അധ്വാനത്തിന് മതിയായതല്ലെന്ന് പല തൊഴിലാളികളും അഭിപ്രായപ്പെടുന്നുണ്ട്. ഇതിലുപരി, ഈ തൊഴിൽ രംഗത്ത് വലിയൊരു വിരോധാഭാസവും നിലനിൽക്കുന്നുണ്ട്. ‘മനുഷ്യർ റോബട്ടുകളെ ജോലി ചെയ്യാൻ പഠിപ്പിക്കുന്നു; എന്നാൽ, തങ്ങളെ പരിശീലിപ്പിച്ച അതേ തൊഴിലാളികളെത്തന്നെ ഒരു ദിവസം ഈ യന്ത്രങ്ങൾ മാറ്റിസ്ഥാപിക്കും’, എന്ന് ഒരു ഉപയോക്താവ് സമൂഹമാധ്യമത്തിൽ കുറിച്ചു.


Cinema ⏭️

Back to top button