NEWS
ധൻബാദ് എക്സ്പ്രസിന്റെ സമയക്രമത്തിൽ ആലപ്പുഴയിൽ നിന്ന് പുതിയ ട്രെയിനിനു സാധ്യത; ഷൊർണൂർ, ഗുരുവായൂർ?

ആലപ്പുഴ ∙ എറണാകുളത്തു യാത്ര അവസാനിപ്പിക്കുന്ന ടാറ്റാനഗർ എക്സ്പ്രസ് ആലപ്പുഴയിലേക്കു നീട്ടുന്നതിനു പകരം പുതിയ ട്രെയിൻ അനുവദിക്കാൻ സാധ്യത. ധൻബാദ് എക്സ്പ്രസിന്റെ സമയക്രമത്തിൽ ആലപ്പുഴയിൽ നിന്ന് ഷൊർണൂരിലേക്കോ ഗുരുവായൂരിലേക്കോ പുതിയ ട്രെയിൻ ഓടിക്കുന്ന കാര്യമാണ് റെയിൽവേ പരിഗണിക്കുന്നത്. ധൻബാദ് – ആലപ്പുഴ എക്സ്പ്രസ് തിരുവനന്തപുരം നോർത്ത് വരെ നീട്ടിയതോടെ പകരമായി എറണാകുളത്തു യാത്ര അവസാനിപ്പിക്കുന്ന ടാറ്റാനഗർ എക്സ്പ്രസ് അടക്കമുള്ള ട്രെയിനുകൾ ആലപ്പുഴയിലേക്കു നീട്ടണമെന്ന് ആവശ്യമുയർന്നിരുന്നു.ടാറ്റാനഗർ എക്സ്പ്രസിന്റെ സമയത്ത് ആലപ്പുഴ സ്റ്റേഷനിൽ ഒഴിവുണ്ടാകാൻ സാധ്യതയില്ലെന്നും ഈ ട്രെയിനിന്റെ അറ്റകുറ്റപ്പണികൾക്ക് ഇവിടെ സൗകര്യം കുറവായിരിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ടാറ്റാനഗർ ആലപ്പുഴയിലേക്ക് നീട്ടണമെന്ന ആവശ്യം റെയിൽവേ പരിഗണിക്കാത്തത്. തീരദേശ റെയിൽപാതയുടെ ഇരട്ടിപ്പിക്കലിന്റെ ഭാഗമായി ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെ മെയ്ന്റനൻസ് ഡിപ്പോ അടച്ചുപൂട്ടാനും പിറ്റ്ലൈൻ പൊളിച്ചു നീക്കാനും റെയിൽവേ നീക്കം ആരംഭിച്ചിട്ടുണ്ട്. ദീർഘദൂര ട്രെയിനുകൾ ആലപ്പുഴയിലേക്കു നീട്ടുന്നതിന് ഇതും വെല്ലുവിളിയാണ്. ദീർഘദൂര ട്രെയിനുകളുടെ അറ്റകുറ്റപ്പണിക്കും സർവീസ് ക്രമീകരണത്തിനും പിറ്റ് ലൈൻ അനിവാര്യമാണ്.
Fashion ⏭️



