NEWS
സംവത് 2083 വർഷത്തിലേക്ക് ഇന്ത്യ; വിടപറയുന്നത് മോദി സർക്കാരിന് കീഴിലെ ഏറ്റവും മോശം വർഷം, ആശങ്ക ഇനിയും ബാക്കി

സംവത് 2083 വർഷത്തിലേക്ക് ഇന്ത്യ. ഹൈന്ദവ വിശ്വാസപ്രകാരമുള്ള പുതിയ സംവത് വർഷത്തിലേക്ക് രണ്ടാഴ്ചയ്ക്കകം ഇന്ത്യ ചുവടുവയ്ക്കുമെങ്കിലും അനിശ്ചിതത്വം ബാക്കി. 2014ൽ പ്രധാനമന്ത്രി പദത്തിലേറിയ നരേന്ദ്ര മോദി സർക്കാർ വന്നശേഷമുള്ള ഏറ്റവും മോശം വർഷമാണ് കടന്നുപോകുന്നത്. സംവത് 2082ൽ നിഫ്റ്റി 13 ശതമാനവും സെൻസെക്സ് 14 ശതമാനവും ഇടിഞ്ഞു. 2078 സംവത് വർഷത്തിൽ (2021 നവംബർ 3 മുതൽ 2022 ഒക്ടോബർ 21) നിഫ്റ്റി 1.4 ശതമാനവും സെൻസെക്സ് 1.3 ശതമാനവും നഷ്ടം നേരിട്ട ശേഷം ഇത്രയും വലിയ ഇടിവ് ആദ്യം. യുക്രെയ്ൻ-റഷ്യ യുദ്ധവും കേന്ദ്രബാങ്കുകളുടെ പലിശ നിരക്ക് വർധനയുമാണ് സംവത് 2078ൽ വിപണിക്ക് തിരിച്ചടിയായത്. കഴിഞ്ഞ ചില വർഷങ്ങളിൽ ഓഹരി വിപണിയിൽ നിന്ന് നിക്ഷേപകർക്ക് മികച്ച റിട്ടേൺ ലഭിച്ചതായും കണക്കുകൾ പറയുന്നു. സംവത് 2080 നിക്ഷേപകർക്ക് സമ്മാനിച്ചത് 24.6 ശതമാനം നേട്ടമാണ്. സംവത് 2077ൽ 40.2 ശതമാനമായിരുന്നു ലാഭം. മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷമുള്ള സംവത് 2071 മുതൽ 2081 വരെയുള്ള കാലഘട്ടത്തിൽ ഓഹരി നിക്ഷേപങ്ങൾക്ക് ശരാശരി 12 ശതമാനം വാർഷിക റിട്ടേൺ ലഭിച്ചു. പിന്നീട് ഇറാൻ യുദ്ധത്തിൽ ക്രൂഡോയിൽ വില കുതിച്ചതും വിദേശ നിക്ഷേപകരുടെ പിന്മാറ്റവുമാണ് ഇന്ത്യൻ ഓഹരി വിപണിക്ക് തിരിച്ചടിയായത്. പണപ്പെരുപ്പ ഭീഷണി വർധിച്ചതും നിക്ഷേപകരെ ആശങ്കയിലാഴ്ത്തി. 2026ൽ മാത്രം വിദേശ നിക്ഷേപകർ 3.08 ലക്ഷം കോടി രൂപയുടെ ഓഹരി വിറ്റൊഴിവാക്കി. ദീർഘകാല മൂലധന നേട്ട നികുതി (എൽടിസിജി) പോലുള്ളവയും തിരിച്ചടിയായി.
Fashion ⏭️




