NEWS
അരിയില്ല, ഇനി എത്രകാലം വിളമ്പും? ജനകീയ ഹോട്ടലുകൾ നഷ്ടത്തിൽ, ചിലതു പൂട്ടി

പാലക്കാട് ∙ അരി എടുക്കുന്നതിനുള്ള പെർമിറ്റ് സിവിൽ സപ്ലൈസ് വകുപ്പ് നൽകാതായതോടെ ജനകീയ ഹോട്ടലുകൾ നഷ്ടത്തിൽ. പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകാനാകാതെ ചിലയിടങ്ങളിൽ ഊണിന്റെ വില കൂട്ടി. ചിലത് നിർത്തുകയും ചെയ്തു. കുറഞ്ഞ വിലയ്ക്ക് ഊണു നൽകുന്ന ജനകീയ ഹോട്ടലുകൾ തൊഴിലാളികൾക്ക് വലിയ ആശ്വാസമായിരുന്നു. ആദ്യം 20 രൂപയ്ക്കും പിന്നീട് 30 രൂപയ്ക്കുമാണ് ഇവിടങ്ങളിൽ ഊണു വിളമ്പിയിരുന്നത്. എന്നാൽ ഇപ്പോൾ മറ്റു ഹോട്ടലുകളിലെ അതേ തുക നൽകേണ്ട സ്ഥിതിയായിരിക്കുകയാണെന്ന് ഇവിടങ്ങളെ ആശ്രയിച്ചിരുന്നവർ പറയുന്നു.ജില്ലയിൽ കുറഞ്ഞ വിലയ്ക്ക് ഊണു നൽകുന്ന 35 ജനകീയ ഹോട്ടലുകളുണ്ട്. ഇവയ്ക്ക് പ്രതിമാസം 600 കിലോഗ്രാം അരിക്കുള്ള പെർമിറ്റാണ് സിവിൽ സപ്ലൈസ് വകുപ്പ് നൽകിയിരുന്നത്. ആവശ്യാനുസരണം ഹോട്ടലുകാർ ഗോഡൗണിൽ ചെന്ന് അരി എടുക്കുന്നത് മാർച്ച് മാസത്തോടെ നിർത്തി. പിന്നീട് സർക്കാർ ഉത്തരവ് വന്നിട്ടില്ലെന്നാണ് സിവിൽ സപ്ലൈസ് വകുപ്പ് അധികൃതർ അറിയിച്ചത്. ഹോട്ടലുകളുടെ വാടക, വൈദ്യുതി ബിൽ, വാട്ടർ ബിൽ എന്നിവ പഞ്ചായത്തിന്റെ ചുമതല ആയിരുന്നു. ചില പഞ്ചായത്തുകളിൽ അതും മുടങ്ങിയിട്ടുണ്ട്. ഇതെല്ലാം പ്രതിസന്ധി ഇരട്ടിയാക്കിയതോടെ ഊണിനു തുക വർധിപ്പിക്കാതെ നിവൃത്തിയില്ലാത്ത സ്ഥിതിയായി.
Fashion ⏭️




