SPORTS

വൈഭവിനു വേണ്ടി സീനിയറായ സഞ്ജു സാംസൺ മൂന്നാം നമ്പരിലേക്കു മാറണം, അഭിഷേകിനെ മാറ്റാനാകില്ല: ആവശ്യവുമായി മുൻ ഇന്ത്യൻ‍ താരം


ക്രൈസ്റ്റ്ചർച്ച്∙ ന്യൂസീലൻഡിനെതിരായ രണ്ടാം ട്വന്റി20യിൽ ബാറ്റിങ്ങിൽ തിളങ്ങാൻ സാധിച്ചില്ലെങ്കിലും കൗമാര താരം വൈഭവ് സൂര്യവംശിയെ പിന്തുണച്ച് മുന്‍ ഇന്ത്യൻ താരം മുരളി കാർത്തിക്ക്. പരുക്കേറ്റു പുറത്തായ ഇഷാൻ കിഷനു പകരം പ്ലേയിങ് ഇലവനിലെത്തിയ വൈഭവ് മൂന്നാം നമ്പരിലാണ് ബാറ്റിങ്ങിന് ഇറങ്ങിയത്. ഐപിഎലിലും ഇന്ത്യൻ ടീമിലും ഓപ്പണറായി മാത്രം കളിച്ചിട്ടുള്ള വൈഭവ് രണ്ടാം മത്സരത്തിൽ നിലയുറപ്പിക്കാൻ ബുദ്ധിമുട്ടി. വൈഭവിന് എട്ടു പന്തുകളിൽനിന്ന് നാലു റൺസെടുക്കാൻ മാത്രമാണു സാധിച്ചത്. നേഥൻ സ്മിത്തിന്റെ പന്തിൽ ഡാരിൽ മിച്ചൽ ക്യാച്ചെടുത്ത് വൈഭവിനെ പുറത്താക്കുകയായിരുന്നു. വൈഭവിനെ കളിപ്പിക്കുന്നുണ്ടെങ്കിൽ‍ ഓപ്പണറായി തന്നെ വേണമെന്നാണ് മുരളി കാർത്തിക്കിന്റെ നിലപാട്.അഭിഷേക് വൈഭവിന്റെ അതേ രീതിയിൽ കളിക്കുന്ന ബാറ്ററായതിനാൽ, മറ്റു പൊസിഷനുകളിലും കളിച്ചു ശീലമുള്ള സഞ്ജുവിനെ മാറ്റുന്നതാകും ഉചിതമെന്നും മുരളി കാര്‍ത്തിക്ക് പറഞ്ഞു. ‘‘വൈഭവ് സൂര്യവംശിയും അഭിഷേക് ശർമയും ഒരേ രീതിയിൽ കളിക്കുന്ന ബാറ്റർമാരാണ്. സഞ്ജുവിന് എല്ലാ പൊസിഷനുകളിലും കളിക്കാൻ സാധിക്കും. സഞ്ജുവിനെ എന്തുകൊണ്ടു മാറ്റുന്നുവെന്ന് ആളുകൾ ചോദിക്കുമായിരിക്കും. പക്ഷേ ഒരു സീനിയർ താരമെന്ന നിലയിൽ നിങ്ങൾ‍ പൊസിഷനുകൾ മാറേണ്ടിവരും. മധ്യനിരയിലേക്കാണ് ആളെ നോക്കുന്നതെങ്കിൽ അവിടെ കളിക്കാന്‍ സാധിക്കുന്ന ശിവം ദുബെയെ ടീമിലെടുക്കാമായിരുന്നു.’’– കാർത്തിക്ക് വ്യക്തമാക്കി.


Auto ⏭️

Back to top button