NEWS
മരണക്കെണി ഒരുക്കി റോഡിലെ ഹംപുകൾ; നിയന്ത്രണം വിട്ട് തെറിച്ചുവീഴും: രാത്രിയിൽ സ്ഥിതി രൂക്ഷം

കല്ലമ്പലം ∙ ഏറ്റവും തിരക്കേറിയ വർക്കല കല്ലമ്പലം റോഡിൽ മാവിന്മൂട് ജംക്ഷനിലെ ഹംപുകൾ മരണക്കെണിയായി തുടർന്നിട്ടും നടപടി ഇല്ലാത്തതിൽ ശക്തമായ പ്രതിഷേധം. ഇവിടെ മൂന്നു മാസത്തിനിടെ പൊലിഞ്ഞത് രണ്ട് ജീവനുകൾ. രണ്ടു പേരും യുവാക്കൾ. ചൊവ്വ പുലർച്ചെ അഞ്ചൽ ഏറം കമലാലയത്തിൽ അജയകൃഷ്ണൻ മരിച്ചതാണ് ഒടുവിലത്തെ സംഭവം. ബൈക്കിൽ വരുമ്പോൾ ഹംപിൽ കയറി നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ് മണിക്കൂറുകളോളം റോഡരികിൽ ചോര വാർന്ന് കിടന്നാണ് മരണം. ഹംപിൽ കയറി നിയന്ത്രണം വിട്ട ശേഷം ബൈക്ക് സമീപത്തെ സൂപ്പർമാർക്കറ്റ് മതിലിലും പിന്നീട് റോഡരികിലെ ട്രാൻസ്ഫോമറിലും ഇടിച്ചു കയറിയാണ് അപകടം. ഓഗസ്റ്റ് 23ന് ഞെക്കാട് സ്വദേശിയും വർക്കലയിലെ ബൈക്ക് ഷോറൂം ജീവനക്കാരനുമായ മനോജ് ഇതേ ഹംപിൽ വച്ചുണ്ടായ അപകടത്തിൽ മരിച്ചിരുന്നു. ഹംപിൽ കയറുമ്പോൾ നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് തെറിച്ചു വീഴുകയായിരുന്നു.ഒരാഴ്ച മുൻപ് മുത്താന സ്വദേശിയായ സാംസനും കുടുംബവും സഞ്ചരിച്ചിരുന്ന ബൈക്ക് ഹംപിൽ തെന്നി വീണ് സാംസനും ഭാര്യയ്ക്കും പരുക്കേറ്റിരുന്നു. ചെറുതും വലുതുമായ ധാരാളം അപകടങ്ങളാണ് നിത്യവും ഇവിടെ നടക്കുന്നതെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ഹംപിലെ പെയിന്റ്, റിഫ്ലക്ടർ എന്നിവ പൂർണമായി മാഞ്ഞു പോയതാണ് തുടർച്ചയായ ദുരന്തങ്ങൾക്ക് കാരണം. അടിയന്തരമായി അപകട മുന്നറിയിപ്പ് സംവിധാനങ്ങൾ സ്ഥാപിക്കാത്ത അധികൃതരുടെ അനാസ്ഥയ്ക്ക് എതിരെ കടുത്ത ജനരോഷം ഉയർന്നിട്ടുണ്ട്.
Fashion ⏭️




