NEWS

മന്ത്രി തെറിച്ചുപോയെന്നത് കൃത്രിമ മൊഴി: മുൻ എസ്.ഐ ദീപ്തി 

കണ്ണൂർ: മുൻ ആരോഗ്യമന്ത്രി വീണാ ജോർജിനെ കെ.എസ്.യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിന്റെ ആദ്യ അന്വേഷണത്തിൽ അട്ടിമറി നടന്നെന്ന് കണ്ണൂർ ടൗൺ മുൻ എസ്.ഐ ദീപ്തി. പ്രത്യേക അന്വേഷണ സംഘത്തിന് (എസ്‌.ഐ.ടി) നൽകിയ മൊഴിയിലാണ് ഇക്കാര്യമുള്ളത്. ആക്രമണത്തിനിടെ മന്ത്രി തെറിച്ചുപോയെന്നത് കൃത്രിമ മൊഴിയാണ്. ആദ്യ അന്വേഷണ സംഘം തന്റെ മൊഴി എടുത്തിട്ടില്ല. പറയാത്ത കാര്യങ്ങളാണ് തന്റെ പേരിൽ രേഖപ്പെടുത്തിയിട്ടുള്ളതെന്നും ദീപ്തി വ്യക്തമാക്കി. കഴിഞ്ഞ ഫെബ്രുവരി 25നാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വീണാ ജോർജിനെതിരെ കെ.എസ്.യു പ്രവർത്തകരുടെ പ്രതിഷേധമുണ്ടായത്. അന്ന് മന്ത്രിയുടെ സുരക്ഷാ ചുമതല വഹിച്ചിരുന്നത് ദീപ്തിയായിരുന്നു. മാരകായുധങ്ങൾ ഉപയോഗിച്ച് വീണ ജോർജിനെ ആക്രമിച്ചെന്ന കേസിൽ കെ.എസ്.യു ജില്ലാ പ്രസിഡന്റ് അടക്കം അന്ന് അഞ്ചുപേർക്കെതിരെ കേസെടുത്തിരുന്നു. എന്നാൽ സി.സി.ടിവി പരിശോധനയിൽ മാരകായുധങ്ങൾ ഉപയോഗിച്ചിട്ടില്ലെന്ന് കണ്ടെത്തുകയും വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ഒഴിവാക്കുകയുമായിരുന്നു.

Read News ⏭️

Back to top button