സിവിൽ എക്സൈസ് ഓഫീസർ കാലാവധി തീരാൻ നാലു മാസം; നിയമന ശുപാർശ 152 മാത്രം

തിരുവനന്തപുരം: കാലാവധി അവസാനിക്കാൻ നാല് മാസം ബാക്കി നിൽക്കെ സിവിൽ എക്സൈസ് ഓഫീസർ റാങ്ക്പട്ടികയിൽ നിന്ന് ഇതുവരെ നിയമനമായത് 152 പേർക്ക് മാത്രം. കഴിഞ്ഞ ഫെബ്രുവരിയിൽ നിലവിൽ വന്ന റാങ്ക്പട്ടികയിൽ നിന്ന് കൊല്ലം,പത്തനംതിട്ട,കോട്ടയം,എറണാകുളം,മലപ്പുറം,വയനാട്,കാസർകോട് ജില്ലകളിലെ നിയമനശുപാർശ ഒറ്റ അക്കത്തിലൊതുങ്ങി.
തിരുവനന്തപുരത്തും പാലക്കാടുമാണ് ഏറ്റവും കൂടുതൽ നിയമനം. 20 എണ്ണം. കോട്ടയത്ത് ഇതുവരെ രണ്ടുപേർക്ക് മാത്രമാണ് നിയമ നശുപാർശ അയച്ചത്. മിക്ക ജില്ലകളിലും ആദ്യഘട്ട നിയമനശുപാർശകളേ നടന്നിട്ടുള്ളൂ. കഴിഞ്ഞ റാങ്ക്പട്ടികയിലും നിയമനശുപാർശ കുറവായിരുന്നു. 14 ജില്ലകളിലായി 416 പേർക്കായിരുന്നു നിയമനം ലഭിച്ചത്.
തസ്തിക സൃഷ്ടിക്കൽ
കടലാസിൽ
സംസ്ഥാന നർക്കോട്ടിക് കൺട്രോൾ ബ്യൂറോ രൂപീകരിച്ചതോടെയാണ് എക്സൈസിൽ ജീവനക്കാരുടെ ക്ഷാമം രൂക്ഷമായത്. സിവിൽ എക്സൈസ് ഓഫീസർമാരുടെ തസ്തികകൾ പുതുതായി സൃഷ്ടിക്കാതെയായിരുന്നു ഇത്. സിവിൽ എക്സൈസ് ഓഫീസർ ഉൾപ്പെടെ 648 തസ്തിക സൃഷ്ടിക്കണമെന്ന എക്സൈസ് കമ്മിഷണറുടെ ശുപാർശ നടപ്പാകാത്തതും പ്രശ്നം രൂക്ഷമായി.
സ്കൂൾ വിദ്യാർത്ഥികളെ ലഹരിയുടെ പിടിയിൽ നിന്നും മോചിപ്പിക്കുന്നതും എക്സൈസിന്റെ ചുമതലയാണ്. സംസ്ഥാനത്താകെ 75 ലക്ഷത്തിലധികം സ്കൂൾ കുട്ടികളുണ്ട്. നിലവിൽ 1400 കുട്ടികൾക്ക് ഒരു എക്സൈസ് ഉദ്യോഗസ്ഥന്റെ നിരീക്ഷണമെന്നതാണ് അവസ്ഥ. എക്സൈസ് ഉദ്യോഗസ്ഥരുടെ എണ്ണം വർദ്ധിപ്പിച്ചാലേ ഇത്തരം പ്രവർത്തനങ്ങൾ പൂർണ നിലയിലെത്തൂ.




