NEWS
ഫാസ്ടാഗിൽ പണമില്ല; പന്നിയങ്കര ടോൾ പ്ലാസയിൽ കെഎസ്ആർടിസി ബസുകൾ തടഞ്ഞിട്ടു, അന്വേഷണം

വടക്കഞ്ചേരി ∙ഫാസ്ടാഗിൽ പണമില്ലാഞ്ഞതിനെത്തുടർന്ന് വടക്കഞ്ചേരി പന്നിയങ്കര ടോൾ പ്ലാസയിൽ കെഎസ്ആർടിസി ബസുകൾ തടഞ്ഞിട്ട സംഭവത്തിൽ അന്വേഷണം നടത്തി കെഎസ്ആർടിസിക്കു റിപ്പോർട്ട് നൽകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ബാങ്കിന്റെ ഭാഗത്തു നിന്നുണ്ടായ സാങ്കേതിക പ്രശ്നമാണ് വിനയായത്. കെഎസ്ആർടിസി ടെൻഡർ നടപടികളിലൂടെ ഇത്തരം പെയ്മെന്റിന് യൂണിയൻ ബാങ്കിനെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. ചൊവ്വാഴ്ച രാവിലെ അന്തർ സംസ്ഥാന ബസുകൾ ഉൾപ്പെടെ 5 ബസുകളാണ് തൃശൂരിലേക്ക് പോകുമ്പോൾ ടോൾ പ്ലാസയിൽ തടഞ്ഞത്. ഇതോടെ യാത്രക്കാർ ബസ് ജീവനക്കാരുമായി തർക്കത്തിലായി. യാത്രക്കാരെ ഇറക്കി ബസുകൾ ടോൾ പ്ലാസയ്ക്ക് സമീപം മാറ്റിയിട്ടു. സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് മറ്റു ബസുകളിൽ കയറി യാത്ര തുടരേണ്ടിവന്നു. ബസ് ജീവനക്കാർ തൃശൂർ ഡിപ്പോയുമായി ബന്ധപ്പെട്ടു. ഒടുവിൽ കണ്ടക്ടർ ഗൂഗിൾ പേ വഴി ടോൾപ്ലാസയിൽ പണമടച്ചതോടെയാണ് ജീവനക്കാർ ബസ് കടത്തിവിട്ടത്.
Fashion ⏭️




