LIFESTYLE
വീടിന്റെ പ്ലാൻ വരയ്ക്കുംമുൻപ് സ്ഥലം നേരിട്ട് കണ്ടില്ലെങ്കിൽ സംഭവിക്കുക വലിയ അബദ്ധങ്ങൾ; അനുഭവം

ആന കരയിലെ ഏറ്റവും വലിയ ജീവിയാണ്. കൊമ്പും തുമ്പിക്കയ്യും, കാലും വാലും ഒക്കെയുണ്ട്. നമ്മൾ മലയാളികൾ ചെർപ്പുളശ്ശേരി ചന്ദ്രശേഖരൻ, ഒറ്റപ്പാലം പത്മനാഭൻ, നെയ്യാറ്റിൻകര പുരുഷോത്തമൻ തുടങ്ങിയ ഘടാഘടിയൻ പേരുകൾ വിളിച്ച് ഈ ആനകളെ അഭിസംബോധന ചെയ്യാറുമുണ്ട്.ആനയെക്കുറിച്ചു മനസ്സിലാക്കണം എന്ന് ആഗ്രഹിക്കുന്ന ഒരാൾ ആദ്യം ചെയ്യേണ്ടത് ഏറ്റവും കുറഞ്ഞപക്ഷം ഒരു ആനയെ കാണുക എന്നതാണ്. അല്ലാതെ ആനശാസ്ത്രം പഠിപ്പിക്കുന്ന മാതംഗലീല എടുത്തു കാണാപ്പാഠം പഠിക്കുകയല്ല. ഞാൻ ഇവിടെ അവതരിപ്പിക്കാൻ പോകുന്ന കഥാപ്രസംഗം ഏതെങ്കിലും ആനയെക്കുറിച്ചല്ല.സിവിൽ എൻജിനീയറിങ്ങും, ആർക്കിടെക്ച്ചറും സംഗമിക്കുന്ന നിർമാണ ശാസ്ത്രത്തിലെ പ്രധാനമായ ഒരു വിഷയമാണ്, അതിന് ആനയെ ചുമ്മാ കൂട്ടുപിടിച്ചു എന്ന് മാത്രം.വീട് നിർമാണം ചർച്ച ചെയ്യുന്ന ചില സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിൽ ഇന്നലെ ഉയർന്നുവന്ന ഒരു ചോദ്യമാണ് ഈ വിഷയത്തിന് ആധാരം. “വീടിനു പ്ലാൻ വരയ്ക്കും മുന്നേ സൈറ്റ് കാണേണ്ടതുണ്ടോ ..പ്ലോട്ടിന്റെ സ്കെച്ച് കണ്ടാൽ പോരെ ?” ഇതായിരുന്നു ചോദ്യം.കേട്ടപാതി, കേൾക്കാത്തപാതി ആളുകൾ ചാടി വീണു. “കാണണം, കാണേണ്ട കാര്യമില്ല” എന്നീ ബഹുവിധ അഭിപ്രായങ്ങൾ ഉയർന്നുവന്നു. ജനാധിപത്യ സ്വാതന്ത്ര്യമുള്ള നാടാണ്, ആർക്കും അഭിപ്രായം പറയാം. എന്നാൽ സാങ്കേതിക വിഷയങ്ങളിൽ അങ്ങനെയല്ല. പറയുന്നതിന് റഫറൻസിന്റെ, യുക്തിയുടെ പിൻബലം വേണം.നമുക്ക് ആനക്കാര്യത്തിലേക്കു തിരിച്ചു പോകാം. ആനപ്രേമം മൂത്ത് ആനയെക്കാണാൻ പോകുന്ന ഒരാൾ, തനിക്കു ആനയെ ഏറ്റവും അടുത്തു കാണണം എന്ന മോഹത്തോടെ ആനയിൽ നിന്നും ഏതാണ്ടൊരു രണ്ടടി ദൂരത്തിൽ പോയി നിൽക്കുന്നു എന്ന് കരുതുക. അയാൾ ആനയെ കാണുമോ..?കാണും. പക്ഷേ ആനയുടെ കാലോ, വാലോ, തുമ്പിക്കയ്യോ ഒക്കെ മാത്രമേ കാണൂ എന്ന് മാത്രം. കാരണം അയാൾ നിൽക്കുന്നത് ആനയുടെ തൊട്ടു മുൻപിലാണ്. ഇനി, ഇതേ ആൾ ആനയിൽ നിന്നും ഒരു കിലോമീറ്റർ അകലെ പോയി നിൽക്കുന്നു എന്ന് സങ്കൽപിക്കുക. അപ്പോഴും അയാൾ ആനയെ കാണും. ദൂരെ ഒരു കറുത്ത ബിന്ദു ആയിട്ടാണ് എന്ന് മാത്രം. എന്ന് വച്ചാൽ ഇതിനു രണ്ടിനും ഇടയ്ക്കുള്ള ഒരു ദൂരത്തിൽ വച്ചാണ് അയാൾക്ക് ആനയെ ഏറ്റവും നന്നായി, വ്യക്തതയോടെ കാണാൻ കഴിയുന്നത് എന്നർഥം.
Cinema ⏭️




