NEWS
17ാം വയസ്സിൽ കൊലക്കേസ്; പൊലീസ് ഉദ്യോഗസ്ഥരെ കുത്തിയ മുന്നയുടെ പേരിൽ 21 കേസുകൾ

കൊച്ചി∙ വൈപ്പിൻ ഞാറയ്ക്കലിൽ പൊലീസിനെ ആക്രമിച്ച സംഭവത്തിലെ മുഖ്യപ്രതിക്കെതിരെയുള്ളത് കാപ്പ അടക്കം 21 കേസുകൾ. ഞാറയ്ക്കലിൽ പെട്രോൾ പമ്പിനു സമീപം ഗുണ്ടാസംഘത്തിന്റെ ആക്രമണത്തിൽ രണ്ട് പൊലീസുകാർക്ക് കഴിഞ്ഞ ദിവസം രാത്രി കുത്തേറ്റിരുന്നു. ഞാറയ്ക്കൽ പൊലീസ് സ്റ്റേഷനിലെ എസ്.ഐ ജിതിൻ, സിപിഒ രാകേഷ് എന്നിവർക്കാണ് പരുക്കേറ്റത്. ജിതിന്റെ തലയ്ക്ക് രണ്ട് സ്റ്റിച്ചും വലതു ചെറുവിരലിനു ഗുരുതര പരുക്കുമേറ്റിട്ടുണ്ട്. രാഗേഷിന്റെ തലയിൽ രണ്ടിടങ്ങളിലായി മൂന്ന് സ്റ്റിച്ചുകളും വലതു കവിളിൽ മൂന്ന് സ്റ്റിച്ചുകളുമുണ്ട്.പെട്രോൾ പമ്പിന് സമീപത്തു വച്ച് സ്വകാര്യ ബസ് ജീവനക്കാരും ഗുണ്ടാസംഘവും തമ്മിൽ തർക്കം നടക്കുന്നത് കണ്ട് പ്രശ്നം പരിഹരിക്കാൻ എത്തിയപ്പോഴാണ് പൊലീസുകാർക്ക് നേരെ ആക്രമണമുണ്ടായത്. കൊലക്കേസിൽ ഉൾപ്പെടെ പ്രതിയായ വളകടവ് വട്ടത്തറ വീട്ടിൽ ‘മുന്ന’ എന്ന് വിളിക്കുന്ന പ്രജിത്ത് (30), ഇയാളുടെ സഹോദരൻ പ്രജീഷ് (36), കടമക്കുടി ചരിയംതുരുത്ത് രാഗിൻ (32) എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പൊലീസുകാരെ ആക്രമിച്ചത്. ബസ് ജീവനക്കാരെ ആക്രമിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടയിൽ പ്രതികൾ കത്തിയെടുത്ത് ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു. പരുക്കേറ്റെങ്കിലും എസ്ഐയും സംഘവും പ്രതികളെ കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുത്തു.സംഭവത്തിൽ പിടിയിലായ മറ്റൊരു പ്രതിയായ രാഗിനും ക്രിമിനൽ പശ്ചാത്തലമുള്ളയാളാണ്. വരാപ്പുഴ, ചേരാനല്ലൂർ, ഞാറയ്ക്കൽ സ്റ്റേഷൻ പരിധികളിലായി വധശ്രമം, ആയുധം ഉപയോഗിച്ചുള്ള ഗുരുതരമായ ആക്രമണങ്ങൾ, അതിക്രമിച്ച് കടക്കൽ, കേരള പൊലീസ് ആക്ട് പ്രകാരമുള്ള ലംഘനങ്ങൾ തുടങ്ങിയ നിരവധി കേസുകൾ ഇയാളുടെ പേരിലുണ്ട്. പ്രജീഷിനെതിരെയും ഞാറയ്ക്കൽ സ്റ്റേഷനിൽ ആയുധം ഉപയോഗിച്ചുള്ള മർദനം, ഭീഷണിപ്പെടുത്തൽ, വഴി തടയൽ തുടങ്ങിയ കേസുകളുണ്ട്.
Fashion ⏭️




