SPORTS
‘അഭിഷേകും സഞ്ജുവും മികച്ച ഫോമിൽ, അങ്ങനെ പെട്ടെന്ന് ടീമിലേക്ക് കടന്നുകയറാനാവില്ല’: വൈഭവിന് മുന്നിൽ ‘വാതിൽ’ അടച്ച് ശ്രേയസ്സ്

ക്രൈസ്റ്റ്ചർച്ച് ∙ ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പരയ്ക്ക് മുന്നോടിയായി കൗമാരതാരം വൈഭവ് സൂര്യവംശിയെ പ്രശംസിച്ചും അതേസമയം ടീം കോംബിനേഷനെക്കുറിച്ച് വ്യക്തത വരുത്തിയും ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യർ. അഭിഷേക് ശർമയും സഞ്ജു സാംസണും ഓപ്പണിങ്ങിൽ മികച്ച ഫോമിൽ തുടരുന്നതിനാൽ, വൈഭവിന് പ്ലെയിങ് ഇലവനിലേക്ക് പെട്ടെന്നു കടന്നു കയറാനാകില്ലെന്നും എന്നാൽ വരും ദിവസങ്ങളിൽ വൈഭവിന് കൃത്യമായ അവസരങ്ങൾ ലഭിക്കുമെന്നും ശ്രേയസ്സ് അയ്യർ വ്യക്തമാക്കി.‘‘സൂര്യവംശിയെപ്പോലെയുള്ള ഒരു പ്രതിഭ ഡ്രസ്സിങ് റൂമിൽ എപ്പോഴും സന്തോഷവാനായിരിക്കുക എന്നത് പ്രധാനമാണ്. അവൻ വളരെ ചെറുപ്പമാണ്, അവസരങ്ങൾ ലഭിക്കാൻ ഇനിയും ഒരുപാട് വർഷങ്ങൾ മുന്നിലുണ്ട്. നമ്മുടെ ഓപ്പണർമാർ സ്ഥിരതയോടെ റൺസ് കണ്ടെത്തുകയും ലോകകപ്പ് ജയിക്കുകയും ചെയ്തവരായതുകൊണ്ട്, അവന് ഇപ്പോൾ നേരിട്ട് ടീമിലേക്ക് വരാൻ കഴിയില്ല.’’- ട്വന്റി20 പരമ്പരയ്ക്ക് മുന്നോടിയായി ശ്രേയസ്സ് അയ്യർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അഫ്ഗാനിസ്ഥാൻ, വെസ്റ്റിൻഡീസ് എന്നിവർക്കെതിരായ ആഭ്യന്തര പരമ്പരകൾക്കും ഏഷ്യൻ ഗെയിംസിനും ശേഷമുള്ള കടുത്ത ഷെഡ്യൂളുകൾ പൂർത്തിയാക്കിയാണ് ഇന്ത്യ ന്യൂസീലൻഡിൽ എത്തിയിരിക്കുന്നത്. യാത്രകളും മത്സരങ്ങളും പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതുമെല്ലാം ഒരുപോലെ ആസ്വാദ്യകരമാണെന്നും എങ്ങനെ ജയിക്കണം എന്നതിനെക്കുറിച്ച് മാത്രമാണ് ഡ്രസ്സിങ് റൂമിൽ ചർച്ചകൾ നടക്കുന്നതെന്നും അയ്യർ കൂട്ടിച്ചേർത്തു.
Auto ⏭️




