‘അച്ഛൻ ചെയ്യരുതായിരുന്നെന്ന് മക്കൾ പറഞ്ഞ സിനിമകളുണ്ട്, ഒപ്പം നിൽക്കാൻ കുടുംബം മാത്രമെ ഒള്ളൂ’

ജയസൂര്യ
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ജയസൂര്യ. ആട് ത്രീയ്ക്ക് ശേഷം സജീവമല്ലാതിരുന്ന താരം ഒരിടവേളയ്ക്ക് ശേഷം വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്. ഇപ്പോഴിതാ ജയസൂര്യയുടെ ഏറ്റവും പുതിയ അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഏറ്റവും പുതിയ ചിത്രമായ ‘ടൈറ്റൻസ്’ ഏറെ നാളുകൾക്ക് ശേഷം അഭിനയിച്ച ഒരു മുഴുനീള കോമഡി ചിത്രമാണെന്ന് ജയസൂര്യ പറഞ്ഞു. ഡോൺ ആകണമെന്ന് ആഗ്രഹിച്ച് ജീവിക്കുന്ന ഒരു ഗുണ്ടയുടെ വേഷമാണ് തന്റേതെന്നും ഫാന്റസിയും ഹ്യൂമറും നിറഞ്ഞ ഒരു ഫൺ ഫിലിം ആയിരിക്കും ടൈറ്റൻസ്. ചിത്രം പ്രേക്ഷകർക്ക് ഇഷ്ടമാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിഗ് ബഡ്ജറ്റ് ചിത്രമായ കത്തനാറിനുവേണ്ടി മൂന്നുവർഷത്തോളം താൻ മറ്റുസിനിമകളാെന്നും ചെയ്തില്ലെന്നും ജയസൂര്യ വ്യക്തമാക്കി. വേറെ സിനിമകളുടെ ഓഫർ വരുന്നുണ്ടായിരുന്നു. കത്തനാർ കഴിഞ്ഞിട്ട് മതിയെന്ന് തീരുമാനിച്ചു. അതെന്താണെന്ന് ചോദിച്ചാൽ തനിക്കറിയില്ലെന്നും താരം കൂട്ടിച്ചേർത്തു. തന്റെ കുടുംബത്തെക്കുറിച്ചും ജയസൂര്യ തുറന്നുപറഞ്ഞു.
‘മക്കൾ ഇപ്പോൾ സുഹൃത്തുക്കളെ പോലെയായി. മക്കളോടും ഭാര്യയോടും എല്ലാ കാര്യങ്ങളും പറയാം. ഇപ്പോൾ സിനിമയെക്കുറിച്ച് ആധികാരികമായി അവരോട് പറയാം. അച്ഛൻ ചെയ്യരുതായിരുന്നു, ബോറായി എന്ന് മക്കൾ പറഞ്ഞ സിനിമകളുണ്ട്. അത് എനിക്കും തോന്നിയിട്ടുണ്ട്. ജീവിതത്തിലെ പരാജയങ്ങളിൽ എനിക്ക് കൂട്ടായി നിൽക്കുന്നത് കുടുംബം മാത്രമാണ്. എനിക്ക് ചിരിക്കുമ്പോൾ കൂടെ ചിരിക്കാനും ഒരുപാട് പേരില്ല. കരയുമ്പോൾ കൂടെ കരയാൻ ആരുമില്ല. കുടുംബം മാത്രമെ ഒള്ളൂ. എനിക്ക് ഫ്രണ്ട്സില്ല. ആദ്യമൊക്കെ അതൊരു കുറവായി തോന്നി. ഇപ്പോൾ ഇല്ല. എനിക്ക് ഞാനായിട്ട് ഇരിക്കാൻ കഴിയുന്നത് എന്റെ കംഫർട്ട് സ്പേസിലാണ്’- താരം പറഞ്ഞു.
ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന പ്രിൻസ് ജോയ് ചിത്രമാണ് ‘ടൈറ്റൻസ്’. നാളെ തീയേറ്ററുകളിലെത്തുന്ന ചിത്രം കോമഡി, ഫാന്റസി, ത്രില്ലറാണ്. ‘എബ്രഹാം ഓസ്ലർ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം നേരമ്പോക്ക് ബാനറിൽ നിർമിക്കുന്ന സിനിമ, പ്രേക്ഷകർക്ക് തീയറ്ററിൽ വ്യത്യസ്തമായൊരു അനുഭവം സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ. നേരമ്പോക്ക്, മാനുവൽ മൂവി മേക്കേഴ്സ്, അവനിർ ടെക് എന്നീ ബാനറുകളിൽ മിഥുൻ മാനുവൽ തോമസും ഇർഷാദ് എം ഹസനും, ബാബു ഏട്ടൻ ഫിലിംസിന്റെ ബാനറിൽ പ്രദീപ് സി എസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
English Summary
Actor Jayasurya, returning after a hiatus, discussed his upcoming full-length comedy ‘Titans,’ releasing tomorrow. He plays a goon aspiring to be a don in the fantasy-humor film. Jayasurya also revealed he dedicated three years exclusively to the big-budget ‘Kathanar,’ which explains his break from other projects.
RELATED TOPICS: ACTOR JAYASURYA, TITANS MOVIE MALAYALAM, MALAYALAM CINEMA, MOVIENEWS
Business ⏭️




