TRAVEL
ഇന്ത്യ-നേപ്പാൾ അതിർത്തി ഗ്രാമങ്ങളിലൂടെ, ഹിമാലയൻ താഴ്വരകളുടെ പ്രകൃതിഭംഗി ആസ്വദിച്ച്…

ശാന്തിനികേതൻ വിശ്വഭാരതി സർവകലാശാലയിൽ പഠനത്തിനായി എത്തുമ്പോഴേ മനസ്സിലുള്ള ആഗ്രഹമായിരുന്നു ഡാർജീലിങ്ങിലേക്കുള്ള യാത്ര. കോവിഡ് മഹാമാരി സർവ്വതും നിശ്ചലമാക്കിയപ്പോൾ യാത്രകളും മുടങ്ങി. പോകെപ്പോകെ ആ കാലവും കടന്നുപോയി. വീണ്ടും യാത്രാമോഹങ്ങൾക്ക് ചിറകുമുളച്ചു. ഡാർജീലിങ്ങിലേക്കും നേപ്പാൾ ഗ്രാമങ്ങളിലേക്കുമുള്ള യാത്ര തിരഞ്ഞെടുത്തത് ഒരു സെമസ്റ്റർ പരീക്ഷ തീർന്നതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു. അങ്ങനെ ഉത്തർബംഗ എക്സ്പ്രസിൽ സുഹൃത്ത് ജെയ്നിച്ചേച്ചിക്കൊപ്പം ന്യൂ ജയ്പാൽഗുഡിയിലേക്ക് വണ്ടി കയറി. ചുരങ്ങളും കോടമഞ്ഞും മഴച്ചാറ്റലും ആസ്വദിച്ചായിരുന്നു ജയ്പാൽഗുഡിയിൽനിന്നും ഡാർജീലിങ്ങിലേക്കുള്ള യാത്ര. ഇരുവശങ്ങളിലും ചന്തകളും കടകളും നിറഞ്ഞ കർസാങ് എന്ന കൊച്ചുപട്ടണത്തിലേക്കാണ് ആദ്യം എത്തിച്ചേർന്നത്.ഒരുഭാഗത്തുകൂടി മലഞ്ചെരിവിലേക്ക് നീളുന്ന റെയിൽപ്പാളം. ടോയ് ട്രെയിനും ഡീസൽ ട്രെയിനും ഇവിടെയുണ്ട്. മുകളിലേക്ക് പോകുന്തോറും കാഴ്ചകൾ മാറിക്കൊണ്ടിരുന്നു. വസ്ത്രധാരണത്തിൽപോലും ആ മാറ്റം പ്രകടമാണ്. കമ്പിളി ഉടുപ്പുകൾ ധരിച്ചവരായിരുന്നു ഇവിടെ കൂടുതലും. ദുർഗാപൂജയുടെ സമയം കഴിയുന്നതോടെ ഇവിടെ തണുപ്പ് അധികരിക്കും. വസന്തകാലമല്ലെങ്കിലും പലവർണങ്ങൾ പൊഴിച്ച് പൂക്കൾ വിടർന്നുനിന്നിരുന്നു. വഴിയിലുടെനീളം നിറയെ രോമങ്ങൾ നിറഞ്ഞ നായ്ക്കളെ കണ്ടു. ശാന്തസ്വഭാവക്കാരാണ് അവർ. പട്ടികളെ പേടിയുള്ള കൂട്ടത്തിലാണെങ്കിലും തിരിച്ചുപോരുമ്പോഴേക്കും ആ ഭയം വിട്ടകന്നിരുന്നു. ഡാർജീലിങ്ങിലെ ക്ലോക്ക് ടവറിന് മുന്നിലാണ് ഷെയർ ടാക്സി നിന്നത്. നേരത്തെ ബുക്ക് ചെയ്ത ഹോം സ്റ്റേ തപ്പിയിറങ്ങി. ഒടുക്കം നീല പെയിന്റടിച്ച വീടിന് മുന്നിലെത്തിയപ്പോൾ ഞങ്ങളെയും കാത്ത് കുമാർ ദാദ നിൽപ്പുണ്ടായിരുന്നു. അദ്ദേഹമാണ് ഹോംസ്റ്റേയുടെ കെയർ ടേക്കർ. വൈകാതെ ഡാർജീലിങ്ങിന്റെ കുളിരിലേക്ക് ഇഴുകിച്ചേർന്നു.തൊട്ടടുത്ത ദിവസം അഡ്വഞ്ചേഴ്സ് അൺലിമിറ്റഡിന്റെ വാഹനം കാത്തുനിൽപ്പുണ്ടായിരുന്നു. തലേദിവസം ടൂർ ഓപറേറ്ററായ ഗൗതം ദാ ഞങ്ങളുടെ ഷൂസ്, ട്രെക്കിങ്ങിന് അനുയോജ്യമാണോയെന്ന് പരിശോധിച്ചിരുന്നു. മഴ മാറിനിൽക്കുന്ന സമയമായതിനാൽ വഴുക്കലുണ്ടാകുമെന്നും അട്ടകളെ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് നൽകി. മനെഭംജങ് എന്ന ചെറുപട്ടണമായിരുന്നു ലക്ഷ്യം. മാനെഭംജങ്ങിൽ അർപ്പൺ ദാജു കാത്തുനിന്നിരുന്നു. തുടർന്നുള്ള രണ്ടുദിവസങ്ങൾ അർപ്പൺ ദാജുവായിരിക്കും ഞങ്ങളെ നയിക്കുക. നേപ്പാളി ഭാഷയിൽ ദാജുവെന്നാൽ ചേട്ടൻ എന്നാണ് അർഥം. ഇനി കുറച്ചുദൂരം യാത്രചെയ്യേണ്ടത് നേപ്പാൾ ഗ്രാമങ്ങളിലൂടെയാണ്. ധോത്രേ എന്ന ഹിമാലയൻ പട്ടണത്തിൽനിന്നാണ് ട്രെക്കിങ് ആരംഭിക്കുന്നത്. ധോത്രേയിൽനിന്ന് ആരംഭിച്ച് തോങ്ലു വഴി തുംലിങ്ങിലേക്ക്. അവിടുന്ന് പല ഗ്രാമങ്ങൾ പിന്നിട്ട് മനെഭംജങ്ങിൽ ട്രെക്കിങ് അവസാനിക്കും. ധോേ്രതയിലേക്കുള്ള യാത്രയ്ക്കിടെ ചായ കുടിക്കാൻ ഒരു കടയിൽ നിർത്തി. നല്ല ഉപ്പിട്ട കട്ടൻ ചായ!. ഇവിടുത്തുകാരെല്ലാം ചായയിൽ ഉപ്പിട്ടാണ് കുടിക്കുന്നത്. രാവിലെ മുതൽ വൈകീട്ടുവരെ കൃഷിയിടങ്ങളിൽ പണിചെയ്യുന്നവർ ഊർജം കിട്ടാനാണത്രെ ഉപ്പിട്ട ചായ കുടിക്കുന്നത്. ധോത്രയിൽവെച്ച് മോമോസും സൂപ്പുമായിരുന്നു പ്രഭാതഭക്ഷണം. മോമോസ് കോഴിയിറച്ചി നിറച്ചുണ്ടാക്കിയതാണ്. പലകുറി കഴിച്ചിട്ടുണ്ടെങ്കിലും ടിബറ്റൻ മോമോയെ വെല്ലാൻ മറ്റൊന്നിനും സാധ്യമല്ല. ഭക്ഷണം കഴിച്ചു തീരാറാവുമ്പോഴേക്കും അതാ വരുന്നു ഉപ്പിട്ട പാൽച്ചായ. ബംഗാളിലെ സഹവാസത്തിനിടെ ഉപ്പിട്ട കട്ടൻ ചായ കുടിച്ചിട്ടുണ്ടെങ്കിലും ഉപ്പിട്ട പാൽച്ചായ കണ്ടപ്പോൾ ഒന്നമ്പരന്നു. ശുദ്ധമായ പാൽ ഒഴിച്ച ആ ചായ വളരെ രുചികരമായിരുന്നു.
Sports ⏭️




