TRAVEL

ഏഷ്യയിലെ വാഹനങ്ങളുടെ സാന്നിധ്യമില്ലാത്ത ഏക ഹിൽ സ്റ്റേഷൻ; മഴയിൽ മാഥേരാനിൽ


പശ്ചിമഘട്ടത്തിന്റെ മടിത്തട്ടിൽ മേഘങ്ങൾ വന്നിറങ്ങുന്ന ഭൂമിയാണ് മാഥേരാൻ. മഴയും മഞ്ഞും പച്ചപ്പും ഒളിച്ചുകളിക്കുന്നു ഈ ഹിൽസ്‌റ്റേഷനിൽ. വരൂ, നിമിഷങ്ങൾക്ക് വേഗം കുറയുന്ന, ഓർമ്മകളെ ഗൃഹാതുരമാക്കുന്ന, ഈ സുന്ദരഭൂമിയിലേക്ക്…മഞ്ഞും മഴയും പെയ്യുന്ന, കാറ്റിന്റെ മർമരങ്ങൾ സംഗീതമാകുന്ന മാഥേരാൻ. മേഘങ്ങളിറങ്ങിവന്ന് മരങ്ങളിൽ ചായുന്ന ഈ ഹിൽ സ്റ്റേഷനിൽ, യാത്രികരെത്തുന്നത് പ്രകൃതിയുടെ വിസ്മയം തേടിയാണ്. കോടമൂടിയ കുന്നിൽചരിവുകളിലൂടെ, മരങ്ങൾക്കിടയിലൂടെ, അവർ കാഴ്ചയുടെ അനന്തമായ സീമയിലേക്ക് കണ്ണയക്കുന്നു.ഏഷ്യയിലെ വാഹനങ്ങളുടെ സാന്നിധ്യമില്ലാത്ത ഏക ഹിൽ സ്റ്റേഷനാണ് മഹാരാഷ്ട്രയിലെ റായ്ഗഢ് ജില്ലയിൽ സ്ഥിതിചെയ്യുന്ന മാഥേരാൻ. സമുദ്രനിരപ്പിൽനിന്ന് ഏകദേശം 2600 അടി ഉയരം. കയറിത്തുടങ്ങുമ്പോൾ യാത്ര ചെയ്യുന്നത് ഭൂതകാലത്തിലേക്കാണെന്ന് തോന്നിപ്പോകും.’ദസ്തൂരി നാകാ’യാണ് മാഥേരാന്റെ ഔദ്യോഗിക എൻട്രി പോയിന്റ്. നേരൽ റെയിൽവേ സ്റ്റേഷനിൽനിന്ന് ഏകദേശം പത്തുകിലോമീറ്റർ അകലെ. മഴ പെയ്യുന്നുണ്ടായിരുന്നു. നേരലിൽനിന്ന് ഷെയേർഡ് ടാക്‌സിയിൽ ഹെയർപിൻ വളവുകൾ നിറഞ്ഞ റോഡുകളിലൂടെ മുകളിലേക്ക്. ഇടയ്ക്കിടെ തെളിയുന്ന ചെറിയ വെള്ളച്ചാട്ടങ്ങൾ. കുഞ്ഞു റെയിൽവേ ട്രാക്കുകൾ-അത് മലമുകളിലേക്ക് നീണ്ടുപോകുന്നു.ദസ്തൂരി പോയിന്റിനപ്പുറത്തേക്ക് വാഹനങ്ങൾക്ക് പ്രവേശനമില്ല. ആളുകളെ കൊണ്ടുവിട്ട് മടങ്ങുന്ന ടാക്‌സിഡ്രൈവർമാർ, മഴക്കോട്ടുകൾ വിൽക്കുന്നവർ, ഗൈഡുകൾ, എൻട്രി പാസെടുക്കാൻ ക്യൂ നിൽക്കുന്നവർ, ഭക്ഷണസാധനങ്ങൾ തട്ടിപ്പറിച്ചെടുക്കാൻ തക്കംനോക്കുന്ന കുരങ്ങന്മാർ… ബഹളങ്ങൾക്കിടയിലൂടെ മഴക്കോട്ടണിഞ്ഞ് ഉള്ളിലേക്ക് നടന്നു.നടക്കാൻ പ്രയാസമുള്ളവർക്ക് കൈകൊണ്ട് വലിക്കുന്ന റിക്ഷകളുണ്ട്, കുതിരകളും. കുറച്ച് വർഷങ്ങൾക്കുമുൻപാണ് പരിസ്ഥിതിസൗഹാർദപരമായ ഇലക്ട്രിക് റിക്ഷകൾക്ക് ഇവിടെ അനുമതി ലഭിച്ചത്. ഒട്ടും മലിനീകരിക്കപ്പെടാത്ത അന്തരീക്ഷം. ചുറ്റും മലനിരകളും കാടും. ആഞ്ഞുശ്വസിച്ചാൽ ശുദ്ധവായു എമ്പാടും ഉള്ളിലേക്കെടുക്കാം.


Sports ⏭️

Back to top button