NEWS
ചൂരൽമല – മുണ്ടക്കൈ പുനരധിവാസപദ്ധതി: ഭവന നിർമ്മാണത്തിന് ഓർത്തഡോക്സ് സഭ

വയനാട് / കോട്ടയം ∙ ചൂരൽമല – മുണ്ടക്കൈ ദുരന്തബാധിതർക്കായി സ്വന്തം നിലയിൽ ഭൂമി വാങ്ങി ഭവന നിർമ്മാണത്തിലേക്ക് കടക്കാൻ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ. മേപ്പാടി പഞ്ചായത്തിലെ ഏഴാംചിറയിൽ സഭ വാങ്ങിയ ഒരേക്കറോളം വരുന്ന സ്ഥലം 15 കുടുംബങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്തു. പുനരധിവാസപദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന 50 വീടുകളിൽ ആദ്യഘട്ടത്തിൽ ഉൾപ്പെടുന്ന 13 വീടുകളുടെ തറക്കല്ലിടീൽ 18 ന് ഉച്ചയ്ക്ക് 3 മണിക്ക് നടക്കും. മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ശിലാസ്ഥാപന കർമ്മം നിർവഹിക്കും. സംസ്ഥാന കൃഷി വകുപ്പ് മന്ത്രി ടി.സിദ്ധിഖ്, മെത്രാപ്പോലീത്താമാരായ ഡോ.ഏബ്രഹാം മാർ സെറാഫിം, ഡോ. ഗീവർഗീസ് മാർ ബർണബാസ്, സഭാ വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വർഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് റംല ഹംസ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോൺ മാതാ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ഹംസ, ബ്ലോക്ക് പഞ്ചായത്ത് അംഗം സുരേഷ് ബാബു, വാർഡ് മെമ്പർമാരായ അനീഷ് കെ ജോസഫ്, ഷൈജ ബേബി, കെ കെ സഹദ്, ഗുണഭോക്താക്കൾ, വൈദികർ, വിശ്വാസികൾ തുടങ്ങിയവർ സംബന്ധിക്കും.രണ്ട് കിടപ്പുമുറികൾ, സ്വീകരണമുറി, അടുക്കള, ശുചിമുറി, സിറ്റ്ഔട്ട് എന്നിവ ഉൾപ്പെടുന്നതാണ് വീട്. ഒരു വീടിന്റെ നിർമ്മാണത്തിന് ഏകദേശം 12 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്നു. കുടുംബങ്ങൾക്കായി പൊതുഇടം, കുടിവെള്ള സൗകര്യം എന്നിവയും പദ്ധതിയിൽ വിഭാവനം ചെയ്തിട്ടുണ്ട്. പുനരധിവാസ പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ വയനാട്ടിൽ റിഹാബിലിറ്റേഷൻ സെന്റർ സ്ഥാപിക്കും. പ്രശ്നബാധിത മേഖലകളിൽ കഴിയുന്നവർക്ക് മഴക്കാലത്ത് സെന്ററിൽ സൗജന്യതാമസം ഒരുക്കും.
Fashion ⏭️




