LIFESTYLE
ഒടുവിൽ രാമേട്ടൻ യാത്രയായി; 150 വർഷം പഴക്കമുള്ള വീടും അപൂർവയിനം വിത്തുകളും ബാക്കിയായി…

ഒടുവിൽ വയനാട്ടിലെ കാർഷിക ജൈവവൈവിധ്യത്തിന്റെ കാവൽക്കാരൻ ചെറുവയൽ രാമൻ യാത്രയായി. രാജ്യം പത്മശ്രീ നൽകി ആദരിച്ച ആ കർഷകൻ ഓർമയാകുമ്പോൾ കമ്മനയിലെ ആ മൺവീടും നെൽവയലുകളും നികത്താനാകാത്ത നഷ്ടത്തിന്റെ നൊമ്പരത്തിലാണ്. രാമേട്ടന് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് കുറച്ചുവർഷങ്ങൾക്ക് മുൻപ് പ്രസിദ്ധീകരിച്ച ഒരു ലേഖനം സംക്ഷിപ്തമായി പുനഃപ്രസിദ്ധീകരിക്കുന്നു.ചെളിയും മണ്ണും കൊണ്ട് നിര്മ്മിച്ച, 150 വർഷം പഴക്കമുള്ള ഈ വീടിനു പറയാന് ഒരല്പം ചരിത്രമുണ്ടാകും. മണ്ണിനോടും പ്രകൃതിയോടും പടപൊരുതി പൊന്നുവിളയിച്ച കുറെ തലമുറകള് ഈ വീടിന്റെ പൈതൃകം വിളിച്ചു പറയുന്നുണ്ട്. ഇന്ന് ഈ വീട്ടിലെ താമസക്കാരന് ചെറുവയല് രാമന് എന്നറിയപ്പെടുന്ന വയനാട്ടുകാരുടെ സ്വന്തം രാമേട്ടനാണ്.വയനാട്ടിലെ കുറിച്യ വിഭാഗത്തില്പെട്ട രാമട്ടന് പ്രായം 69. അമ്പതു തരം കൃഷികളാണ് അദ്ദേഹം ചെയ്തിരുന്നത്. ഇവിടേക്ക് കൃഷി അറിവുകള് കേള്ക്കാനും അറിയാനും നിരവധി പേരാണ് എത്തുക. തനിക്ക് അറിയാവുന്ന എല്ലാം എല്ലാവർക്കും പറഞ്ഞുകൊടുക്കാന് രാമേട്ടൻ എപ്പോഴും തയാറായിരുന്നു.ചെളിമണ്ണും വയ്ക്കോലും ചൂരലും ചേര്ത്ത മിശ്രിതം കൊണ്ടാണ് വീടിന്റെ ഭിത്തികള് നിര്മിച്ചിരിക്കുന്നത്. ഈട്ടിയും മുളയും കൊണ്ടാണ് മേല്ക്കൂരയുടെ നിര്മാണം. ഏതു വലിയ പ്രകൃതിക്ഷോഭത്തെയും ഇത് ചെറുക്കുമത്രെ. നല്ല കല്ലന് മുള വെട്ടിയെടുത്തു ഒരുമാസക്കാലത്തോളം വെള്ളത്തില് കുതിര്ത്ത ശേഷം തീയിൽ തൊട്ടെടുത്താണ് പണ്ടുള്ളവര് വീടിന്റെ മേല്ക്കൂര പണിയാന് മുള ഉപയോഗിച്ചിരുന്നത്. അതുകൊണ്ട് ഇത് ഇരുമ്പ് പോലെ ബലമുള്ളതാണ്. എങ്ങനെ പോയാലും ഒരു 500 വർഷം വരെ ഇതിനു യാതൊരു കേടും സംഭവിക്കില്ലത്രേ. പിന്നെ വേനല് എത്ര കടുത്താലും ശരി ഈ വീട്ടിനുള്ളില് ചൂടൊന്നും അറിയുകയേയില്ല.പത്താം വയസ്സ് മുതല് മണ്ണില് പണിയെടുക്കാന് തുടങ്ങിയതാണ്. 1969 മുതലാണ് കൃഷിയെ കൂടുതല് ഗൗരവമായി ചെയ്യാന് തുടങ്ങിയതെന്ന് രാമേട്ടന് പറയുന്നു. അമ്മാവന് നല്കിയ 40 ഏക്കര് ഭൂമിയിലാണ് രാമേട്ടന് കൃഷി ആരംഭിക്കുന്നത്. കാലം പുരോഗമിച്ചപ്പോള് കൃഷിയിലും ഹൈബ്രിഡ് വെറൈറ്റികളും ജനതികവിത്തുകളും വന്നെത്തിയെങ്കിലും രാമേട്ടന് ആ വഴിക്കൊന്നും പോയതേയില്ല. പൈതൃകമായി താന് ചെയ്തു വന്ന കൃഷി രീതികളും വിത്തിനങ്ങള് സൂക്ഷിച്ചുവച്ചുമാണ് രാമേട്ടന്റെ കൃഷി. ഓരോ വിളവെടുപ്പിനു ശേഷവും വിത്തുകള് സൂക്ഷിച്ചു വച്ചാണ് രാമേട്ടന് അടുത്ത കൃഷി നടത്തുക. ജൈവകൃഷി എന്നൊക്കെ നമ്മള് കേള്ക്കുന്നത് എത്രയോ മുന്പേ രാമേട്ടന് പൂര്ണ്ണജൈവകര്ഷകനാണ്.
Cinema ⏭️




