NEWS

വിവാഹസൽക്കാരങ്ങളിൽ മാംസാഹാരസദ്യ നിർത്തലാക്കി; ആഡംബരം കുറച്ച് ചെലവുചുരുക്കാൻ ഹരിഗി ഗ്രാമം


മംഗളൂരു∙ വിവാഹസൽക്കാരങ്ങളിലെ ‘ബീഗര ഊട്ട’യെ (മാംസാഹാര സദ്യ) നിർത്തലാക്കാൻ തീരുമാനിച്ച് കർണാടക ശിവമൊഗ്ഗ ജില്ലയിലെ ഹരിഗി ഗ്രാമം. മഴ മാറി കടുത്ത ചൂട് തുടങ്ങിയതോടെ ശിവമൊഗ്ഗ ജില്ലയിലെ ശിക്കാരിപുരയിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെയുള്ള, കർഷകർ പാർക്കുന്ന ഹരിഗി ഗ്രാമം കടുത്ത വരൾച്ചയിലാണ്. 350 ൽ താഴെ കുടുംബങ്ങൾ പാർക്കുന്ന ഗ്രാമത്തിൽ നെല്ലും ചോളവുമാണ് പ്രധാനകൃഷി. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ഈ സമയത്ത് ഗ്രാമത്തിൽ നടക്കുന്ന വിവാഹങ്ങൾക്ക് ലക്ഷങ്ങൾ ചെലവിട്ട് മാംസാഹാരസദ്യ വിളമ്പാതെ മിതമായ രീതിയിൽ വിരുന്നുകൾ സംഘടിപ്പിക്കാനാണ് ജനങ്ങളുടെ കൂട്ടായ തീരുമാനം.ഇതുമായി ബന്ധപ്പെട്ട ‘ഗ്രാമ അഭിവൃദ്ധി സമിതി’ (ഗ്രാമവികസന സമിതി) കഴിഞ്ഞദിവസം യോഗം ചേരുകയും ഗ്രാമത്തിൽ ബീഗര ഊട്ട വിരുന്ന് നടത്താൻ പാടില്ലെന്ന തീരുമാനത്തിലെത്തുകയും ചെയ്തു. പുതിയ നിയമപ്രകാരം, തീരുമാനത്തെ എതിർത്ത് മാംസാഹാര സദ്യ ഒരുക്കിയാൽ 1 ലക്ഷം രൂപയും അത്തരം വിരുന്നുകളിൽ പങ്കെടുത്താൽ 50,000 രൂപയും പിഴ ഈടാക്കുമെന്നും ഗ്രാമ വികസന സമിതി അറിയിച്ചിരിക്കുകയാണ്.


Fashion ⏭️

Back to top button