NEWS
ഹൂതികൾക്കുമേൽ ‘തീമഴ പെയ്യിക്കാൻ’ യുഎസ്, ഇറാൻ യുദ്ധത്തിൽ നിർണായക ഇടപെടലുമായി പുട്ടിൻ; ക്രൂഡോയിൽ കത്തും, ആശങ്ക

പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നു. സൗദി അറേബ്യയിൽ ആക്രമണം ശക്തമാക്കിയ ഹൂതി വിമതർക്കെതിരെ അമേരിക്കൻ സൈന്യം രംഗത്തിറങ്ങുമെന്ന് സൂചന നൽകി യുഎസ് പ്രഡിസന്റ് ഡോണൾഡ് ട്രംപ്. കഴിഞ്ഞ ദിവസം റിയാദിലെ വിമാനത്താവളത്തിലുണ്ടായ ഹൂതികളുടെ ആക്രമണത്തിൽ ഒരു അമേരിക്കൻ പൗരൻ അടക്കം നിരവധി പേർ കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ട്രംപിന്റെ നിർണായക ഇടപെടൽ. അമേരിക്കൻ സൈനിക നടപടി പരിഗണിക്കുമെന്നും ഇക്കാര്യത്തിൽ സൗദി അധികൃതരുമായി ചർച്ച നടത്തുമെന്നും ട്രംപ് പറഞ്ഞു. ഇറാൻ പിന്തുണയുള്ള ഹൂതികൾക്കെതിരെ അമേരിക്കൻ സൈന്യം കൂടി രംഗത്തിറങ്ങിയാൽ മേഖലയിലെ സംഘർഷം കൂടുതൽ രൂക്ഷമാകും. രാജ്യാന്തര വ്യാപാരത്തിൽ നിർണായകമായ ‘ബാബൽ മന്ദബിൽ’ ഹൂതികൾ കപ്പലുകൾ തടയാനും സാധ്യതയുണ്ട്. ഹോർമുസിനു പുറമെ മറ്റൊരു പ്രധാന കപ്പൽ പാത കൂടി അടയുന്നത് രാജ്യാന്തര തലത്തിൽ വലിയ വ്യാപാര പ്രതിസന്ധിയുണ്ടാക്കും. അതേസമയം, ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപിനു മുന്നിൽ റഷ്യൻ പ്രസിഡന്റ് വ്ളാദ്മിർ പുട്ടിൻ പുതിയ നിർദേശം സമർപ്പിച്ചതായും വിവരം. നിലവിലെ സംഘർഷങ്ങൾ അവസാനിപ്പിക്കാൻ ഇറാൻ മുന്നോട്ടു വച്ച വാദങ്ങളാണ് പുട്ടിൻ ട്രംപിനു മുന്നിൽ അവതരിപ്പിച്ചതെന്നാണ് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. യുഎസ് അടക്കമുള്ള വിപണികളിലേക്ക് ഡീസൽ നൽകാമെന്ന് റഷ്യ സമ്മതിച്ചതിനു പിന്നാലെയാണിത്. ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനുമായി തുർക്മെനിസ്ഥാനിൽ നടത്തിയ ചർച്ചകൾക്ക് ശേഷമാണ് പുട്ടിൻ ട്രംപുമായി ഫോണിൽ സംസാരിച്ചത്. എന്നാൽ യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ മുന്നോട്ടു വച്ച നിർദേശങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമല്ല. ഹോർമുസിലെ നിയന്ത്രണം, മരവിപ്പിച്ച ആസ്തികൾ വിട്ടുനൽകൽ, നാവിക ഉപരോധം പിൻവലിക്കൽ തുടങ്ങിയ നിർദേശങ്ങളാണ് നേരത്തെ ഇറാൻ ഉന്നയിച്ചിരുന്നത്. ഇതിൽ എന്തെങ്കിലും മാറ്റമുണ്ടോയെന്നും വ്യക്തതയില്ല. എണ്ണവില കത്തും സൗദി അറേബ്യയിലെ വിവിധ കേന്ദ്രങ്ങളിൽ ഹൂതി വിമതർ ആക്രമണം ശക്തമാക്കിയതും ഐസയാസ് കൊടുങ്കാറ്റിനെ തുടർന്ന് വിവിധ കമ്പനികൾ ഉൽപാദനം കുറച്ചതും അടുത്ത ദിവസങ്ങളിൽ എണ്ണവിലയെ ബാധിക്കും. നിലവിൽ ബ്രെന്റ് ക്രൂഡോയിൽ ബാരലിന് 104.7 ഡോളറിലാണ്. കഴിഞ്ഞ ആഴ്ച 2.4 ശതമാനമാണ് വില വർധിച്ചത്. തുടക്കത്തിൽ താഴേക്ക് പോകുമെന്ന് തോന്നിച്ച വില അവസാന ദിവസങ്ങളിൽ തിരികെ കയറുകയായിരുന്നു. അടുത്ത ദിവസങ്ങളിലും വില കയറാനാണ് സാധ്യത. 110 ഡോളറിലാണ് നിലവിൽ പ്രതിരോധമുള്ളത്. ഇത് മറികടന്നാൽ വില 115 ഡോളറിലേക്ക് കുതിക്കും. എന്നാൽ വില 100 ഡോളറിനും താഴെ എത്തിയാൽ 86 ഡോളറിലേക്ക് വരെ ഇടിയാനുമുള്ള സാധ്യതയുണ്ട്. എണ്ണവില വർധിക്കുന്നത് രാജ്യാന്തര തലത്തിൽ ഓഹരി വിപണികൾക്ക് തിരിച്ചടിയാണ്. ആവശ്യമായതിന്റെ 90 ശതമാനം എണ്ണയും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയ്ക്ക് ഇത് അധിക സാമ്പത്തിക ബാധ്യതയുമാണ്. ഇറക്കുമതി ചെലവ് വർധിക്കും. രൂപയുടെ വിനിമയ നിരക്ക് വീണ്ടും ഇടിയും. കമ്പനികളുടെ പ്രവർത്തന ചെലവ് കൂടുന്നതോടെ ഇവരുടെ സാമ്പത്തിക പ്രകടനത്തെയും സാരമായി ബാധിക്കും. അതേസമയം, ഹോർമുസിൽ ഇറാനും യുഎസും തമ്മിലുള്ള കപ്പൽ പോര് തുടരുകയാണ്. ഒരു മാസത്തിനിടെ ഇരുപതിലധികം വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയെന്നാണ് കണക്ക്. ഇറാനുമായി ബന്ധമുള്ള കപ്പലുകൾക്ക് ജൂലൈ 14 മുതൽ യുഎസ് ഉപരോധവും നിലനിൽക്കുന്നുണ്ട്. ഇതിനോടകം 135 കപ്പലുകളെ തിരിച്ചയച്ചെന്നും 4 എണ്ണത്തെ നിർവീര്യമാക്കിയെന്നും യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഇറാൻ സൈന്യവുമായി ബന്ധമുള്ള 10 എണ്ണ ടാങ്കറുകളെ തകർത്തതായും ഇതിൽ പറയുന്നു. രൂപയെ രക്ഷിക്കാൻ ആർബിഐ അമേരിക്കൻ ഡോളറിനെതിരെ റെക്കോർഡ് താഴ്ചയിലേക്ക് കുതിക്കുന്ന രൂപയുടെ വിനിമയ നിരക്ക് പിടിച്ചു നിർത്താൻ കൂടുതൽ ഇടപെടലുമായി റിസർവ് ബാങ്ക്. പൊതുമേഖല എണ്ണക്കമ്പനികൾ സ്പോട്ട് വിപണിയിൽ നിന്ന് ഡോളർ വാങ്ങുന്നത് വിലക്കിയ ആർബിഐ ഹെഡ്ജിങ് നിയമങ്ങളും കടുപ്പിച്ചു. പകരം എണ്ണക്കമ്പനികൾക്ക് ആർബിഐ വിദേശനാണ്യ ശേഖരത്തിൽ നിന്ന് നേരിട്ട് ഡോളർ നൽകും. ഇന്ത്യൻ രൂപ വലിയ തിരിച്ചടി നേരിടുന്ന സമയങ്ങളിൽ പ്രയോഗിക്കുന്ന സൗകര്യം തിങ്കളാഴ്ച മുതൽ ഹിന്ദുസ്ഥാൻ പെട്രോളിയം, ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം എന്നീ കമ്പനികൾക്ക് ലഭ്യമാകും. ഇതോടെ സ്പോട്ട് വിപണിയിൽ ഡോളറിന്റെ ഡിമാൻഡ് വലിയ തോതിൽ കുറയുമെന്നാണ് ആർബിഐ കരുതുന്നത്. രാജ്യാന്തര തലത്തിൽ ക്രൂഡോയിൽ വിലയും ബോണ്ട് യീൽഡും വർധിച്ചതോടെ ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക് വലിയ തോതിൽ കുറഞ്ഞിട്ടുണ്ട്. രാജ്യത്തിന്റെ വിദേശനാണ്യ ശേഖരവും തുടർച്ചയായ ആഴ്ചകളിൽ കുറയുകയാണ്. ഇതോടെയാണ് ആർബിഐയുടെ രക്ഷാപ്രവർത്തനം. വഴി അറിയാതെ സ്വർണം സ്വർണവില പ്രവചനാതീതമായി ചാഞ്ചാടുന്നതോടെ എപ്പോൾ വാങ്ങണമെന്നും വിൽക്കണമെന്നും അറിയാതെ നിക്ഷേപകർ. 2026ൽ മാത്രം രാജ്യാന്തര വില 6% ഇടിഞ്ഞു. കഴിഞ്ഞ 6 മാസത്തിനിടെ 13.6 ശതമാനവും. നിലവിൽ ഔൺസിന് 4194.65 ഡോളറെന്ന നിലയിലാണ് സ്വർണം. ∙അമേരിക്കൻ ബോണ്ട് യീൽഡ് ഉയരുന്നതാണ് സ്വർണവില ഇടിയാനുള്ള പ്രധാന കാരണം. പലിശ വരുമാനം ലഭിക്കാത്ത നിക്ഷേപമാണ് സ്വർണം. എന്നാൽ ഉയർന്ന നേട്ടം (യീൽഡ്) ലഭിക്കാനുള്ള സാധ്യത തെളിയുന്നത് നിക്ഷേപകരെ അമേരിക്കൻ ബോണ്ടുകളിലേക്ക് ആകർഷിക്കും. സ്വർണത്തിന്റെ ഡിമാൻഡും വിലയും കുറയും. ∙അമേരിക്കൻ ഡോളറിന്റെ വിനിമയ നിരക്ക് കൂടുന്നതും മറ്റൊരു കാരണമാണ്. അമേരിക്കൻ ഫെഡറൽ റിസർവ് ഇനിയും അടിസ്ഥാന പലിശ നിരക്ക് ഉയർത്തിയേക്കുമെന്ന ആശങ്ക ശക്തമായതോടെ ഇക്കൊല്ലം മൂന്നു ശതമാനമാണ് ഡോളർ സൂചിക ഉയർന്നത്. ആറു പ്രധാന കറൻസികൾക്കെതിരെ ഡോളറിന്റെ വിനിമയ നിരക്ക് കണക്കാക്കുന്ന സൂചികയാണിത്. ഇതോടെ മറ്റ് കറൻസികളിൽ സ്വർണം വാങ്ങുന്നതിനുള്ള ചെലവും കൂടി. ∙ഇറാൻ യുദ്ധത്തിനു പിന്നാലെ ക്രൂഡോയിൽ വില ഉയർന്നത് രാജ്യാന്തര തലത്തിൽ പണപ്പെരുപ്പ ഭീഷണി വർധിപ്പിച്ചിട്ടുണ്ട്. ഇതോടെ നിക്ഷേപകർ ലാഭമെടുപ്പ് വർധിപ്പിച്ചതും കേന്ദ്രബാങ്കുകൾ പലിശ നിരക്ക് ഉയർത്തിയതും വീണ്ടും സ്വർണവിലയെ സാരമായി ബാധിച്ചു. ∙എന്നാൽ സ്വർണത്തിൽ ഡിമാൻഡ് ഇപ്പോഴും കുറഞ്ഞിട്ടില്ലെന്നും വില ഇനിയും കുതിക്കാനുള്ള സാധ്യതയുണ്ടുമെന്നുമാണ് വിദഗ്ധരുടെ വാദം. 2026ൽ കേന്ദ്രബാങ്കുകൾക്ക് 700 ടൺ സ്വർണം ആവശ്യമുണ്ട്. മുൻവർഷങ്ങളിൽ ഇത് ശരാശറി 470 ടൺ മാത്രമായിരുന്നു. Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. ഇത് ANDREW CABALLERO-REYNOLDS / AFPൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
Fashion ⏭️




