അനധികൃത സ്വത്ത് സമ്പാദനക്കേസ്; ടോമിൻ തച്ചങ്കരിക്ക് നാല് വർഷം തടവ്, ശിക്ഷാ ഇളവ് അർഹിക്കുന്നില്ലെന്ന് കോടതി

ടോമിൻ തച്ചങ്കരി
കോട്ടയം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്ക് നാല് വർഷം തടവുശിക്ഷ. 30,84,892 രൂപ പിഴയും ഒടുക്കണം. കോട്ടയം വിജിലൻസ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. ടോമിൻ തച്ചങ്കരി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. സംസ്ഥാന പൊലീസിലെ ഉന്നത പദവി വഹിച്ച ആളാണെന്നും ശിക്ഷ ഇളവ് അർഹിക്കുന്നില്ലെന്നും കോടതി വിധി പ്രസ്താവത്തോടൊപ്പം പറഞ്ഞു. തച്ചങ്കരിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റും. അഴിമതിക്കേസിൽ ശിക്ഷിക്കുന്ന ആദ്യ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ടോമിൻ തച്ചങ്കരി
2003 ജനുവരിമുതൽ 2007 ജൂലായ് വരെയുള്ള ഔദ്യോഗികകാലയളവിൽ 64.70 ലക്ഷം രൂപയുടെ അനധികൃതസ്വത്ത് സമ്പാദിച്ചെന്നായിരുന്നു കേസ്. വിജിലൻസ് നടത്തിയ പരിശോധനയിൽ ഇത്രയും തുകയ്ക്കുള്ള ചെലവ് കണ്ടെത്തിയെങ്കിലും, അതിനുള്ള വരവ് കാണിക്കാൻ തച്ചങ്കരിക്ക് കഴിഞ്ഞിരുന്നില്ല. പരിശോധനാ കാലയളവിൽ 135.80 ശതമാനം സ്വത്ത് വരവിൽക്കവിഞ്ഞ് സമ്പാദിച്ചതായാണ് അന്വേഷണസംഘം കണ്ടെത്തിയത്.
സർവീസിലിരിക്കെ വീടുകൾ, ഫ്ളാറ്റുകൾ, വസ്തുവകകൾ തുടങ്ങിയവ വരുമാനത്തിന് നിരക്കാത്തവിധം സമ്പാദിച്ചെന്നുകാട്ടി ബോബി കുരുവിള നൽകിയ പരാതിയിലാണ് അന്വേഷണം നടത്തിയത്. 2007ൽ തച്ചങ്കരി ഡി.ഐ.ജി.യായി സ്ഥാനക്കയറ്റം കിട്ടിയശേഷം ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. കുറ്റപത്രം സമർപ്പിക്കുമ്പോൾ തച്ചങ്കരി സംസ്ഥാന പൊലീസ് ഉപമേധാവിയായി ഉയർന്നിരുന്നു. ആഭ്യന്തരവകുപ്പ് മുൻ ജോ. സെക്രട്ടറിയെയടക്കം പ്രോസിക്യൂഷൻ സാക്ഷികളായി വിസ്തരിച്ചു. മുൻ അഡീഷണൽ ചീഫ് സെക്രട്ടറി, മുൻ അഡീഷണൽ ഡി.ജി.പി, ഇൻകംടാക്സ് ഉദ്യോഗസ്ഥർ, തച്ചങ്കരിയുടെ സഹോദരി എന്നിവരെ പ്രതിഭാഗം സാക്ഷികളായി വിസ്തരിച്ചു.
RELATED TOPICS: TOMIN J THACHANKARY, ILLEGAL ASSETS CASE, FOUR YEARS IMPRISONMENT, FORMER DGP KERALA, TOMIN THACHANKARY CASE
Read News ⏭️


