NEWS

ടാറ്റ സൺസ് ലിസ്റ്റിങ്ങിലേക്ക്; നോയൽ ടാറ്റയ്ക്ക് ഇപ്പോഴും താൽപര്യമില്ല, കോടതിയിൽ പറയാനുള്ളത് പറയാൻ റിസർവ് ബാങ്ക്


കൊച്ചി ∙ ടാറ്റ സൺസ് ഓഹരിവിപണിയിൽ ലിസ്റ്റു ചെയ്യുമെന്ന് ഏതാണ്ട് ഉറപ്പായതോടെ ടാറ്റ കമ്പനികളുടെ മാതൃകമ്പനിയുടെ മൂല്യം (വാല്യുവേഷൻ ) അറിയാൻ നിക്ഷേപകരിൽ ആകാംക്ഷ. ഐപിഒയുടെ പ്രൈസ് ബാൻഡ് നിശ്ചയിക്കുന്നതിൽ വാല്യുവേഷന് വലിയ പങ്കുണ്ട്. വാല്യുവേഷൻ രംഗത്തെ പ്രമുഖ കമ്പനികളുടെ കണക്കനുസരിച്ച് ടാറ്റ സൺസ് മറ്റു ടാറ്റ കമ്പനികളിൽ 15-16 ലക്ഷം കോടി നിക്ഷേപിച്ചിട്ടുണ്ട്. എന്നാൽ ഇതിൽ പല കിഴിവുകൾ നൽകിയതിനുശേഷം അവർ എത്തിച്ചേരുന്ന ടാറ്റ സൺസിന്റെ മൂല്യം 9- 12.5 ലക്ഷം കോടിയാണ്. എന്തുകൊണ്ട് കിഴിവ് ടാറ്റ സൺസിന്റെ നിക്ഷേപങ്ങളുടെ വാല്യുവേഷൻ 15-16 ലക്ഷം കോടി എന്നത് ആ നിക്ഷേപങ്ങളുടെ വിപണി മൂല്യമാണ്. അത് ഏതു നിമിഷവും മാറിമറിയാം. അതിനാൽ വാല്യുവേറ്റേഴ്സ് ഈ നിക്ഷേപങ്ങൾക്ക് ഒരു മൂല്യം കണക്കാക്കും. അത് വിപണി മൂല്യത്തിന് താഴെയായിരിക്കും. നികുതിയിനത്തിലും മറ്റു ചെലവുകൾക്കുമായി നിക്ഷേപത്തിൽ നിന്നുള്ള വരുമാനത്തിൽ നിന്ന് മാതൃകമ്പനിക്ക് (ഹോൾഡിങ്) പണം ചെലവാകും. നിക്ഷേപം നടത്തിയിട്ടുള്ള കമ്പനിയിൽ മാതൃകമ്പനിക്ക് നേരിട്ടുള്ള നിയന്ത്രണമില്ല. ടാറ്റ സൺസിന്റെ നിക്ഷേപങ്ങൾ നിക്ഷേപകരുടെ കൈകളിൽ പൂർണമായി എത്താൻ കഴിയുന്നതല്ലന്നു വിപണി വിലയിരുത്തുന്നു. ടാറ്റ സൺസ് പോലുള്ള ഒരു വമ്പൻ കമ്പനിയുടെ വാല്യുവേഷൻ നിശ്ചയിക്കുക അതീവ ശ്രമകരമായ ജോലിയാണ്. വാല്യുവേറ്റേഴ്സ് ആദ്യം ടാറ്റ സൺസ് നിക്ഷേപം നടത്തിയിട്ടുള്ള ലിസ്റ്റഡ് കമ്പനികളുടെ വാല്യുവേഷൻ നടത്തണം. അതിനുശേഷം ലിസ്റ്റ് ചെയ്തിട്ടില്ലാത്ത കമ്പനികളുടെ മൂല്യം കണ്ടെത്തണം. അതിനുശേഷം ലിസ്റ്റഡ് കമ്പനികളുടെയും അൺലിസ്റ്റഡ് കമ്പനികളുടെയും മൂല്യങ്ങളിൽ കിഴിവ് വരുത്തണം. ഇതെല്ലാം കഴിഞ്ഞിട്ടുവേണം ഐപിഒ വിപണിയിലെത്താൻ. ലിസ്റ്റിങ്ങിൽ ഉറച്ച് ആർബിഐ; ടാറ്റ സൺസിന് ഇന്ന് നിർണായകം മുംബൈ ∙ ടാറ്റ സൺസിനെ ലിസ്റ്റ് ചെയ്യണമെന്ന നിർദേശത്തിനെതിരെ ആരു കോടതിയെ സമീപിച്ചാലും റിസർവ് ബാങ്കിന് പറയാനുള്ളതു കൂടി കേൾക്കണമെന്ന് ആർബിഐ ബോംബെ ഹൈക്കോടതിയെ അറിയിച്ചിരിക്കെ, ടാറ്റാ സൺസിന്റെ നിർണായക ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗം ഇന്നു ചേരും. ടാറ്റ ട്രസ്റ്റ്സ് ചെയർമാൻ നോയൽ ടാറ്റയ്ക്ക് ഇപ്പോഴും ലിസ്റ്റിങ്ങിനോടു താൽപര്യമില്ല. അതേസമയം, ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്നതിന് ഉടൻ നടപടി സ്വീകരിക്കണമെന്ന് ടാറ്റ സൺസിനോട് കോർപറേറ്റ് ഗവേണൻസ് ഉപദേശക സ്ഥാപനമായ ഇൻഗവേൺ റിസർച്ച് സർവീസസ് നിർദേശിച്ചു. സ്വകാര്യ കമ്പനിയായി തുടരാൻ മറ്റ് വഴികളില്ലെന്നും അവർ ചൂണ്ടിക്കാട്ടി.


Fashion ⏭️

Back to top button