NEWS

മോശം പ്രകടനം: പകുതിയോളം എഐസിസി സെക്രട്ടറിമാർ തെറിക്കും; പുതിയ പട്ടിക ഉടൻ


ന്യൂഡൽഹി ∙ നിർണായക സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ കോൺഗ്രസിന് സംഘടനാ തലത്തിൽ പുതിയമുഖം നൽകുന്ന പ്രഖ്യാപനം വൈകാതെ വരും. എഐസിസി സെക്രട്ടറിമാർക്ക് വലിയ മാറ്റങ്ങളുണ്ടാകുമെന്നാണു നേതൃത്വം സൂചിപ്പിക്കുന്നത്. പ്രഖ്യാപനത്തിനു മുന്നോടിയായി നിലവിൽ സെക്രട്ടറിമാരായി പ്രവർത്തിക്കുന്നവരുടെ യോഗം ഹൈക്കമാൻഡ് വിളിച്ചു. മോശം പ്രകടനം കാഴ്ചവച്ചവർക്കു പദവി നഷ്ടപ്പെടുമെന്ന വ്യക്തമായ സന്ദേശം കൈമാറിയെന്നാണ് സൂചന. പകുതിയോളം പേർക്കെങ്കിലും മാറ്റമുണ്ടാകും.നിലവിൽ പാർട്ടിക്ക് 64 സെക്രട്ടറിമാരാണുള്ളത്. ഇതിൽ മികച്ച പ്രകടനം നടത്തിയ ചിലർക്ക് അടുത്തിടെ നിർണായക സംസ്ഥാനങ്ങളുടെ ചുമതല നൽകിയിരുന്നു. എഐസിസി സെക്രട്ടറിമാരുടെ പട്ടികയിലുള്ള പി.സി. വിഷ്ണുനാഥും റോജി എം. ജോണും സംസ്ഥാനത്ത് മന്ത്രിമാരായതിനാൽ പട്ടികയിൽ നിന്നു സ്വാഭാവികമായും ഒഴിവാകും. പുതിയ സെക്രട്ടറിമാരെ കണ്ടെത്തുന്നതിന് 160 പേരെ കഴിഞ്ഞയാഴ്ച ഡൽഹിയിലേക്കു വിളിപ്പിച്ച് അഭിമുഖം നടത്തിയിരുന്നു. കേരളത്തിലെ ഒരു മുൻ എംഎൽഎ ഉൾപ്പെടെ കൂടിക്കാഴ്ചയ്ക്ക് എത്തി. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, പ്രിയങ്ക ഗാന്ധി എന്നിവരാണ് അഭിമുഖം നടത്തിയത്.


Fashion ⏭️

Back to top button